
മലപ്പുറം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി ഒരു നാട് മുഴുവൻ ഒരേ മനസോടെ ഒറ്റക്കെട്ടായി അണി ചേർന്നു. അങ്ങനെ വലിയ മാതൃകയാവുകയാണ് മലപ്പുറം കരുവാരകുണ്ടിലെ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മ. സഹജീവികളുടെ കണ്ണീരൊപ്പാൻ ഒരു നാട് മുഴുവൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണിവിടെ. 46 യുവജന ക്ലബുകളുടെ കൂട്ടായ്മയായ കരുവാരക്കുണ്ട് ക്ലബ് അസോസിയേഷനാണ് സഹജീവികളുടെ കണ്ണീരൊപ്പാനുള്ള കേരളത്തിലെ ഏറ്റവും വലിയ ഭക്ഷണ ചലഞ്ചിന്റെ ചുക്കാൻ പിടിച്ചത്.
കരുവാരക്കുണ്ട് പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തന ഫണ്ട് കണ്ടെത്താനാണ് മന്തി ചലഞ്ച് സംഘടിപ്പിച്ചത്. രണ്ടു മാസം മുമ്പാണ് മന്തി ചലഞ്ച് പ്രഖ്യാപിച്ചത്. പ്രദേശത്തെ മുഴുവൻ വീടുകളിലും സർക്കാർ, ഇതര സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഭക്ഷണമെത്തിച്ച് 30 ലക്ഷം രൂപ സ്വരൂപിക്കുകയായിരുന്നു ലക്ഷ്യം. ഭക്ഷണം ആവശ്യമുള്ളവരിൽ നിന്ന് മുൻകൂട്ടി ബുക്കിങ് സ്വീകരിച്ച് മന്തി വീട്ടിൽ എത്തിച്ചു നൽകി. സമൂഹ മാധ്യമങ്ങളിലൂടെയും ഇതിനായി പ്രചാരം നൽകിയിരുന്നു. സംഗതി കേട്ടറിഞ്ഞതോടെ ഭക്ഷണം തയാറാക്കാനുള്ള അരി, മാംസം, വിറക് തുടങ്ങിയവ പ്രവാസികളും നാട്ടുകാരും ഒപ്പം നിരവധി സന്നദ്ധ സംഘടനകളും സംഭാവന ചെയ്യുകയായിരുന്നു.

മാമ്പുഴ പള്ളി ഓഡിറ്റോറിയം, പി ടി ബി ഓഡിറ്റോറിയം, തരിശ് മദ്റസഹാൾ, കണ്ണത്ത് മദ്റസഹാൾ, മഞ്ഞൾപാറ മജ്ലിസ് ഹാൾ എന്നിവിടങ്ങളിലായാണ് ഭക്ഷണം പാകം ചെയ്തത്. ഇതിന് 40 പാചക വിദഗ്ധർ നേതൃത്വം നൽകുകയും ചെയ്തു. പാചകം, പാക്കിങ്, ഭക്ഷണമെത്തിക്കൽ തുടങ്ങിയവക്ക് ആയിരം വളന്റിയർമാരാണ് ആവേശത്തോടെ സേവനത്തിനെത്തിയത്.
ജീവകാരുണ്യ ഫണ്ട് സമാഹരണത്തിന് ഒരു നാട് ഒരേ മനസ്സോടെ ഒറ്റക്കെട്ടായി മഹദ് മാതൃകയാവുകയാണിവിടെ. ക്ലബ് അസോസിയേഷൻ പ്രസിഡന്റ് ഇസ്മായിൽ കൈപുള്ളി, സെക്രട്ടറി പി കെ. കുഞ്ഞുട്ടി, പാലിയേറ്റിവ് കെയർ പ്രസിഡന്റ് പി എസ്. മുഹമ്മദ് സാദിഖ്, സെക്രട്ടറി ടി സി ഖമറുസ്മാൻ, ജാഫർ പുൽവെട്ട് എന്നിവരാണ് ചലഞ്ചിന് നേതൃത്വം നൽകിയത്. സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്തും സഹജീവി സ്നേഹത്തിന് അതിരില്ലാത്ത പിന്തുണ നൽകുകയാണ് കരുവാരകുണ്ടെന്ന നാടും നാട്ടുകാരും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]