മലയാള സിനിമ കാത്തിരുന്ന ആ ദിവസം ഇതാ എത്തിയിരിക്കുന്നു. മോളിവുഡിന്റെ ചരിത്രത്തിലെ ആദ്യ 300 കോടി ക്ലബ്ബ് ചിത്രമായി ലോക: ചാപ്റ്റര്‍ 1 ചന്ദ്ര.
41 ദിവസം കൊണ്ടാണ് ഒരു മലയാള സിനിമ ഇതുവരെയും കടന്നുചെല്ലാത്ത നേട്ടത്തിലേക്ക് ലോക എത്തിയിരിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് ആണ് ലോകയുടെ ചരിത്രനേട്ടം അറിയിച്ച് എത്തിയിരിക്കുന്നത്.
ദേശീയ മാധ്യമങ്ങളടക്കം ഇത് വാര്‍ത്തയാക്കിയിട്ടുമുണ്ട്. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്.
300 കോടിയില്‍ ഇന്ത്യന്‍ ഗ്രോസ് 180.78 കോടിയാണ്. നെറ്റ് 154.39 കോടിയും.
വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം നേടിയത് 119.3 കോടിയുമാണ്. പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ വലുതെന്തോ വരുന്നു എന്ന തോന്നല്‍ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിച്ചിരുന്നെങ്കിലും വലിയ പ്രീ റിലീസ് ഹൈപ്പ് അണിയറക്കാര്‍ ബോധപൂര്‍വ്വം നല്‍കാതിരുന്നു.
കാണിക്ക് ചിത്രം സമ്മാനിക്കുന്ന പുതുമയാര്‍ന്ന ലോകത്തെക്കുറിച്ച് മുന്‍ധാരണ സൃഷ്ടിക്കപ്പെടാതിരിക്കാനാവും ഈ തീരുമാനം. ആ തീരുമാനം ഏതായാലും വിജയിക്കുന്ന കാഴ്ചയായിരുന്നു റിലീസിന് ശേഷം.
റിലീസ് ദിനത്തില്‍ തന്നെ ചിത്രം ഒരു മസ്റ്റ് വാച്ച് എന്ന് അഭിപ്രായം നേടി. പിന്നീടിങ്ങോട്ട് ബോക്സ് ഓഫീസില്‍ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല ചിത്രത്തിന്.
മലയാളത്തില്‍ ഒരു പുതിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിക്ക് തുടക്കമിട്ട ദുല്‍ഖര്‍ സല്‍മാനും നിര്‍മ്മാതാവ് ഡൊമിനിക് അരുണും ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗത്തിലെ ടൈറ്റില്‍ റോളിലെത്തിയ കല്യാണിയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും സംഗീത സംവിധായകന് ജേക്സ് ബിജോയ്യും ഒക്കെ അടങ്ങുന്ന മുഴുവന്‍ ലോക ടീമിനും അവകാശപ്പെട്ടതാണ് ലോകയുടെ ഈ മഹാവിജയം.
30 കോടി ബജറ്റിലാണ് ചന്ദ്ര ഒരുങ്ങിയതെന്ന് കേള്‍ക്കുമ്പോള്‍ ഈ 300 കോടി വിജയത്തിന്റെ പകിട്ട് മനസിലാക്കാവുന്നതേയുള്ളൂ. മറുഭാഷാ പ്രേക്ഷകരിലേക്കും ചിത്രത്തിന് എത്താനായി എന്നതും അവിടങ്ങളിലും മികച്ച കളക്ഷന്‍ നേടാനായി എന്നതും ഈ വിജയത്തെ വേറിട്ട
ഒന്നാക്കുന്നു. ആദ്യ അധ്യായമായ ചന്ദ്രയുടെ തുടര്‍ച്ചയായി ലോകയിലെ തുടര്‍ ഭാഗങ്ങള്‍ ഇനി വരാനിരിക്കുന്നു.
ആദ്യ ഭാഗത്തില്‍ കണ്ട ടൊവിനോയുടെ ചാത്തനും ദുല്‍ഖറിന്റെ ഒടിയനും മമ്മൂട്ടിയുടെ മൂത്തോനുമൊക്കെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഇനിയും വ്യത്യസ്ത ചിത്രങ്ങളായി എത്തും.
ലോക ഫ്രാഞ്ചൈസിയിലെ ഏറ്റവും ചെറിയ ചിത്രമാണ് ആദ്യ ഭാഗമായ ചന്ദ്ര എന്നാണ് സംവിധായകന് ഡൊമിനിക് അരുണ്‍ പറഞ്ഞിട്ടുള്ളത്. അടുത്ത ഭാഗത്തിന്റെ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]