തൃശൂർ: ട്രെയിൻ യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് യഥാസമയം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ദാരുണാന്ത്യം.
ചാലക്കുടി മാരാംകോട് സ്വദേശിയായ ശ്രീജിത്ത് (26) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മുംബൈ – എറണാകുളം ഓഖ എക്സ്പ്രസിലായിരുന്നു സംഭവം.
തൃശ്ശൂരിലേക്കുള്ള യാത്രാമധ്യേ, ഷൊർണ്ണൂർ പിന്നിട്ടതിന് പിന്നാലെ ശ്രീജിത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരം ടിടിഇയെ അറിയിച്ചെങ്കിലും തൊട്ടടുത്തുള്ള വള്ളത്തോൾ നഗർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയില്ല.
തുടർന്ന് മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ശ്രീജിത്തിനെ ഇറക്കി. എന്നാൽ ആംബുലൻസ് എത്താൻ വൈകിയതോടെ ഏകദേശം അരമണിക്കൂറോളം യുവാവിന് പ്ലാറ്റ്ഫോമിൽ തന്നെ കഴിയേണ്ടി വന്നു.
പിന്നീട് ആംബുലൻസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിയന്തര സഹായത്തിനായി ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെട്ടിരുന്നെങ്കിലും യഥാസമയം ആംബുലൻസ് സേവനം ലഭിക്കാത്തതാണ് ശ്രീജിത്തിൻ്റെ മരണത്തിലേക്ക് നയിച്ചത്.
ചാലക്കുടി മാരാംകോട് മുണ്ടോപ്പള്ളി സുബ്രൻ്റെ മകനാണ് മരിച്ച ശ്രീജിത്ത്. ആംബുലന്സ് സൗകര്യം ഒരുക്കിയില്ല മുളങ്കുന്നത്തുകാവ് സ്റ്റേഷനിൽ ഇറക്കിയ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാൻ റെയിൽവേ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.
വിവരം മുൻകൂട്ടി അറിയിച്ചിട്ടും ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്നും ബന്ധുക്കൾ പറയുന്നു. ഏകദേശം അരമണിക്കൂർ വൈകിയാണ് ആംബുലൻസ് എത്തിയത്.
ഈ സമയത്തിനുള്ളിൽ ശ്രീജിത്തിൻ്റെ നില വഷളാവുകയും പ്ലാറ്റ്ഫോമിൽ വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. കൃത്യസമയത്ത് ആംബുലൻസ് എത്തിച്ചിരുന്നെങ്കിൽ ശ്രീജിത്തിൻ്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും കുടുംബം വിശ്വസിക്കുന്നു.
“യഥാസമയം ആംബുലൻസ് സഹായം കിട്ടിയിരുന്നെങ്കിൽ ഞങ്ങളുടെ മകൻ രക്ഷപ്പെടുമായിരുന്നു. ഞങ്ങൾ പരാതിക്ക് പോകുന്നില്ല, പക്ഷേ ഇങ്ങനെയൊരു ദുരനുഭവം മറ്റാർക്കും ഉണ്ടാകരുത്”, ശ്രീജിത്തിൻ്റെ മാതാപിതാക്കൾ പറഞ്ഞു.
ആയുർവേദ തെറാപ്പിസ്റ്റായ ശ്രീജിത്തിൻ്റെ സംസ്കാര ചടങ്ങുകൾ നടന്നു. ഉഷയാണ് അമ്മ.
ശ്രീജിഷ് സഹോദരനാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]