
.news-body p a {width: auto;float: none;}
കുന്നംകുളം: നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലെ പൈപ്പ് ടാപ്പും ഇരുമ്പ് സാധനങ്ങളും മോഷണം പോയ സംഭവത്തിൽ മോഷ്ടാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ മുള്ളൂർക്കര പടിഞ്ഞാറേതിൽ സന്തോഷിനെയാണ് (37) സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന ചാക്കിൽ സ്ക്രൂ ഡ്രൈവറടക്കമുള്ള മോഷണ ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തു.
ഒരു മാസം മുമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കുള്ള കുടിവെള്ള പൈപ്പിന്റെ സ്റ്റീൽ ടാപ്പുകൾ പട്ടാപ്പകൽ മോഷ്ടിച്ചിരുന്നു. ദൃശ്യം സ്കൂളിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ആയിരക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച കുടിവെള്ള ടാപ്പാണ് മോഷണം പോയത്. മാദ്ധ്യമങ്ങളിൽ മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രദർശിപ്പിച്ചെങ്കിലും മോഷ്ടാവിനെ പിടികൂടാൻ പൊലീസിനായില്ല.
പിന്നീട് ഗവ. ബോയ്സ് സ്കൂളിൽ നിന്നും ശുചിമുറിയിൽ നിന്നും ടാപ്പുകൾ മോഷണം പോയിരുന്നു. പൊലീസിന്റെ നിസംഗതയിൽ അദ്ധ്യാപകരും ജീവനക്കാരും പ്രതിഷേധത്തിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ബാറിൽ നിന്നും ഇറങ്ങിവരുന്ന പ്രതിയെ കണ്ട് സംശയം തോന്നി പരിശോധിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മോഷണക്കുറ്റം സമ്മതിച്ചത്. മോഷ്ടാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]