
ബെംഗളുരു: 15വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ഉപയോഗിച്ച് രണ്ടാനച്ഛൻ മോഷ്ടിച്ചത് 40 സൈക്കിളുകൾ. ബെംഗളൂരുവിലാണ് സംഭവം. റായ്ച്ചൂർ സ്വദേശിയായ 24കാരനായ മൊഹമ്മദ് ഫായസുദ്ദീനാണ് 15കാരിയെ ഉപയോഗിച്ച് സൈക്കിളുകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്നത്. ബേഗൂർ കൊപ്പ റോഡിലെ ഹുല്ലാഹള്ളി ഭാഗത്ത് ദിവസ വേതനക്കാരനാണ് ഇയാൾ.
കടക്കെണിയിലായതോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് മോഷണം ആരംഭിച്ചത്. സൌത്ത് ബെംഗളൂരുവിൽ നിന്നായി ഇവർ മോഷ്ടിച്ച 22 സൈക്കിളുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്യ ഈ വർഷം ആദ്യമാണ് ഇവർ സൈക്കിൾ മോഷണം ആരംഭിച്ചത്. പുത്തൻ സൈക്കിൾ മോഷണം പോയതിന് പിന്നാലെ ബെംഗളൂരു സ്വദേശി നൽകിയ പരാതിയേ തുടർന്നുള്ള അന്വേഷണത്തിലാണ് രണ്ടാനച്ഛനും 15കാരിയും പിടിയിലാകുന്നത്. മാളുകളും ഫ്ലാറ്റുകളുടെ പരിസരത്തുമായി നിർത്തിയിട്ടിരുന്ന സൈക്കിളുകൾ വളരെ തന്ത്രപരമായി ആയിരുന്നു ഇവർ മോഷ്ടിച്ചിരുന്നത്. മിക്കയിടത്തും സിസിടിവികളിൽ നിന്ന് 15കാരിയുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലോക്ക് ചെയ്യാത്ത സൈക്കിളുകൾ രണ്ടാനച്ഛനൊപ്പം സ്കൂട്ടറിൽ ചുറ്റി നടന്ന് കണ്ടെത്തി മോഷ്ടിക്കുന്നതായിരുന്നു ഇവരുടെ രീതി.
15കാരി സൈക്കിൾ മോഷ്ടിച്ചുകൊണ്ട് വരുമ്പോൾ ഫയാസുദ്ദീൻ മോട്ടോർ സൈക്കിളിൽ വഴി പറഞ്ഞുകൊടുത്ത് പെൺകുട്ടിക്ക് മുന്നിലും പിന്നിലുമായി പോകും. മോഷണം കഴിഞ്ഞ ശേഷം സിസിടിവി ദൃശ്യങ്ങളിൽ സൈക്കിളുമായി പോകുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ വിരളമായാണ് ലഭിച്ചത്. സിസിടിവികൾ ഇല്ലാത്ത റോഡുകളേക്കുറിച്ച് രണ്ടാനച്ഛൻ കൃത്യമായി പഠിച്ച ശേഷമായിരുന്നു മോഷണത്തിന് ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. സെക്കൻഡ് ഹാൻഡ് സൈക്കിൾ എന്ന നിലയിൽ പലർക്കായാണ് ഇയാൾ സൈക്കിൾ വിറ്റിരുന്നത്. പതിനായിരം രൂപയ്ക്ക് വരെ സൈക്കിൾ വിറ്റതായാണ് പൊലീസ് നൽകുന്ന വിവരം.
റായ്ച്ചൂറിൽ നിന്ന് ബെംഗളൂരുവിലെത്തിയപ്പോൾ പരിചയപ്പെട്ട ഭർത്താവിനോട് പിണങ്ങി താമസിക്കുന്ന 30 കാരിക്കൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ഇവരുടെ മകളെയാണ് ഇയാൾ മോഷണത്തിന് ഉപയോഗിച്ചത്. പെൺകുട്ടി സ്കൂളിൽ പോയിരുന്നില്ല. 30കാരിയിൽ ഇയാൾക്ക് ഒന്നര വയസുള്ള ഒരു മകനുമുണ്ട്. സെപ്തംബർ 24ന് ഇവർ മോഷ്ടിച്ച സൈക്കിളിനുടമയായ 9 വയസുകാരൻ പരാതി നൽകിയതാണ് ഇവർ പിടിയിലാകാൻ കാരണമായത്. ഏറെ ആഗ്രഹിച്ച് കിട്ടിയ സൈക്കിൾ ആയതിനാൽ വലിയ രീതിയിൽ ബാധിക്കപ്പെട്ട നിലയിലായിരുന്നു 9 വയസുകാരൻ പൊലീസ് സഹായം തേടിയത്.
കുട്ടികളുടെ നീന്തൽക്കുളങ്ങൾ, സ്കേറ്റിംഗ് സോണുകൾ, പാർക്കുകൾ, ട്യൂഷൻ സെന്ററുകൾ, അപാർട്ട്മെന്റുകൾ എന്നിവയുടെ സമീപത്ത് നിന്നാണ് ഇവർ സൈക്കിളുകൾ മോഷ്ടിച്ചിരുന്നത്. ഒരാൾക്കെന്ന രീതിയിൽ സൈക്കിളുകൾ വിൽപന നടന്നിട്ടില്ലാത്തതിനാൽ സൈക്കിൾ വിറ്റവരെ മുൻപരിചയം ഇല്ലാത്തതിനാലും കണ്ടെത്തിയ പല സൈക്കിളുകളും മോഷണം പോയെന്ന പരാതി ഇല്ലാത്തതിനാലും പ്രതിയെ കണ്ടെത്തിയെങ്കിലും ആകെ വലഞ്ഞ അവസ്ഥയിലാണ് പൊലീസുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]