
തിരുവനന്തപുരം: എവിടെ പോയാലും വീട്ടിലെ ഫൈബർ-ടു-ദി-ഹോം (FTTH) വൈഫൈ കണക്ഷന് ഫോണില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ‘സര്‍വ്വത്ര’ വൈഫൈ പദ്ധതി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ കേരളത്തിലേക്കും കൊണ്ടുവരുന്നു. വീട്ടില്‍ ബിഎസ്എന്‍എല്‍ വൈഫൈ കണക്ഷന് ഉള്ളവര്‍ക്ക് വീടിന് പുറത്തുപോയാലും വൈഫൈ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് സര്‍വ്വത്ര എന്ന പേരില്‍ അറിയപ്പെടുന്നത്.
റേഞ്ചില്ല, നെറ്റില്ല എന്ന പരാതി ഇനി വേണ്ട
എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് ഫോണില്‍ നോക്കുമ്പോള്‍ റേഞ്ചും ഇന്റര്‍നെറ്റും ഇല്ല എന്ന പരാതി പലര്‍ക്കുമുള്ളതാണ്. വീട്ടില്‍ ബിഎസ്എന്‍എല്‍ വൈഫൈ കണക്ഷന് ഉള്ളവര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ വൈഫൈ റോമിംഗ് സംവിധാനം വഴി എവിടെയിരുന്നും വീട്ടിലെ വൈഫൈ ഫോണില്‍ ഉപയോഗിക്കാം എന്നതാണ് ‘സര്‍വ്വത്ര’ എന്ന ബിഎസ്എന്‍എല്‍ പദ്ധതിയുടെ പ്രത്യേകത. അതായത്, നിങ്ങളുടെ വീട് തിരുവനന്തപുരത്താണ് എന്ന് സങ്കല്പിക്കുക. നിങ്ങള്‍ മറ്റേത് ജില്ലയില്‍ പോയാലും വീട്ടിലെ ബിഎസ്എന്‍എല്‍ വൈഫൈ കണക്ഷന് അവിടെ വച്ച് ഫോണില്‍ ഉപയോഗിക്കാന്‍ കഴിയും. ബിഎസ്എന്‍എല്ലിന്റെ സര്‍വ്വത്ര എന്ന സംവിധാനം ഉപയോഗിച്ചാണ് വീട്ടിലെ വൈഫൈ കണക്ഷന് ഫോണില്‍ ഇന്ത്യയിലെവിടെയും ലഭിക്കുക.
എങ്ങനെ ഇത് സാധ്യമാകുന്നു?
എങ്ങനെയാണ് വീട്ടിലെ വൈഫൈ കണക്ഷന് മറ്റെവിടെയിരുന്നും ഉപയോഗിക്കാന്‍ കഴിയുക എന്ന് നോക്കാം. സര്‍വ്വത്ര സംവിധാനം ലഭിക്കാന്‍ നിങ്ങള്‍ ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ ശ്രമിക്കുന്ന സ്ഥലത്തും ബിഎസ്എന്‍എല്ലിന്റെ വൈഫൈ കണക്ഷന് ഉണ്ടാകേണ്ടതുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സുഖമായി ഇത്തരത്തില്‍ ബിഎസ്എന്‍എല്ലിന്റെ സര്‍വ്വത്ര വൈഫൈ ഉപയോഗിക്കാന്‍ കഴിയും. നിങ്ങളൊരു റെയില്‍വേ സ്റ്റേഷനിലാണെങ്കില്‍ അവിടുത്തെ വൈഫൈയുമായി വീട്ടിലെ വൈഫൈ ബന്ധിപ്പിച്ചാണ് ഫോണില്‍ ഇന്റര്‍നെറ്റ് ലഭ്യമാവുക. ഇന്ത്യയിലുനീളം FTTH ശ്യംഖലയുള്ളത് ബിഎസ്എന്‍എല്ലിന്റെ സര്‍വ്വത്ര പദ്ധതിക്ക് ഗുണകരമാകും.
BSNL Presents Sarvatra WiFi – Take Your Home Internet to anywhere you go…#BSNLFTTH #bsnl4g pic.twitter.com/WndD4M4gnl
— BSNL_Kerala (@BSNL_KL) October 7, 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]