
അതിവേഗത്തിൽ മാറ്റങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. സോഷ്യൽ മീഡിയകൾ വളരെ സജീവമായ ഈ കാലത്ത് പലതരം പുതിയ ട്രെൻഡുകളും നമുക്ക് കാണാൻ സാധിക്കും. അതിൽ സമീപകാലത്ത് ചർച്ചയായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ‘സ്നെയിൽ ഗേൾ ഇറ’ (snail girl era). കരിയറിലും മറ്റുമുള്ള വിജയത്തിന് മുകളിലായി തങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും പ്രാധാന്യം നൽകുന്നവരുടെ യുഗം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
‘സ്നെയിൽ ഗേൾ’ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് ഡിസൈനറും ‘ഹലോ സിസി’യുടെ സ്ഥാപകയുമായ സിയന്ന ലുഡ്ബെയാണ്. ഫാഷൻ ജേർണലിനായി സെപ്തംബറിൽ എഴുതിയ ലേഖനത്തിലാണ്, ‘സ്നെയിൽ ഗേൾ ഇറ’ യെ കുറിച്ച് ഇവർ പരാമർശിക്കുന്നത്. വളരെ തിരക്കുള്ള ജീവിതത്തിൽ നിന്നും മാറി എന്തുകൊണ്ടാണ് താൻ സന്തോഷത്തെ തിരഞ്ഞെടുക്കുന്നത് എന്നതിനെ കുറിച്ചായിരുന്നു ലുഡ്ബെ പറഞ്ഞത്. തന്നിലുണ്ടായിരുന്ന ’ഗേൾ ബോസ്’ മരിക്കുകയും ‘സ്നെയിൽ ഗേൾ’ പിറക്കുകയും ചെയ്തു എന്നായിരുന്നു ലുഡ്ബെയുടെ പരാമർശം.
വർഷങ്ങളോളം സ്ത്രീകൾ ജോലി സ്ഥലങ്ങളിലും പുരുഷാധിപത്യം നിറഞ്ഞ ഇടങ്ങളിലും അവർക്കൊപ്പമെത്താൻ പോരാടുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വീട്ടിലെയും ജോലി സ്ഥലങ്ങളിലെയും പുരുഷാധിപത്യത്തിനെതിരെ പോരാടി തങ്ങൾ തളർന്നു എന്നാണ് മിക്കവരുടെയും അഭിപ്രായം. അതിനാൽ തന്നെ അതെല്ലാം നിർത്തിവച്ച് അവരവർക്ക് സന്തോഷം നൽകുന്നതെന്താണോ അതിന് വേണ്ടി സമയം കണ്ടെത്തുക മറ്റെല്ലാം ഉപേക്ഷിക്കുക എന്ന നിലയിലേക്കാണ് പുതുതലമുറ മാറിക്കൊണ്ടിരിക്കുന്നത് എന്നാണ് പറയുന്നത്.
ഇതിന്റെ ഭാഗമായിട്ടുള്ള മറ്റൊരു ടിക്ടോക്ക് ട്രെൻഡാണ് ‘ലേസി ഗേൾ ജോബ്’. അധികം കഷ്ടപ്പാടുകളൊന്നുമില്ലാത്ത എന്നാൽ, മോശമല്ലാത്ത വരുമാനം കിട്ടുന്ന ജോലികളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത്, നാം കാണുന്ന വീഡിയോകൾ ഒക്കെ തന്നെ. രാവിലെ എഴുന്നേറ്റ് തന്റെ ദിനചര്യയെ കുറിച്ച് വിവരിക്കുക, കുട്ടികളുടെയും പെറ്റുകളുടെയും വീഡിയോകൾ പങ്കിടുക, സ്കിൻ കെയർ റുട്ടീൻ വീഡിയോകൾ പങ്കിടുക എന്നതെല്ലാം അതിൽ പെടുന്നു.
എന്നാൽ, ഇത് ദീർഘകാലത്തേക്ക് നിലനിൽക്കുന്നതല്ല എന്നും സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് എന്നും വിലയിരുത്തലുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]