വാഷിംഗ്ടൺ: റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധം ഏർപ്പെടുത്താൻ തന്റെ ഭരണകൂടം തയ്യാറാണെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ന്യൂയോർക്കിലെ യുഎസ് ഓപ്പണിനായി പുറപ്പെടുന്നതിന് മുൻപ് വൈറ്റ് ഹൗസിന് പുറത്ത് വെച്ച് ഒരു റിപ്പോർട്ടർ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. റഷ്യക്കെതിരെ അടുത്ത ഘട്ട
ഉപരോധങ്ങൾക്കായി നിങ്ങൾ തയ്യാറാണോ? എന്നാണ് റിപ്പോർട്ടർ ചോദിച്ചത്. “അതെ, ഞാൻ തയ്യാറാണ്” എന്ന് ട്രംപ് മറുപടി നൽകുകയായിരുന്നു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക് കൂടുതൽ താരിഫ് ആലോചിക്കുമോയെന്ന ചോദ്യത്തിനും അതെ എന്നായിരുന്നു ട്രംപിന്റെ ഉത്തരം. ഇന്ത്യയുമായി നല്ല ബന്ധം ഉണ്ടാകും എന്ന് പ്രസിഡന്റ് പറഞ്ഞ ശേഷവും ട്രംപിന്റെ വിശ്വസ്തർ ഭീഷണി തുടർന്നിരുന്നു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞതിനോട് യോജിക്കുകയാണ് ട്രംപ് ഇപ്പോൾ ചെയ്തിട്ടുള്ളത്. യുദ്ധം നിർത്താൻ ഉപരോധം വഴി റഷ്യൻ സമ്പദ് വ്യവസ്ഥ തകർക്കണമെന്നും യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞിരുന്നു.
മോസ്കോയ്ക്കും റഷ്യയുമായി വ്യാപാരം ചെയ്യുന്ന എല്ലാ രാജ്യങ്ങൾക്കും മേൽ സമ്മർദ്ദം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം യുക്രൈനിയൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി വ്യാഴാഴ്ച സൂചിപ്പിച്ചിരുന്നു. റഷ്യൻ സമ്പദ്വ്യവസ്ഥ സമ്മർദ്ദത്തിലാണ്, റഷ്യയുമായി വ്യാപാരം ചെയ്യുന്ന എല്ലാ രാജ്യങ്ങളും സമ്മർദ്ദത്തിലാണ്, ഞങ്ങൾ ഇത് തുടരും എന്നാണ് സെലെൻസ്കി പറഞ്ഞത്.
സെക്കൻഡറി ഉപരോധങ്ങളും പ്രത്യേക വ്യാപാര താരിഫുകളും ഇതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാന ചർച്ചകളിൽ പുരോഗതിയില്ലാത്തതിൽ ട്രംപ് അതൃപ്തനാണെന്നും റഷ്യൻ, യുക്രൈനിയൻ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നതിൽ എത്രത്തോളം ഇടപെടണമെന്ന് അദ്ദേഹം ആലോചിക്കുകയാണെന്നും സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]