വിവാദങ്ങൾ തുടർക്കഥയായിരിക്കെ എഡിജിപി എം ആർ അജിത്കുമാർ അവധിയിലേക്ക്. നാല് ദിവസമാണ് എഡിജിപി അവധി. വ്യക്തിപരമായ ആവശ്യങ്ങൾക്കായി മുൻകൂർ അവധി അപേക്ഷ നൽകിയിരുന്നു. വിവാദങ്ങൾ ഉണ്ടാകുന്നതിന് മുൻപ് നൽകിയ അപേക്ഷയിലാണ് എഡിജിപി അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.
ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതടക്കമുള്ള കാര്യങ്ങൾ വലിയ വിവാദത്തിനാണ് വഴി വെച്ചിരുന്നത്. ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന എഡിജിപി എം ആർ അജിത് കുമാറിന്റെ കുറ്റസമ്മതം രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. തൃശ്ശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ വഴിയൊരുക്കിയെന്നും, ഇഡി കേസുകൾ ഇല്ലാതാക്കാൻ നടത്തിയ ഡീൽ ആയിരുന്നു കൂടിക്കാഴ്ച എന്നുമാണ് ആക്ഷേപം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസ് തിരക്കിയപ്പോഴാണ് എഡിജിപി എം ആർ അജിത്കുമാർ കൂടിക്കാഴ്ച സമ്മതിച്ചത്. സ്വകാര്യ സന്ദർശനമായിരുന്നുവെന്നാണ് വിശദീകരണം. ആർഎസ്എസ് പോഷക സംഘടനയായ വിജ്ഞാന ഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹി ഓടിച്ച വാഹനത്തിലാണ് എഡിജിപി ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്. ഇക്കാര്യം സ്പെഷ്യൽ ബ്രാഞ്ച് ഡിജിപിയേയും,ഇന്റലിജൻസ് മേധാവിയെയും സർക്കാറിനേയും അന്നേ അറിയിച്ചുവെന്നാണ് വിവരം.
ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്താൻ എഡിജിപി സ്വകാര്യ വാഹനത്തിൽ പോയത് അറിഞ്ഞിട്ടും വിഷയത്തിൽ സർക്കാർ കണ്ണടച്ചെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത്. 2023 മെയ് 22ന് കൂടിക്കാഴ്ച നടന്നെന്നായിരുന്നു തിരുവനന്തപുരത്ത് വാർത്താ സമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നത്.
Story Highlights : ADGP MR Ajith Kumar on leave for four days
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]