
തൃശൂർ: ലോക്സഭ തെരെഞ്ഞെടുപ്പിൽ ബി ജെ പിക്ക് അക്കൗണ്ട് തുറക്കാൻ ആർ എസ് എസ് നേതൃത്വവുമായി രഹസ്യബാന്ധവമുണ്ടാക്കിയ മുഖ്യമന്ത്രിയുടെ നടപടിയിൽ സി പി എം കേന്ദ്ര നേതൃത്വം മറുപടി പറയണമെന്ന് കെ പി സി സി വർക്കിംങ്ങ് പ്രസിഡന്റ് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. ആർ എസ് എസ് നേതാവ് റാം മാധവിനെ തൃശൂരിലെത്തി എ ഡി ജി പി കണ്ടത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു. ബി ജെ പിക്ക് തൃശൂരിൽ ജയിക്കാൻ സൗകര്യമൊരുകണമെന്നും, തൃശൂർ പൂരം അലങ്കോലമാക്കി ഹൈന്ദവ വികാരം കത്തിച്ച് ബി ജെ പി സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കണമെന്ന ആർ എസ്എസ് ആവശ്യം കമ്മീഷണറെ മുന്നിൽ നിർത്തി തൃശൂർപൂരം അലങ്കോലമാക്കി എ ഡി ജിപി സാധ്യമാക്കി കൊടുത്തെന്നും പ്രതാപൻ അഭിപ്രായപ്പെട്ടു.
ഇതിന് പ്രത്യുപകരമായി കരുവന്നൂർ ബാങ്ക് അഴിമതി അനേഷണവും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേരിലുള്ള ഇഡി അനേഷണവും കേന്ദ്രസർക്കാർ അട്ടിമറിച്ചു. തിരഞ്ഞെടുപ്പ്കാലത്ത് ഇ ഡിയുടെ കരുവന്നൂർ അന്വേഷണ നാടകം സജീവമായിരുന്നുവെന്നും പ്രതാപൻ ചൂണ്ടികാട്ടി. തിരഞ്ഞെടുപ്പിന് ശേഷം കരുവന്നൂർ അന്വേഷണം എവിടെയെന്ന് കേന്ദ്രസർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുരക്ഷാവലയത്തെ ഒഴിവാക്കി മുഖ്യമന്ത്രി തന്നെ തൃശൂരിൽ നേരിട്ടെത്തി ജില്ലയിലെ തന്റെ ഇഷ്ടക്കാരായ ജില്ലാ നേതൃത്വത്തെ കൊണ്ട് സി പി എം കേഡർ വോട്ടുകൾ ബി ജെ പിക്ക് നൽക്കാൻ മുഖ്യമന്ത്രി നേതൃത്വം നൽകിയിരുന്നു. ഇത് സി പി എം കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണോ എന്ന് സി പി എം വ്യക്തമാക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു. സംഘപരിവാറിന് വേണ്ടി കോൺഗ്രസിനും ,മത ന്യൂനപക്ഷങ്ങൾക്കെതിരെയും കുപ്രചരണം നടത്തുന്ന മറുനാടൻ മലയാളി ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ച എ ഡി ജി പി നിലപാട് ആർ എസ് എസ് നിർദ്ദേശപ്രകാരമായിരുന്നു. വർഗീയ വാദികളെ സംരക്ഷിക്കുന്ന നിലപാടിലേക്ക് അഭ്യന്തരവകുപ്പ് അധഃപതിച്ചെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.
അതേസമയം തൃശ്ശൂർ പൂരം കലക്കിയതിൽ ജ്യൂഡിഷൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തെ കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. എ ഡി ജി പി എം.ആർ അജിത്ത് കുമാറിൻ്റെ ആർ എസ് എസ് കൂടിക്കാഴ്ചക്ക് പൂരം കലക്കിയതുമായി ബന്ധമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട തറവാടക 35 ലക്ഷത്തിൽ നിന്ന് 2 കോടി രൂപയാക്കി മാറ്റിയത്. അന്ന് ടി എൻ പ്രതാപൻ എം പി ഉപവാസം നടത്തിയപ്പോൾ താനാണ് അത് ഉദ്ഘാടനം ചെയ്തതെന്നും മുഖ്യമന്ത്രി ഇടപെട്ട് പിന്നീട് തറവാടക 45 ലക്ഷമാക്കി കുറച്ചെന്നും മുരളീധരൻ ചൂണ്ടികാട്ടി. തൃശ്ശൂർ പൂരം കലക്കാൻ വളരെ മുൻപ് തന്നെ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആർ എസ് എസ് നേതാവിനെ കാണാൻ എം.ആർ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരിൽ ബി ജെ പിയെ ജയിപ്പിക്കാനും തനിക്ക് എതിരായ കേസിൽ രക്ഷപെടാനുമാണ് മുഖ്യമന്ത്രി അജിത്ത് കുമാറിനെ പറഞ്ഞ് അയച്ചതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]