
ഗാസിയാബാദ്: വിനോദ സഞ്ചാരികളെയും ഓഫീസ് ജീവനക്കാരെയും കയറ്റുന്ന ഒരു ട്രാവലർ, പുറമേ നിന്ന് നോക്കുമ്പോൾ അത് മാത്രമേ തോന്നുകയുള്ളൂ. എന്നാൽ, വമ്പൻ തട്ടിപ്പ് നടത്തിയിരുന്ന ഒരു കോൾ സെന്ററാണ് ഈ ട്രാവലറിന് ഉള്ളിൽ പ്രവർത്തിച്ചിരുന്നതെന്ന് അറിഞ്ഞതോടെ നാടും പൊലീസുമെല്ലാം ഒരുപോലെ ഞെട്ടി. ഫോൺ വഴി ബന്ധപ്പെട്ട് ക്രെഡിറ്റ് കാർഡ് റിവാർഡുകൾ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് ഈ സംഘം തട്ടിയെടുത്തത്. മൂന്ന് പേരെയാണ് സംഭവത്തിൽ അറസ്റ്റിൽ ചെയ്തിട്ടുള്ളത്. അതിൽ ഒരാൾ മലയാളിയാണ്.
ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഹെഡ്ഫോണുകൾ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ ലിസ്റ്റ് എന്നിവയും പിടിച്ചെടുത്തു. ഗാസിയാബാദ് ഇന്ദിരാപുരത്ത് ഗ്രീൻ ബെൽറ്റിന് സമീപം പാർക്ക് ചെയ്തിരിക്കുന്ന ഒരു ഫോഴ്സ് ട്രാവലർ ബസിനെക്കുറിച്ച് പൊലീസിന് സൂചന ലഭിക്കുകയായിരുന്നു. പൊലീസെത്തി ട്രാവലറിന്റെ വാതിൽ തുറന്നപ്പോൾ കോൾ സെന്റർ നടത്തുന്ന മൂന്ന് പേരെ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശി സുശാന്ത് കുമാർ (30), തില മോഡിൽ നിന്നുള്ള സണ്ണി കശ്യപ് (20), ലോണി ബോർഡർ സ്വദേശി അമൻ ഗോസ്വാമി (24) എന്നിവരാണ് അറസ്റ്റിലായത്.
ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ വിളിക്കുകയും റിവാർഡുകൾ വാഗ്ദാനം ചെയ്യുകയുമാണ് ഇവർ ചെയ്തിരുന്നത്. ഒരു ലിങ്ക് മെസേജ് ആയി അയച്ച് നൽകും. ലിങ്കിൽ ക്ലിക്ക് ചെയ്ത് കാർഡ് നമ്പറുകളും മറ്റ് വിശദാംശങ്ങളും നൽകാനാണ് ആളുകളോട് പറയുക. ഇങ്ങനെ ചെയ്ത് വരുമ്പോൾ ഒരു ഒടിപി ലഭിക്കും. അത് പങ്കിട്ടാൽ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകും. ഈ രീതി ഉഫയോഗിച്ച് ഇവർ നിരവധി പേരിൽ നിന്ന് പണം തട്ടിയെന്ന് പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]