താനൂർ : താനൂർ ഫിഷറീസ് സ്കൂൾ സ്പോർട്ട്സ് സ്കൂളാക്കി സർക്കാർ ഉത്തരവായി. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഫിഷറീസ് സ്കൂൾ സ്പോർട്സ് സ്കൂൾ ആക്കുന്നതോടെ ഈ മേഖലയിലുള്ള വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം വിവിധ കായിക ഇനങ്ങളിൽ പ്രാവിണ്യം നേടിയ ടീമുകളെ വാർത്തെടുക്കാനും കഴിയും.
വിദ്യാർത്ഥികൾക്ക് വിവിധ അത്ലറ്റിക്സ് ഇനങ്ങളിലും ആയോധന കലകളിലും പരിശീലനം നൽകും. ഇതിനായി പുരുഷ വനിതാ കോച്ചുമാരെ നിയമിക്കും. പെൺകുട്ടികൾക്ക് ജൂഡോ വുഷു എന്നീ ഇനങ്ങളിൽ പരിശീലനം നൽകും. ഫിഷറീസ് സ്കൂൾ സ്പോർട്സ് സ്കൂളാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള സ്റ്റേഡിയത്തിന്റെ നിലവാരം ഉയർത്തും. കൂടാതെ ബാസ്കറ്റ് ബോൾ വോളി ബോൾ, ബാഡ്മിന്റൺ കോർട്ടുകളും നിർമ്മിക്കും.
സ്കൂളിന്റെ ഭരണ നിയന്ത്രണം നിലവിലുള്ളത് പോലെ മത്സ്യബന്ധന വകുപ്പിൽ തന്നെ നിലനിർത്തിക്കൊണ്ടാണ് സ്പോർട്സ് സ്കൂളാക്കി ഉയർത്തിയിട്ടുള്ളത്. സ്കൂളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടപ്പാക്കാൻ നിർദ്ദേശം നൽകിയതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.