
ക്രൈസ്റ്റ് ചർച്ച്: അസുഖബാധിതയാണെന്ന് അഭിനയിക്കുകയാണെന്ന് ഡോക്ടർമാർ ആരോപിച്ച 33കാരി അവസാനം മരണത്തിന് കീഴടങ്ങി. ന്യൂസിലാൻഡിലാണ് സംഭവം. സ്റ്റെഫാനി ആസ്റ്റൺ (33) എന്ന യുവതിയാണ് മരിച്ചത്. അസുഖം അഭിനയിക്കുകയാണെന്ന് ആരോപിച്ച് കൃത്യമായ ചികിത്സ നിഷേധിക്കുകയും മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എഹ്ലേഴ്സ്-ഡാൻലോസ് സിൻഡ്രോം (ഇഡിഎസ്) എന്ന രോഗം ബാധിതയായിരുന്നു ഇവർ. ന്യൂസിലൻഡ് ഹെറാൾഡ് ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. സെപ്തംബർ 1 ന് ഓക്ക്ലൻഡിലെ വീട്ടിലായിരുന്നു മരണം.
2015ലാണ് യുവതിക്ക് രോഗത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയത്. നിർണയത്തിൽ യുവതിക്ക് ഇഡിഎസ് രോഗത്തിന്റെ ലക്ഷണങ്ങൾ സംശയമുണ്ടായി. എന്നാൽ, യുവതി രോഗം അഭിനയിക്കുകയാണെന്ന് ഡോക്ടർമാർ ആരോപിക്കുകയും മാനസിക രോഗത്തിന് ചികിത്സ നിർദേശിക്കുകയും ചെയ്തു. പിന്നാലെ രോഗികളുടെ അവകാശത്തിനായി പോരാടുന്ന അഭിഭാഷകയായി യുവതി മാറി. 2015 ഒക്ടോബറിൽ ആ ലക്ഷണങ്ങൾ ആരംഭിക്കുമ്പോൾ 25 വയസ്സായിരുന്നു പ്രായം. രോഗം പാരമ്പര്യമായി ലഭിച്ചതാണെന്ന വസ്തുതയും ഡോക്ടർമാർ അവഗണിച്ചു.
ചർമ്മം, അസ്ഥികൾ, രക്തക്കുഴലുകൾ, മറ്റ് അവയവങ്ങൾ എന്നിവയെ ബാധിക്കുന്ന രോഗമാണ് ഇഡിഎസ്. സന്ധികളിലെ അയവ്, ദുർബലമായ, ചെറിയ രക്തക്കുഴലുകൾ, അസാധാരണമായ വടുക്കൾ, മുറിവ് ഉണങ്ങാൻ വൈകൽ, ചർമം മൃദുവാകൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. 5,000 പേരിൽ ഒരാൾക്കാണ് രോഗം ബാധിക്കുന്നത്. പലപ്പോഴും മരുന്നുകളും ഫിസിക്കൽ തെറാപ്പിയും വഴി രോഗലക്ഷണങ്ങളെ ഭേദപ്പെടുത്താം.
മൈഗ്രെയ്ൻ, വയറുവേദന, ഇരുമ്പിന്റെ കുറവ്, ബോധക്ഷയം,തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആസ്റ്റൺ ഡോക്ടർമാരെ സമീപിച്ചത്. തുടർന്ന് അവരെ ഓക്ക്ലാൻഡ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. അവിടെത്തെ ഡോക്ടറാണ് യുവതി രോഗലക്ഷണങ്ങൾ അഭിനയിക്കുകയാണെന്ന് വിധിയെഴുതിയത്. ഡോക്ടറുടെ ആരോപണത്തെത്തുടർന്ന് യുവചിയെ മാനസികരോഗ നിരീക്ഷണത്തിലാക്കി. യുവതിക്ക് സ്വയം ഉപദ്രവിക്കുന്ന പെരുമാറ്റങ്ങൾ ഉള്ളതായും ധക്ഷയം, പനി, ചുമ എന്നിവ വ്യാജമാണെന്നും സംശയിച്ചു. പിന്നീട് യുവതിക്ക് രോഗബാധ സ്ഥിരീകരിച്ചു.
Last Updated Sep 8, 2023, 12:23 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]