ദില്ലിയില്‍ നടക്കുന്ന ജി 20 ഉച്ചക്കോടിക്കായി ഇന്ത്യ നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ചും ജി 20-യുടെ ലക്ഷ്യങ്ങളെക്കുറിച്ചും കൂട്ടായ്മ ഇതുവരെയായി ആഗോളതലത്തില്‍ നടത്തിയ ഇടപെടലുകളെക്കുറിച്ചും നയതന്ത്ര വിദഗ്ധനും മുന്‍ അംബാസഡറും എഴുത്തുകാരനുമായ ടി.പി ശ്രീനിവാസന് എഴുതുന്നു
പഴയ ആഗോള ക്രമം അവസാനിക്കുകയും പുതിയ ക്രമം രൂപപ്പെടാതിരിക്കുകയും ചെയ്യുന്ന അതി നിര്‍ണായകമായ സാഹചര്യത്തിലാണ് ഇന്ത്യക്ക് ജി20-യുടെ അധ്യക്ഷസ്ഥാനം ലഭിക്കുന്നത്. പുതിയൊരു ലോകക്രമത്തിലേക്കുള്ള മാറ്റം എളുപ്പമാക്കാന്‍, പരിഷ്കരിച്ച ബഹുകക്ഷിവാദം (Reformed Multilateralism) വികസിപ്പിക്കേണ്ടതുണ്ട്. ആഗോള വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള സാഹചര്യമൊരുക്കി, ലോകത്തെ എല്ലാവര്ക്കും സമഗ്രവും സുസ്ഥിരവും പക്ഷപാതരഹിതവുമായ വളര്‍ച്ചയ്ക്കാണ് ജി20 അധ്യക്ഷ സ്ഥാനത്തിരുന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യ പരിശ്രമിച്ചുകൊണ്ടിരുന്നത്. ബഹുമുഖ സംഘടനയായ ജി20-യുടെ മറ്റൊരു അധ്യക്ഷനും അതിന്റെ നയരൂപീകരണത്തിന് ഇത്തരത്തില്‍ അവരുടെ തന്നെ ആഗോള കാഴ്ച്ചപ്പാടില്‍ ശ്രദ്ധനല്‍കിയിട്ടില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നടന്ന നിരവധി യോഗങ്ങളിലൂടെ നിരവധി പ്രശ്നങ്ങളില്‍ അഭിപ്രായ ഐക്യത്തിലെത്താനായിട്ടുണ്ട്. അത്തരം തീരുമാനങ്ങളെല്ലാം സെപ്തംബര്‍ 9,10 തീയതികളില്‍ ദില്ലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ അവതരിപ്പിക്കും.
2008-09-ലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇന്ത്യ നടത്തിയ ഇടപെടലുകളാണ് പുതിയ ആഗോളക്രമം രൂപപ്പെടുത്തുന്നതിനുള്ള നേതൃത്വം വഹിക്കുന്നതിലേക്ക് എത്തിയത്. 1999-ന് മുമ്പ് യു.എസ്, യു.കെ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന് തുടങ്ങിയ ഏഴു രാജ്യങ്ങള്‍ മാത്രമടങ്ങിയ കൂട്ടായ്മയായ ജി7 ആയിരുന്നു നിിവിലിരുന്നത്. ആഗോള സാമ്പത്തിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ വിപുലമായ ഒരു കൂട്ടായ്മ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ജി7 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തിന്റെ തീരുമാനപ്രകാരമാണ് ജി20-യുടെ ഉദയം. 1997-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന്, സാമ്പത്തിക ആഘാതം തുടര്‍ച്ചയായി നേരിടുന്ന രാജ്യങ്ങളുടെ പുതിയൊരു കൂട്ടായ്മയായിരുന്നു അത്. സമ്പദ്വ്യവസ്ഥയില് ആഗോള സ്ഥിരത ഉറപ്പാക്കാനുള്ള നയങ്ങള്‍ക്കായി രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുമാണ് ആദ്യം യോഗം ചേര്‍ന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ജി 20-യെ ഉച്ചകോടിയുടെ തലത്തിലേക്ക് മാറ്റിയത് സുപ്രധാന തീരുമാനമായിരുന്നു.
ജി20 കൂട്ടായ്മയുടെ ലക്ഷ്യങ്ങള്‍:
– ആഗോള സാമ്പത്തിക രംഗം ശക്തമാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുക
– ആഗോള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ വഴികാട്ടുക
– സങ്കീര്‍ണ പ്രശ്നങ്ങള്‍ നേരിടുന്നതിനായി ആഗോള മാര്ഗനിര്ദേശമുണ്ടാക്കുക
– സാമ്പത്തികമായും മറ്റുരീതിയിലും ബുദ്ധിമുട്ടുന്ന രാജ്യങ്ങളെ സഹായിക്കുക, തൊഴിലവസരമൊരുക്കുക
– ശക്തവും സുസ്ഥിരവും സന്തുലിതവുമായ വളര്‍ച്ചയ്ക്കായി നിലകൊള്ളുക
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി പരസ്പര സഹകരണത്തോടെയുള്ള, തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന്റെ ഫലമായി അംഗരാജ്യങ്ങളുടെ ഭരണനിര്‍വഹണത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ ജി20-ക്ക് കഴിഞ്ഞിട്ടുണ്ട്.
ജി20-യുടെ സുപ്രധാന സംഭാവനകളില്‍ ചിലത്:
– ആഗോള ജി.ഡി.പിയുടെ 90 ശതമാനവും ആഗോള വ്യാപാരത്തിന്െ 80 ശതമാനവും ജി20 അംഗരാജ്യങ്ങളാണ് സംഭാവന ചെയ്യുന്നത്
– 2008-09-ലെ ആഗോള സാമ്പത്തിക മാന്ദ്യം, 2010 യൂറോ സോണ്‍ പ്രതിസന്ധി തുടങ്ങിയ വിവിധഘട്ടങ്ങളിലായുള്ള സാമ്പത്തിക പ്രതിസന്ധിക്കെതിരെ കാര്യമായ ഇടപെടല്‍ നടത്തി.
– കൊവിഡ്-19 മഹാമാരിക്കാലത്ത് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നില്‍നിന്നു
– ജി20-യുടെ ഡെബ്റ്റ് സര്‍വീസ് സസ്പെന്ഷന് ഇനിഷ്യേറ്റീവിലൂടെ (ഡി.എസ്.എസ്.ഐ) 50 രാജ്യങ്ങള്‍ക്ക് ഗുണം ലഭിച്ചു. അസന്തുലിതമായ കടങ്ങള്കൊണ്ടുള്ള പ്രതിസന്ധി ഒഴിവാക്കാനും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ദീര്‍ഘനാളേക്കുള്ള ഫണ്ട് ലഭിക്കുന്നതിനും പദ്ധതി സഹായകമായി.
– തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനായി ഇടപെടല്‍ നടത്തി. ജി20 രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ച് ആഗോള തൊഴിലാളി സംഘടന പഠനം തുടരുകയാണ്.
ജി20 ഉച്ചകോടിക്കായി, കാലങ്ങളായി തുടരുന്ന മുന്നൊരുക്കത്തില്‍നിന്ന് മാറി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി യോഗങ്ങള്‍ നടത്തുകയാണ് ഇന്ത്യ ചെയ്തത്. ജമ്മു കശ്മീരില്‍ ടൂറിസവുമായി ബന്ധപ്പെട്ട ചര്‍ച്ച ഉള്‍പ്പടെ നടത്തി. ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ജി20 ഉച്ചക്കോടിയുടെ പ്രമേയമാണ് ഏറെ പ്രസക്തമായത്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നും ഒരു ലോകം ഒരു കുടുംബം എന്നുമുള്ള ആശയം മുന്‍നിര്‍ത്തി വസുദൈവകുടുംബകം എന്ന ആപ്തവാക്യമാണ് ജി20 ഉച്ചകോടിയുടെ പ്രമേയമായി ഇന്ത്യ മുന്നോട്ടുവെക്കുന്നത്.
2023ലെ ജി20 ഉച്ചകോടി ഊന്നല്‍ നല്കുന്ന മേഖലകള്‍:
– ജീവിതം (പരിസ്ഥിക്കായുള്ള ജീവിതശൈലി)
– തൊഴിലവസരം വര്‍ധിപ്പിക്കുക
– എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള തുല്യവും സുസ്ഥിരവുമായ വളര്‍ച്ച
– വിനോദ സഞ്ചാരത്തിനും കാര്‍ഷിക മേഖലക്കും ഊന്നല്‍
– സ്കില്‍ മാപ്പിങ്, ആഗോള ഭക്ഷ്യ സുരക്ഷ, ഊര്‍ജ സുരക്ഷ
– ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, സാങ്കേതിക വിദ്യയോടെയുള്ള വികസനം
ഉച്ചകോടിക്കായുള്ള മുന്നൊരുക്കത്തിലുള്ള ഇന്ത്യയുടെ വിജയം ചില ശത്രുരാജ്യങ്ങള്‍ക്കിടയില്‍ അസൂയ ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് ഇന്ത്യ സ്വന്തംകാര്യത്തിനായി ഉച്ചക്കോടിയെ ഹൈജാക്ക് ചെയ്തുവെന്ന തരത്തിലുള്ള വിവേകശൂന്യമായ വിമര്‍ശനം ഉയരാന്‍ കാരണം. ജമ്മു കശ്മീരില്‍നടന്ന ടൂറിസം കോണ്‍ഫറന്‍സ്, മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെട്ടത്. ജമ്മു കശ്മീരില്‍ ടൂറിസം കോണ്‍ഫറന്‍സ് നടത്തിയതില്‍ മറ്റൊരു കാര്യവും വരുന്നില്ലെന്ന് മാത്രമല്ല അത്തരത്തിലുള്ള തെരഞ്ഞെടുപ്പിലൂടെ ഇന്ത്യക്ക് നേടാനും ഒന്നുമില്ല. വസുദൈവകുടുംബകം എന്ന ആപ്തവാക്യത്തെയും ജനറല്‍ അസംബ്ലിയില്‍ ചൈന എതിര്‍ത്തിരുന്നു. സംസ്കൃതം യു.എന്‍ ഭാഷകളിലൊന്നല്ലെന്നും അതിനാല്‍ യു.എന്നിലെ മറ്റു അംഗങ്ങളില്‍ ഇത് അടിച്ചേല്‍പ്പിക്കരുതെന്നുമായിരുന്നു ചൈനയുടെ വാദം.
ഇതിനെല്ലാം ഉപരി റഷ്യ-യുക്രെയ്ന് യുദ്ധം അന്താരാഷ്ട്ര ബന്ധങ്ങളില്‍ കാര്യമായ വിള്ളലുണ്ടാക്കി. ഉച്ചകോടിയില്‍ ഈ വിഷയത്തില്‍ സമയവായമുണ്ടാനുള്ള സാധ്യതയും വിദൂരമാണ്. വെടിനിര്‍ത്തലോ മറ്റു ഉടമ്പടികളോ കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടായാലും റഷ്യയും ചൈനയും എതിര്‍പ്പുയര്‍ത്തും. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിജയം ഉറപ്പാക്കുന്നതുവരെ, വിജയം ആഗ്രഹിക്കുന്ന നാറ്റോയും റഷ്യയും മറ്റൊരു സന്ധിക്കും തയ്യാറാകില്ല. ഉച്ചകോടിക്കായി ദില്ലിയിലെ ഭാരത് മണ്ഡപം ഒരുങ്ങിയെങ്കിലും അനിശ്ചിതത്വത്തിന്െ കാര്‍മേഘം പലരീതിയില്‍ പടരുന്നുണ്ട്. റഷ്യയും ചൈനയും അവരുടെ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക, സാമൂഹിക വിഷയങ്ങളില്‍ ഇന്ത്യ നടത്തിയ പരിഹാര നടപടികള്‍ എന്തുതന്നെയായാലും റഷ്യയുടെയും ചൈനയുടെയും വിട്ടുനില്‍ക്കല്‍ യുദ്ധവുമായി ബന്ധപ്പെട്ട സമവായശ്രമങ്ങള്‍ ഉച്ചകോടിയിലുണ്ടാകുന്നതിന് തടസമാകും.
ഉച്ചകോടിയുടെ ഫലം എന്തുതന്നെയായാലും ജി20-യില്‍ ഇന്ത്യ നടപ്പാക്കിയ പരിഷ്കൃത ബഹുമുഖവാദം എല്ലാകാലത്തും നിലനില്‍ക്കുന്ന ഒന്നായി തീരും. സുപ്രധാന ആഗോള കൂട്ടായ്മയായി ജി20 വളര്‍ന്നുവെന്നതും പ്രതീക്ഷ നല്‍കുന്നതാണ്. യു.എന്‍ സുരക്ഷ കൗണ്‍സില്‍ പോലും കൊവിഡ് കാലത്ത് ഒന്നും ചെയ്യാനാകാതെ നിന്നപ്പോള്‍ അതിന് പകരമായി ജി20 നടത്തിയ ഇടപെടലുകള്‍ എടുത്തുപറയേണ്ടതാണ്. വാക്സിന് നിര്‍മാണത്തിലെ ആഗോള സഹകരണമാണ് അവയിലൊന്ന്. സുരക്ഷാ കൗണ്‍സിലിന്‍െ പരിഷ്കരണത്തില്‍ യാതൊരു പുരോഗതിയുമില്ലാത്ത സാഹചര്യത്തില്‍, പരിഷ്കരിക്കപ്പെട്ട ബഹുകക്ഷി വാദത്തിന് ജി20 യില്‍ തുടക്കമായേക്കാം.
Last Updated Sep 7, 2023, 5:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]