ചങ്ങനാശേരി വാഴൂർ റോഡിൽ കുരിശുംമൂടിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് വൻ അപകടം. നടയ്ക്കപ്പാടം പാലാകുന്നേൽ ജോർജ് ജോസഫും മക്കളായ മൈക്കിൾ (10), മിറിയം (8), മാർത്ത (6), മാർക്കസ് (ഒന്നര വയസ്സ്) എന്നിവരാണ് വലിയ ദുരന്തത്തിൽനിന്ന് പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ടാണ് ഈ സംഭവമുണ്ടായത്. ഭാര്യ അന്ന ജോർജ് കാറിൽ നിന്നിറങ്ങി സാധനം വാങ്ങാനായി കടയിലേക്ക് കയറിയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം.
സൗദിയിൽ ബിസിനസ് ചെയ്യുന്ന ജോർജ് അവധിക്കായി നാട്ടിലെത്തിയതായിരുന്നു. അവധിക്കാലത്ത് അച്ഛനോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതായിരുന്നു കുട്ടികളുടെ വിനോദം.
അപകടസമയത്ത് മനഃസാന്നിധ്യം കൈവിടാതെ ഇടപെടാൻ സാധിച്ചതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. സംഭവത്തെക്കുറിച്ച് ജോർജ് പറഞ്ഞത് ഇങ്ങനെ:
“പടക്കം പൊട്ടുന്ന പോലുള്ള ശബ്ദമാണ് ആദ്യം കേട്ടത്..
വൈദ്യുതലൈനുകൾ പൊട്ടി വീഴുന്നതാണെന്ന് മനസ്സിലാക്കിയപ്പോഴേക്കും എന്തോ ശക്തിയായി കാറിനു മുകളിലേക്ക് വീണു. പിൻസീറ്റിലായിരുന്നു മക്കൾ.
കാറിന്റെ പിൻഭാഗമാണ് കൂടുതൽ തകർന്നത്. മുകൾഭാഗം ഇടിഞ്ഞുതാഴ്ന്നെങ്കിലും, കുട്ടികളായിരുന്നതിനാൽ പരുക്കേറ്റില്ല.
മുകളിൽ ലൈൻ പൊട്ടി വീണെന്നു മനസ്സിലായി. ധൃതിയിൽ പുറത്തിറങ്ങിയാൽ വൈദ്യുതാഘാതമേൽക്കുമെന്ന് ഉറപ്പായിരുന്നു.
ഓടിയെത്തിയ നാട്ടുകാരോട് ലൈൻ ഓഫാക്കാൻ പറഞ്ഞു. അവർ കെഎസ്ഇബിയെ ബന്ധപ്പെട്ടെന്നാണ് കരുതുന്നത്.
വൈദ്യുതി ഓഫായതോടെ മുൻവശത്തെ പാസഞ്ചർ സീറ്റിലെ ഗ്ലാസ് താഴ്ത്തി കുട്ടികളെ പുറത്തേക്കു കൈമാറി. പാസഞ്ചർ ഡോർ ചവിട്ടി തുറന്നാണ് എനിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്.
പുറത്തിറങ്ങിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. കൂറ്റൻ മരമാണ് കാറിനു മുകളിൽ വീണതെന്ന് അപ്പോഴാണ് അറിഞ്ഞത്.
പോസ്റ്റും ഒടിഞ്ഞുവീണിരുന്നു. അപകടം സംഭവിച്ചതിന്റെ പേടിയൊന്നും ഇപ്പോൾ കുട്ടികൾക്ക് ഇല്ല.
അവർ ഹാപ്പിയാണ്. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും കെഎസ്ഇബിയും കൃത്യമായി ഇടപെട്ടു.” വൈദ്യുതലൈൻ പൊട്ടി കാറിനു മുകളിൽ വീണെങ്കിലും ജോർജിന്റെ കൃത്യമായ ഇടപെടൽ വലിയ ജീവഹാനിയാണ് തടഞ്ഞത്.
അപകടസ്ഥലത്ത് വിനു ജോബ് എംഎൽഎ, ഡിസിസി ജനറൽ സെക്രട്ടറി ആന്റണി കുന്നുംപുറം എന്നിവരും എത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

