
ചവറ∙ വികൃതി കാട്ടിയതിനു മൂന്നാം ക്ലാസുകാരനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. തേവലക്കര പാലയ്ക്കൽ സ്വദേശി കൊച്ചനിയനെയാണ് (39) ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്.
ആയുധം വച്ച് ഉപദ്രവിക്കൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. കുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.
ഓഗസ്റ്റ് 6ന് രാത്രി തെക്കുംഭാഗത്ത് ഇവർ താമസിക്കുന്ന വാടക വീട്ടിൽ വച്ചായിരുന്നു രണ്ടാനച്ഛന്റെ ക്രൂരത.
മൊബൈൽ ഫോൺ ചാർജറിന്റെ വയർ കൊണ്ട് അടിച്ച ശേഷം ഇസ്തിരിപ്പെട്ടി ചൂടാക്കി ഇടതു കാലിന്റെ മുട്ടിനു താഴെ പൊള്ളലേൽപ്പിക്കുകയായിരുന്നു. പഞ്ചായത്ത് കമ്യൂണിറ്റി ഫെസിലിറ്റേറ്റർ വിവരം ചൈൽഡ് ലൈനിൽ നൽകുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.
തുടർന്ന് കുട്ടിയെ സ്റ്റേഷനിൽ എത്തിച്ചു മൊഴി രേഖപ്പെടുത്തി രണ്ടാനച്ഛനെതിരെ കേസെടുത്തു.
ഇയാൾ നേരത്തേ കത്തി ചൂടാക്കി പൊള്ളിച്ചിട്ടുണ്ടെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാൻ പോലും ഇയാൾ തയാറായിരുന്നില്ല. കുട്ടിയുടെ അമ്മ മുന്നു മാസം മുൻപാണ് വിദേശത്തേക്ക് പോയത്.
മുത്തശ്ശിക്കും രണ്ടാനഛനുമൊപ്പമാണ് കുട്ടി താമസിക്കുന്നത്. കൊച്ചനിയന്റെ ആറുവയസ്സും രണ്ടരവയസ്സും ഉള്ള മറ്റ് രണ്ട് കുട്ടികളും ഇവർക്കൊപ്പമാണ് താമസം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]