
റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കിടയിലും റഷ്യയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ ഈ നീക്കത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതി നയത്തില്‍ മാറ്റമുണ്ടാകുമോ എന്ന ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങള്‍. യുക്രെയ്നുമായി സമാധാന കരാറില്‍ എത്താത്ത സാഹചര്യത്തില്‍ റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറക്കുമതിയുടെ തോത് യുക്രെയ്ന് യുദ്ധത്തിന് മുന്‍പ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 2% മാത്രമായിരുന്നു റഷ്യയുടെ പങ്ക്. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന് ശേഷം റഷ്യ കുറഞ്ഞ വിലയ്ക്ക് എണ്ണ വില്ക്കാന് തുടങ്ങിയതോടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നു.
നിലവില്‍ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 35% വും റഷ്യയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1% വര്‍ദ്ധനവാണ് ഈ വര്‍ഷം ആദ്യ പകുതിയില്‍ ഉണ്ടായിരിക്കുന്നത്.
ഏകദേശം 1.75 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്യുന്നത്. റഷ്യയുമായുള്ള ദീര്‍ഘകാല ബന്ധവും സാമ്പത്തിക ആവശ്യങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യ ഇതുവരെ ഈ സമ്മര്‍ദ്ദങ്ങളെ ചെറുത്തുനിന്നിരുന്നു. റഷ്യ ഇല്ലെങ്കില്‍ എവിടെ നിന്ന്? ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, തങ്ങളുടെ എണ്ണ ആവശ്യകതയുടെ 85% വും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
റഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് തടസ്സം നേരിട്ടാല്‍ അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകും. റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടി വന്നാല്‍, ഇന്ത്യയുടെ പ്രധാന ആശ്രയം പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളായിരിക്കും.
യുക്രെയ്ന് യുദ്ധത്തിന് മുന്‍പ് ഇറാഖ് ആയിരുന്നു ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാര്‍. സൗദി അറേബ്യയും യുഎഇയും ഇന്ത്യയുടെ മറ്റ് പ്രധാന എണ്ണ സ്രോതസ്സുകളാണ്.
നിലവിലെ സാഹചര്യത്തില്‍ ഈ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനാണ് സാധ്യത. അമേരിക്ക, പശ്ചിമേഷ്യ, പശ്ചിമ ആഫ്രിക്ക, അസര്ബൈജാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ കമ്പനികള്‍ നിലവില്‍ എണ്ണ വാങ്ങുന്നുണ്ട്.
നിലവില്‍ ഏകദേശം 40 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. ഗയാന, ബ്രസീല്‍, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ എണ്ണ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]