

First Published Jul 8, 2024, 4:07 PM IST
ഹരാരെ: ടി20 ലോകകപ്പ് വിജയാഘോഷങ്ങള്‍ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണും ഓപ്പണര്‍ യശസ്വി ജയ്സ്വാളും ഓള് റൗണ്ടര്‍ ശിവം ദുബെയും സിംബാബ്വെയില് ഇന്ത്യൻ ടീമിമനൊപ്പം ചേര്‍ന്നു. ഇന്നലെ നടന്ന രണ്ടാം ടി20 മത്സരം കാണാന്‍ ഇന്ത്യൻ ടീമിനൊപ്പം സഞ്ജുവും ഇരിക്കുന്നുണ്ടായിരുന്നു.
മറ്റന്നാള്‍ നടക്കുന്ന മൂന്നാം ടി20ക്ക് മുന്നോടിയായി സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരശീലനത്തിന് ഇറങ്ങുകയും ചെയ്തു. ലോകകപ്പിന് പിന്നാലെ നേരെ സിംബാബ്വെയിലേക്ക് പോകാനിരുന്ന സഞ്ജുവും ദുബെയും യശസ്വിയും ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് ബാര്‍ബഡോസില്‍ നിന്നുള്ള വിമാന സര്‍വീസകുള്‍ റദ്ദാക്കിയതോടെ വിന്‍ഡീസില്‍ കുടുങ്ങി. പിന്നീട് ഇന്ത്യൻ ടീമിനൊപ്പം ഇവര്‍ നാട്ടിലേക്ക് മടങ്ങി.
ആദ്യ രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഇവര്‍ക്ക് പകരം സായ് സുദര്ശന്, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ സെലക്ടര്‍മാരെ ഉള്‍പ്പെടുത്തി. ഇതില്‍ സായ് സുദര്ശന് രണ്ടാം ടി20യില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചെങ്കിലും ബാറ്റിംഗിന് അവസരം ലഭിച്ചില്ല. ഓപ്പണറോ മൂന്നാം നമ്പറിലോ ഇറങ്ങാറുള്ള സായ് സുദര്‍ശനെ അഞ്ചാമതായാണ് രണ്ടാം ടി20യില്‍ ഇറക്കാനിരുന്നിരുന്നത്. ഹര്‍ഷിത് റാണക്കും ജിതേഷ് ശര്‍മക്കും ആദ്യ രണ്ട് കളികളിലും പ്ലേയിംഗ് ഇലവനിലെത്താനായില്ല. ജിതേഷ് ശര്‍മക്ക് പകരം ധ്രുവ് ജുറെല്‍ ആണ് ആദ്യ രണ്ട് മത്സരങ്ങളിലും വിക്കറ്റ് കാത്തത്.
ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ജുറെല്‍ രണ്ടാം മത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. സഞ്ജുവും സംഘവും തിരിച്ചെത്തിയതോടെ ആദ്യ രണ്ട് ടി20കള്‍ക്ക് ടീമിനൊപ്പമുണ്ടായിരുന്ന ജിതേഷും ഹര്‍ഷിത് റാണയും സായ് സുദര്‍ശനും നാട്ടിലേക്ക് മടങ്ങും. മറ്റന്നാള്‍ നടക്കുന്ന മൂന്നാം ടി20യില്‍ സഞ്ജുവും ദുബെയും യശസ്വിയും പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്. ലോകകപ്പില്‍ സഞ്ജുവിനും ദുബെക്കും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ദുബെ എല്ലാ മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ കളിച്ചിരുന്നു.
സിംബാബ്വെക്കെതിരായ അവസാന മൂന്ന് ടി20കൾക്കുള്ള ഇന്ത്യൻ ടീം: യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, അവേഷ് ഖാൻ, മുകേഷ് കുമാർ, ഖലീൽ അഹമ്മദ്, ധ്രുവ് ജുറെൽ, തുഷാർ ദേശ്പാണ്ഡെ, റിയാൻ പരാഗ്.
Last Updated Jul 8, 2024, 4:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]