
ആലപ്പുഴ: ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകത്തിൽ കൂടുതൽ സാക്ഷികൾ രംഗത്ത്. കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചിരുന്നതായി മാന്നാർ സ്വദേശിയായ സോമൻ വെളിപ്പെടുത്തി. കേസിലെ സാക്ഷി സുരേഷ് കുമാർ കൊലപാതകത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി മുരളീധരൻ എന്നയാളും പറയുന്നു. എന്നാൽ കൊലപാതകവിവരം അറിഞ്ഞിട്ടും ഇവർ എന്തുകൊണ്ട് ഇത്രയും കാലം മറച്ചു വെച്ചുവെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തലിലെ സത്യാവസ്ഥ എന്തെന്നും പൊലീസ് പരിശോധിക്കുകയാണ്.
15 വർഷം മുൻപ് നടന്ന കൊലപാതകത്തിൽ കൂടുതൽ സാക്ഷികൾ രംഗത്തെത്തുന്നത് കേസ് അന്വേഷണത്തിൽ ഗുണം ചെയ്യുമെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ. കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചെന്നും ഒപ്പം കേസിലെ പ്രതികളായ ജിനുവും പ്രമോദും ഉണ്ടായിരുന്നതായും മാന്നാർ സ്വദേശി സോമൻ പറയുന്നു. നിലവിൽ കേസിലെ സാക്ഷിയായ സുരേഷ് കൊലപാതക വിവരം തന്നോട് പറഞ്ഞതായി മുരളീധരൻ എന്നയാളും വെളിപ്പെടുത്തി.
മുരളീധരനും സോമനും എസ്എന്ഡിപിയുടെ മുൻ പ്രസിഡന്റുമാരാണ്. മാന്നാർ എസ്എൻഡിപി ശാഖാ യോഗവുമായി ബന്ധപ്പെട്ട നിലനിന്നിരുന്ന ചില പ്രശ്നങ്ങളാണ് ഈ കേസിന് തുമ്പ് ഉണ്ടാക്കിയതെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. അതിനാൽ ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം എന്നാവശ്യപെട്ട് പട്ടികജാതി പട്ടിക വർഗ സംയുക്ത സമിതി പ്രതിഷേധ റാലിയും യോഗവും നടത്തി. അതേസമയം, കേസിൽ തുമ്പുണ്ടാക്കാൻ തലങ്ങും വിലങ്ങും അന്വേഷണം നടത്തുകയാണ് പൊലീസ്. നാളെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.
Last Updated Jul 7, 2024, 11:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]