
അമ്പലപ്പുഴ: കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്ര കുളത്തിൽ നിന്നും കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കോമന മണ്ണാരു പറമ്പ് രാധാകൃഷ്ണന്റെ മകൻ മുകേഷിന്റെ (38) മൃതദേഹമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കുളത്തിൽ നിന്നും കണ്ടെത്തിയത്. ക്ഷേത്രക്കുളത്തിൽ ചാടി മരിക്കുമെന്ന് കഴിഞ്ഞ രാത്രിയിൽ വീട്ടിൽ വഴക്കുണ്ടായപ്പോൾ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.
രാവിലെ ക്ഷേത്ര കൽപ്പടവിൽ യുവാവിന്റെ ചെരുപ്പും കുളത്തിന്റെ വടക്കു ഭാഗത്തായി ബൈക്കും കണ്ടെത്തി. ഇത് കണ്ടെത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പോലീസും തകഴിയിൽ നിന്നുള്ള ഫയർ ഫോഴ്സും സ്ഥലത്തെത്തി. ഫയർ സ്റ്റേഷൻ ഓഫീസർ എസ്.സുരേഷിന്റെ നേതൃത്വത്തിൽ സ്കൂബാ നീന്തൽ വിദഗ്ധൻ യു. സുമേഷ് നടത്തിയ തെരച്ചിലിനൊടുവിൽ 11.15 ഓടെ മൃതദേഹം കണ്ടെത്തി.
കുളത്തിൽ നിന്ന് പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം കണ്ടെത്തിയതിനാൽ ക്ഷേത്രക്കുളം പൂർണമായും വറ്റിച്ച് പരിഹാരക്രിയകൾക്ക് ശേഷം മാത്രമേ ക്ഷേത്ര നട തുറക്കുകയുള്ളൂവെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയലക്ഷ്മി പറഞ്ഞു.
Last Updated Jul 7, 2024, 4:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]