
‘തലയ്ക്ക് പിടിച്ച’ ഐഡിയ, മദ്യം വാറ്റാൻ ബാങ്ക്; ഇത് കണ്ണൂർ മോഡൽ ‘ഫെനി’, കശുമാങ്ങ വേറെ ലെവലാകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ ഒരു വിലയുമില്ലാത്ത പഴത്തിനുള്ളിൽ ഇരിക്കുന്നതിലുള്ള നാണക്കേടു കൊണ്ടാണ് കശുവണ്ടി, കശുമാങ്ങയുടെ പുറത്തിരിക്കുന്നതെന്ന് ഒരു തമാശയുണ്ട്. എന്നാൽ അടുത്ത വർഷത്തോടെ കശുമാങ്ങ വേറെ ലെവലാകും. കശുമാങ്ങ വാറ്റി വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാൻ ജില്ലയിലെ പയ്യാവൂർ സഹകരണ ബാങ്ക് അനുമതി നേടിയിരിക്കുകയാണ്. ഇതോടെ, തോട്ടങ്ങളിൽ ആർക്കും വേണ്ടാതെ ചീഞ്ഞുതീരുന്ന ടൺകണക്കിനു കശുമാങ്ങയുടെ തലവര മാറും. ഗോവയിലെ ഫെനിയുടെ മാതൃകയിൽ മദ്യം നിർമിക്കാനാണ് ബാങ്ക് അനുമതി തേടിയത്. അടുത്ത സീസൺ മുതൽ ഉൽപാദനം തുടങ്ങും. ഇതോടെ കേരളത്തിൽ പുതിയൊരു വ്യവസായ സംരംഭത്തിനു തുടക്കം കുറിക്കും. അതിലുപരി, ആയിരക്കണക്കിനു കർഷകർക്ക് പുതിയൊരു വരുമാന മാർഗവുമാകും.
കശുമാങ്ങയിൽനിന്നു വീര്യം കുറഞ്ഞ മദ്യം നിർമിക്കാമെന്ന ആശയത്തിനു പിന്നിൽ ബാങ്ക് പ്രസിഡന്റായ സിപിഎം നേതാവ് ടി.എം. ജോഷിയാണ്. 35 വർഷത്തോളം ജോഷി നടത്തിയ പ്രവർത്തനത്തിന്റെ ഫലമാണ് കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യനിർമാണം. മൂന്ന് പതിറ്റാണ്ടിലധികം നീണ്ട പരിശ്രമത്തെക്കുറിച്ച് ജോഷി മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
ഗോവയിൽനിന്നു ‘തലയ്ക്കു പിടിച്ച’ ഐഡിയ
എന്റെ സഹോദരൻ റോജർ ഗോവയിൽ കരാറുകാരനാണ്. അദ്ദേഹത്തെ സന്ദർശിക്കാൻ ഒരിക്കൽ ഗോവയിൽ എത്തിയപ്പോഴാണ് ഫെനി പോലെ
കേരളത്തിലും എന്തുകൊണ്ടു കശുമാങ്ങ വാറ്റി വീര്യം കുറഞ്ഞ മദ്യമുണ്ടാക്കിക്കൂടാ എന്ന ആശയം തോന്നിയത്. ഞാനൊരു കശുവണ്ടി കൃഷിക്കാരൻ കൂടിയാണ്. ഏഴ് ഏക്കർ കശുമാവിൻ തോട്ടമുണ്ട്. ഈ തോട്ടത്തിലെ കശുമാങ്ങ മുഴുവൻ വെറുതെ കളയുകയാണ്. കശുവണ്ടിക്ക് പുറമെ കശുമാങ്ങയ്ക്കു കൂടി വില ലഭിച്ചാൽ കർഷകർക്ക് അത് വലിയ നേട്ടമായിരിക്കും.
തുടക്കം നായനാരുടെ കാലത്ത്
1990 ൽ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് കശുമാങ്ങയിൽനിന്ന് മദ്യമുൽപാദിപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർക്ക് അപേക്ഷ കൊടുത്തത്. ഗോവൻ മാതൃകയിൽ കേരളത്തിലും മദ്യം നിർമിക്കാമെന്നായിരുന്നു അപേക്ഷയിൽ പറഞ്ഞത്. നായനാർ അനുഭാവപൂർവം പരിഗണിച്ചെങ്കിലും ഭരണം മാറി. എകെ.ആന്റണി, ഉമ്മൻ ചാണ്ടി, വി.എസ്.അച്യുതാനന്ദൻ എന്നിവരുടെ ഭരണകാലത്ത് ഈ ആവശ്യവുമായി ചെന്നുകണ്ടിരുന്നുവെങ്കിലും പദ്ധതി മുന്നോട്ടു പോയില്ല.
2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ഇതേ ആവശ്യവുമായി അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഒരു മാസത്തിനുള്ളിൽ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി നൽകി. എങ്കിലും പദ്ധതി ഫയലിൽ കിടന്നു. പിന്നീടൊരിക്കൽ കോടിയേരി ബാലകൃഷ്ണനെ കണ്ടപ്പോൾ അദ്ദേഹം ഇതേക്കുറിച്ച് ചോദിച്ചു. ഒന്നുമായില്ലെന്നു മറുപടി നൽകി. തുടർന്ന് തിരുവനന്തപുരത്ത് വന്നു തന്നെ കാണാൻ കോടിയേരി നിർദേശിച്ചു. അതോടെ പദ്ധതിക്ക് വീണ്ടും ജീവൻ വച്ചു.
2019 ൽത്തന്നെ പദ്ധതി അനുവദിക്കാമെന്ന് തീരുമാനം ആയെങ്കിലും നിയമ പ്രശ്നങ്ങളും ഉദ്യോഗസ്ഥരുടെ ഇടപെടലും മൂലം പിന്നെയും നീണ്ടു. മദ്യ നിർമാണമായതിനാൽ ഉദ്യോഗസ്ഥർ ഉരുണ്ടുകളിച്ചു. ഇതിനിടെ നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ടും വന്നു. എന്നാൽ നികുതി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും തടസ്സമുണ്ടായി. ഇക്കാര്യത്തിനു വേണ്ടി മാത്രമായി ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ 15 തവണയെങ്കിലും കണ്ടു. ഒടുവിൽ എല്ലാ നിയമ പ്രശ്നങ്ങളും നീങ്ങി അനുമതിയായി.
വലിയ മുടക്കില്ല
ഡിസംബർ മുതൽ മാർച്ച് വരെയുള്ള നാലു മാസമാണ് കശുമാങ്ങയുടെ കാലം. ഈ സമയത്തു മാത്രമേ മദ്യഉൽപാദനം നടക്കൂ. അതിനാൽ ഗോവയിൽ വലിയ തോട്ടങ്ങളോടു ചേർന്ന് ഓല ഷെഡ്ഡുകളിലാണ് വാറ്റുന്നത്. സീസൺ കഴിയുന്നതോടെ ഷെഡ്ഡുകൾ പൊളിച്ചുനീക്കി ഉപകരണങ്ങൾ മാറ്റിവയ്ക്കും. ഇതേ രീതിയിൽത്തന്നെ ഇവിടെയും ചെയ്യാൻ സാധിക്കും. ആറളം പോലെ വലിയ തോട്ടങ്ങളിൽ ഉൽപാദന കേന്ദ്രം നിർമിക്കാം. കാഞ്ഞിരക്കൊല്ലിയിൽ ബാങ്കിന് സ്വന്തമായി നാല് ഏക്കർ സ്ഥലമുണ്ട്. ഇവിടെ നിർമാണം തുടങ്ങുന്നതും പരിഗണനയിലുണ്ട്.
ഏറെ ഗുണഫലങ്ങളുള്ളതാണ് കശുമാങ്ങയെങ്കിലും നമ്മുടെ നാട്ടിൽ ആർക്കും താൽപര്യമില്ല. കോവിഡ് കാലത്ത് ഗോവയിൽ ഫെനി മരുന്നായി വരെ ആളുകൾ ഉപയോഗിച്ചിരുന്നു. പച്ചമരുന്നുകൾ ചേർത്ത ഫെനിക്ക് കോവിഡ് കാലത്ത് ഗോവയിൽ വമ്പൻ കച്ചവടമായിരുന്നു. കേരളത്തിൽ ടൂറിസം മേഖല അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. വിദേശികൾക്ക് ഗോവൻ ഫെനിയോട് പ്രത്യേക താൽപര്യമുണ്ട്. അതുപോലെ നമ്മുടെ മദ്യത്തിനും ആവശ്യക്കാർ ഏറെയുണ്ടാകും.
അടുത്ത സീസണിൽ പുതിയ താരം
കശുമാങ്ങയുടെ അടുത്ത സീസൺ മുതൽ മദ്യ ഉൽപാദനം തുടങ്ങും. എല്ലാ നിയമ പ്രശ്നങ്ങളും മറികടന്നു. ഇനി ഉൽപാദനം തുടങ്ങുകയേ വേണ്ടൂ. ‘കണ്ണൂർ ഫെനി’ എന്നൊക്കെ പേരുകൾ നിർദേശിക്കപ്പെടുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായില്ല. കശുമാങ്ങയിൽനിന്നു വീര്യം കുറഞ്ഞ മദ്യം ഉൽപാദനം തുടങ്ങുന്നതോടെ പുതിയ ഒരു അധ്യായം ആരംഭിക്കും. വ്യവസായ മേഖലയിലും കർഷകർക്കും വലിയ നേട്ടമായിരിക്കും പുതിയ സംരംഭം.