മലപ്പുറം: വഴിക്കടവ് അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിക്കാനിടയായ സംഭവം സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന് ആരോപിച്ച് നിലമ്പൂരിൽ കോൺഗ്രസ് പ്രതിഷേധം. പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സംസ്ഥാന പാത ഉപരോധിച്ച് സമരം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലത്ത് പൊലീസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇതിൽ ഒരാൾക്ക് പരിക്കേറ്റു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

കെഎസ്ഇബി ലൈനിൽ നിന്ന് നേരിട്ട് പന്നിക്കെണിയിലേക്ക് വൈദ്യുതിക്കായി ലൈൻ വലിച്ചുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. അഞ്ച് കുട്ടികളിൽ നാല് പേർക്കാണ് വൈദ്യുതാഘാതമേറ്റത്. ഇവരിൽ രണ്ട് പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

അപകടം സർക്കാർ സ്പോൺസേർഡ് കൊലപാതകമാണെന്ന് ആര്യാടൻ ഷൗക്കത്ത് വിമർശനം ഉന്നയിച്ചു. വന്യജീവി ശല്യം രൂക്ഷമായത് കൊണ്ടാണ് ഇത്തരത്തിലുള്ള ഫെൻസിങ് സ്ഥാപിക്കാൻ ആളുകൾ നിർബന്ധിതരാകുന്നതെന്നും വൈദ്യുതി ലൈനിൽ നിന്ന് പന്നിക്കെണിയിലേക്ക് വൈദ്യുതിക്കായി ലൈൻ വലിച്ചതിൽ കെഎസ്ഇബിയുടെ ഭാഗത്തും വീഴ്ചയുണ്ടെന്നും കോൺഗ്രസ് വിമർശിക്കുന്നു.

സംഭവത്തിൽ സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം പിബി അംഗം എ വിജയരാഘവൻ രംഗത്ത് വന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി മറ്റൊന്നും ഉന്നയിക്കാനില്ലാത്തത് കൊണ്ടാണ് കോൺഗ്രസ് ഇത് ആയുധമാക്കുന്നത്. ഈ നിലയിൽ വന്യജീവി പ്രശ്നം ഉണ്ടാകാൻ കാരണം കോൺഗ്രസുണ്ടാക്കിയ നിയമവും അതിനെ കൂടുതൽ ശക്തിപ്പെടുത്തിയ ബിജെപി നിലപാടുമാണെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി. നടന്നത് കുറ്റകൃത്യമെന്നായിരുന്നു ഇടത് സ്ഥാനാർത്ഥി എം സ്വരാജിൻ്റെ പ്രതികരണം.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]