
ദോഹ: വായനാപ്രേമികൾക്ക് ആഘോഷമായി ഖത്തറിന്റെ പുസ്തകോത്സവത്തിന് വ്യാഴാഴ്ച തുടക്കമായി. ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ 34ാമത് പതിപ്പ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി ഉദ്ഘാടനം ചെയ്തു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ (ഡി.ഇ.സി.സി) വേദിയാകുന്ന മേള 17 വരെ തുടരും. ‘കൊത്തുവേല മുതൽ എഴുത്ത് വരെ'(From Engraving to Writing) എന്നതാണ് ഇത്തവണ മേളയുടെ പ്രമേയം. ഖത്തറിലെ പ്രമുഖ സാംസ്കാരിക പരിപാടി എന്ന നിലയിൽ, ചിന്തയും അറിവുമാണ് അവബോധത്തിലും സർഗ്ഗാത്മകതയിലും അധിഷ്ഠിതമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറയെന്ന രാജ്യത്തിന്റെ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നു.
1,66,000ത്തോളം വിവിധ പുസ്തകങ്ങളുടെ വിപുലമായ ശേഖരം മേളയിൽ പുസ്തകപ്രേമികളെ കാത്തിരിക്കുന്നുണ്ട്. മേഖലയിലെ ഏറ്റവും വലിയ പുസ്തകമേളയിൽ ഇത്തവണ അതിഥിരാജ്യമായെത്തുന്നത് ഫലസ്തീനാണ്. ഫലസ്തീനിൽ നിന്ന് 11 പ്രസാധകരടക്കം 43 രാജ്യങ്ങളിൽനിന്നായി 552 പ്രസാധകർ ഇത്തവണ മേളയിലുണ്ട്. നിരവധി അന്താരാഷ്ട്ര പ്രസാധകരും ആദ്യമായി പങ്കെടുക്കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, നയതന്ത്ര സ്ഥാപനങ്ങൾ എന്നിവയും മേളയുടെ ഭാഗമാണ്.
രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് പ്രവേശനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി 10 വരെയുമായിരിക്കും. പത്തു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന പുസ്തക മേളയോടനുബന്ധിച്ച് വിവിധ സാംസ്കാരിക, കലാപരിപാടികൾ, സെമിനാർ, പ്രഭാഷണങ്ങൾ, ശിൽപശാല എന്നിവയും അരങ്ങേറും. സംഘാടകരായ ഖത്തർ സാംസ്കാരിക മന്ത്രാലയം മികച്ച പ്രസാധകർക്കും എഴുത്തുകാർക്കുമായി ദോഹ അന്താരാഷ്ട്ര പുസ്തകമേള പുരസ്കാരവും ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശിക, അന്താരാഷ്ട്ര പ്രസാധകർ, ബാല സാഹിത്യ പ്രസാധകർ, ക്രിയേറ്റിവ് റൈറ്റർ, യുവ ഖത്തരി എഴുത്തുകാരൻ എന്നീ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ സമ്മാനിക്കും.
മേളയിൽ മലയാളത്തിന്റെ ഏക സാന്നിധ്യമായി ഐ.പി.എച്ച് ബുക്സ് ഇത്തവണയുമുണ്ട്. കഴിഞ്ഞ 12 വര്‍ഷങ്ങളായി മലയാള പുസ്തകങ്ങളുമായി ദോഹ ബുക്ക് ഫെയറില്‍ സജീവമായി പങ്കെടുക്കുന്ന ഐ.പി.എച്ച് 600ലധികം മലയാള പുസ്തകങ്ങളുമായാണ് ഇത്തവണയെത്തുന്നത്. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് പുറമെ ഡി.സി, മാതൃഭൂമി, പ്രതീക്ഷ, ബുക്ക് പ്ലസ്, ഒലിവ്, അദര്‍ ബുക്സ്, മാധ്യമം ബുക്സ്, യുവത ബുക്സ് തുടങ്ങി നിരവധി പ്രസാധകരുടെ പുസ്തകങ്ങളും പവലിയനിൽ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രിക്ക് പുറമെ വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തു. പുതിയ രൂപത്തിൽ പ്രസിദ്ധീകരണത്തിലേക്ക് തിരിച്ചുവരുന്ന ദോഹ മാഗസിന്റെ പുതിയ പതിപ്പ് ചടങ്ങിൽ പ്രധാനമന്ത്രി പുറത്തിറക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]