
ദുബൈ: റെക്കോര്‍ഡ് ലാഭത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഗ്രൂപ്പ്. 22 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസാണ് എമിറേറ്റ്സ് ഗ്രൂപ്പ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. മെയ് മാസത്തെ ശമ്പളത്തിനൊപ്പം ഈ ബോണസും ജീവനക്കാര്‍ക്ക് ലഭിക്കുമെന്ന് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ജീവനക്കാര്‍ക്കായി കമ്പനി അയച്ച ഇ-മെയിലിലാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ വര്‍ഷങ്ങളിലും റെക്കോര്‍ഡ് ലാഭം നേടിയതിന് പിന്നാലെ ഗ്രൂപ്പ് ജീവനക്കാര്‍ക്ക് ബോണസ് നല്‍കിയിരുന്നു. 2024-25 ഒരു അതിശയകരമായ വര്‍ഷമാണെന്നും നമ്മുടെ ഓര്‍മ്മകളില്‍ എപ്പോഴും നിലനില്‍ക്കുന്ന സാമ്പത്തിക റിപ്പോര്‍ട്ട് കാര്‍ഡാണ് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ലഭിച്ചതെന്നും എമിറേറ്റ്സ് എയര്‍ലൈന്‍ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ഇ-മെയിലില്‍ അറിയിച്ചു. റെക്കോര്‍ഡ് ഫിനാന്‍ഷ്യല്‍ റിസൾട്ടിന് പിന്നാലെ 22 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസ് പ്രഖ്യാപിക്കുന്നതായും മെയ് മാസത്തെ ശമ്പളത്തിനൊപ്പം ഇത് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം എമിറേറ്റ്സ് ഗ്രൂപ്പ് ജീവനക്കാര്‍ക്കായി 20 ആഴ്ചത്തെ ശമ്പളം ബോണസായി നല്‍കിയിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ റെക്കോര്‍ഡ് ലാഭത്തിന് പിന്നാലെ 24 ആഴ്ചത്തെ ശമ്പളമാണ് ജീവനക്കാര്‍ക്ക് എമിറേറ്റ്സ് ഗ്രൂപ്പ് ബോണസായി നല്‍കിയത്. എമിറേറ്റില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കായി, ദുബൈ ആസ്ഥാനമാക്കിയുള്ള ഗ്രൂപ്പ് അഞ്ച് ശതമാനം ശമ്പള വര്‍ധനവും താമസ, ട്രാന്സ്പോര്ട്ടേഷന് അലവന്‍സ് വര്‍ധനയും നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ലാഭമേറിയ എയർലൈനാണ് എമിറേറ്റ്സ് എന്നും 2024-25 കാലയളവിലെ ഏറ്റവും ലാഭം നേടിയ ഏവിയേഷന്‍ ഗ്രൂപ്പും എമിറേറ്റ്സ് ഗ്രൂപ്പാണെന്ന് ശൈഖ് അഹ്മദ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]