
പിറ്റേന്ന് രാവിലെയായിരുന്നു ബവേജയുടെ യാത്ര. ഹോട്ടലിനു മുന്നില്‍ നിന്നും കാറില്‍ കയറി. മുന്നിലും പിന്നിലും അവരുടെ കാറുകള്‍. ലാഹോര്‍ നഗരത്തില്‍നിന്നും 29 കിലോ മീറ്റര്‍ യാത്ര. ചെന്നെത്തിയത് വലിയൊരു കെട്ടിട സമുച്ചയത്തിലേക്കായിരുന്നു. ജീവകാരുണ്യ സ്ഥാപനം എന്നാണ് സ്വയം വിളിക്കുന്നതെങ്കിലും അതിന് കലഷ്നിക്കോവ് തോക്കുകള്‍ ഏന്തിയ ഭീകരര്‍ കാവല്‍ നിന്നിരുന്നു.
ഇന്ത്യന്‍ മിസൈലുകള്‍ ചുട്ടെരിച്ച മുദ്രികെയിലെ ലഷ്കറെ ത്വയ്യിബ ആസ്ഥാനം. ആകാശൃദശ്യം. Photo: Gettyimages
ഇക്കഴിഞ്ഞ പാതിരാത്രിയില്‍ ഇന്ത്യന്‍ മിസൈലുകള്‍ ചുട്ടെരിച്ച മുദ്രികെയിലെ ലഷ്കറെ ത്വയ്യിബ ആസ്ഥാനത്തേക്ക്, 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഇന്ത്യന്‍ വനിത കടന്നുചെന്നു. യന്ത്രത്തോക്കേന്തിയ ഭീകരര്‍ സദാ കാവല്‍നിന്ന, കോട്ടപോലുള്ള ആ കെട്ടിടസമുച്ചയം നടന്നു കണ്ടു. അതിലുള്ളവരോട് ചോദ്യങ്ങള്‍ ചോദിച്ചു. ഇന്ത്യയിലെ എണ്ണം പറഞ്ഞ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്ട്ടമാരില് ഒരാളായ അവര്‍ക്ക് അതിനു സഹായം നല്‍കിയത് നവാസ് ഷെരീഫിനെറ മന്ത്രിസഭയിലെ ഉന്നതനായ ഒരു മുന്‍ മന്ത്രിയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് പറഞ്ഞ് പണിത ആ കെട്ടിടത്തില്‍ ദുരൂഹതകള്‍ ഏറെയാണെന്ന് അവര്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. തീര്‍ന്നില്ല, അതും കഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2010-ല്‍ വീണ്ടുമവര്‍ അവിടെ ചെന്നു. ഇത്തവണ പാക്കിസ്താനിലെ മുന്‍ പ്രധാനമന്ത്രിയായിരുന്നു അവരെ സഹായിച്ചത്.
മൂന്ന് പതിറ്റാണ്ടായി സംഘര്‍ഷഭൂമികളില്‍ മാധ്യമപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന ആ മാധ്യമപ്രവര്‍ത്തകയുടെ പേര് ഹരിന്ദര് ബവേജ. കാര്‍ഗില്‍ യുദ്ധമടക്കം വിശദമായി കവര്‍ ചെയ്യുകയും മുംബൈ ഭീകരാക്രമണത്തെയും കാര്‍ഗിലിനെയും കുറിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതുകയും ചെയ്ത ബവേജ ലഷ്കര്‍ ആസ്ഥാനത്ത് നടത്തിയ രണ്ട് സന്ദര്ശങ്ങളടക്കം വിശദമായി പ്രതിപാദിക്കുന്ന പുതിയ പുസ്തകം പുറത്തിറക്കാനിരിക്കുകയാണ്. ‘ഓപ്പറേഷന് സിന്ദൂറി’ല്‍ തവിടു പൊടിയാക്കപ്പെട്ട ലഷ്കര്‍ ആസ്ഥാനത്തിന്റെ ദൃശ്യങ്ങള്‍ ടിവി സ്ക്രീനുകളില്‍ നിറഞ്ഞുകൊണ്ടിരിക്കെ, തന്റെ മുദ്രികെ അനുഭവം വിശദമായി എഴുതിയിരിക്കുകയാണ് ഇപ്പോള്‍ അവര്‍. മര്‍ക്കസു ത്വയ്യിബ എളുപ്പത്തില്‍ കടന്നുചെല്ലാവുന്ന ഒരു കെട്ടിട സമുച്ചയമല്ല, കലഷ്നിക്കോവ് തോക്കേന്തിയ കാവല്‍ക്കാരുള്ള ഒരു കോട്ട തന്നെയാണെന്നാണ് ബവേജ പറയുന്നത്.
ഹരിന്ദര് ബവേജ
ലഷ്കര്‍ ആസ്ഥാനത്തെത്തിയ മാധ്യമപ്രവര്‍ത്തക
പാക് ഭീകരവാദത്തിന്റെ അടിവേരറുത്ത ‘ഓപ്പറേഷന് സിന്ദൂര്‍’ ലക്ഷ്യമിട്ടത് ഒമ്പത് കേന്ദ്രങ്ങളായിരുന്നു. എല്ലാം പാക്കിസ്താന് കേന്ദ്രമായി ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടെ ഇടങ്ങള്‍. അതില്‍, ഏറ്റവും ഏറ്റവും മാരകമായ ആക്രമണം നടത്തിയത് മുരിദ്കെയിലായിരുന്നു. ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്ന ലഷ്കറെ ത്വയ്യിബയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. മര്‍ക്കസു ത്വയ്യിബ. മുംബൈ ഭീകരാക്രമണത്തിനിടെ ജീവനോടെ പിടിയിലായ അജ്മല്‍ കസബ്, ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഡേവിഡ് കോള്മാന് ഹെ്ഡലി എന്നിവരടക്കമുള്ള ഭീകരര്‍ക്ക് മുരിദ്കെയിലെ ഈ കെട്ടിട സമുച്ചയത്തിലായിരുന്നു പരിശീലനം.
അതീവ സുരക്ഷാവലയങ്ങള്‍ തീര്‍ത്ത ഇവിടെയാണ് മാധ്യമ പ്രവര്‍ത്തക ഹരിന്ദര് ബവേജ ചെന്നത്. ഇവിടെ കയറിപ്പറ്റിയ ആദ്യ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബവേജ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ‘മാഡം, അവര്‍ നിങ്ങളെ വെടിവെക്കും: സംഘര്ഷഭൂമികളിലൂടെ എന്റെ ജീവിതം-(They will Shoot you, Madam: My Life Through Conflict)’ എന്ന പുസ്തകത്തില്‍ ലഷ്കര്‍ ആസ്ഥാനത്ത് നടത്തിയ രണ്ട് സന്ദര്‍ശനങ്ങളെക്കുറിച്ചും വിശദമായി പറയുന്നു. പ്രമുഖ പ്രസാധകരായ റോലി ബുക്സാണ് ഈ പുസ്തകം പുറത്തിറക്കുന്നത്. പുസ്തകത്തിലെ The Masters of Muridke എന്ന അധ്യായം ലഷ്കര്‍ ആസ്ഥാനത്തേക്ക് നടത്തിയ യാത്രയുടെ അനുഭവങ്ങളാണ്. ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ബവേജ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എഴുതിയ പുതിയ കുറിപ്പ് ലഷ്കര്‍ ആസ്ഥാനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കുന്നത്.
സംഘര്‍ഷമേഖലകളാണ് ഹരിന്ദര് ബവേജയുടെ പ്രിയപ്പെട്ട തൊഴില്‍ മേഖലകള്‍. മൂന്ന് പതിറ്റാണ്ടായി യുദ്ധങ്ങളും ഏറ്റുമുട്ടലുകളും ഭീകരാക്രമണങ്ങളും ചോരക്കളികളുമാണ് അവരുടെ റിപ്പോര്‍ട്ടിംഗ് ഇടങ്ങള്‍. ഇന്ത്യയിലും പാക്കിസ്താനിലും പല തട്ടുകളില്‍ ആഴത്തിലുള്ള ബന്ധങ്ങളുള്ള മാധ്യമപ്രവര്‍ത്തകയാണ് അവര്‍. തെഹല്‍ക്ക, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ്, ആജ് തക് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ച അവര്‍ക്ക് കശ്മീര്‍ സംഘര്‍ഷത്തെക്കുറിച്ച് വിപുലമായ ധാരണകളുണ്ട്. ‘എ സോള്‍ജിയേഴ്സ് ഡയറി: കാര്‍ഗില്‍ ദ ഇന്‍സൈഡ് സ്റ്റോറി’, ’26/11 മുംബൈ അറ്റാക്ക്ഡ്’ എന്നീ രണ്ടു പുസ്തകങ്ങള്‍ എഴുതി. ലഷ്കര്‍ ആസ്ഥാനത്തെ സന്ദര്‍ശനം അടക്കം സംഘര്‍ഷമേഖലകളിലെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂന്നാമത്തെ പുസ്തകം സെപ്തംബറിലാണ് പുറത്തിറങ്ങുന്നത്.
2008-ല്‍ തെഹല്‍ക്ക ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്ററായിരിക്കുമ്പോഴും 2010-ല്‍ പിന്നീട് ഇന്ത്യാ ടുഡേ എന്നു പേരുമാറ്റിയ ഹെഡ്ലൈന്‍സ് ടുഡേ ചാനലില്‍ ജോലി ചെയ്യുമ്പോഴുമായിരുന്നു മര്‍ക്കസു ത്വയ്യിബയില്‍ അവര്‍ എത്തിയത്. ഒരു മുന്‍ പാക് മന്ത്രിയുടെ സഹായത്തോടെയാണ് ആദ്യ തവണ അവര്‍ ലഷ്കര്‍ ആസ്ഥാനത്തു ചെന്നുപറ്റിയത്. രണ്ടാമത്തെ തവണ പോവാന്‍ ഒരു മുന്‍ പാക് പ്രധാനമന്ത്രിയുടെ സഹായം കിട്ടിയതായും പുസ്തകം ഇറങ്ങാത്തതിനാല്‍ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അവര്‍ ക്വിന്റ് പ്രസിദ്ധീകരിച്ച കുറിപ്പില്‍ എഴുതുന്നു.
എങ്ങനെ അകത്തുകടന്നു?
2008-ല്‍ 166 ജീവനുകളെടുത്ത മുംബൈ ഭീകരാക്രമണം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലാണ്, ഷമ്മി എന്ന് വിളിപ്പേരുള്ള ഹരിന്ദര് ബവേജ ആദ്യമായി പാക്കിസ്താനിലെ ലഷ്കര്‍ ആസ്ഥാനത്തെത്തിയത്. ആയുധധാരികളായി ഇന്ത്യന്‍ മണ്ണില്‍ എത്തിയ 10 പാക് ഭീകരവാദികള്‍ മുംബൈയില്‍ നടത്തിയ ആക്രമണം കോളിളക്കമുണ്ടാക്കിയ സമയം. ജീവനോടെ പിടിയിലായ അജ്മല്‍ കസബ് തനിക്ക് പരിശീലനം ലഭിച്ചത് മുരിദ്കെയിലാണെന്ന് അന്വേഷകരോട് വെളിപ്പെടുത്തിയ നേരം. അന്വേഷണ മുന ഹാഫിസ് സഈദിലേക്കും ലഷ്കറിലേക്കും നീങ്ങുന്ന വേള. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ ലഷ്കറാണെന്ന് സ്ഥിരീകരിക്കപ്പെട്ട അതേ സമയത്താണ് ഒരിന്ത്യന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിസ നല്കാന് പാക്കിസ്താന് തയ്യാറായതെന്ന വിചിത്രമായ കാര്യം കുറിപ്പില്‍ ഹരിന്ദര് ബവേജ എഴുതുന്നു.
”പബ്ലിസിറ്റിയാണ് എല്ലാ ഭീകരസംഘടനകളുടെയും ജീവവായു. ലഷ്കറിന്റെ ഈ താല്‍പ്പര്യം മുന്നില്‍ കണ്ടായിരുന്നു എന്റെ ശ്രമം. പാക് വിസ കിട്ടി ലാഹോറിലേക്ക് വിമാനം കയറുന്നതിനു മുമ്പു തന്നെ ഞാന്‍ ലഷ്കര്‍ ആസ്ഥാനത്തേക്ക് വിളികള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ലാഹോര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അബ്ദുല്ലാ മുന്തസിര് എന്റെ കോളുകള്‍ എടുത്തില്ല. ഇന്ത്യന്‍ നമ്പറില്‍നിന്നുള്ള വിളി ആയതാവാം കാരണം. എന്നാല്‍, ലാഹോറില്‍ വിമാനമിറങ്ങിയ ശേഷം ഒരു ലോക്കല്‍ നമ്പറില്‍നിന്നും ഞാന്‍ തുടര്‍ച്ചയായി വിളിച്ചപ്പോള്‍ അവസാനം അയാള്‍ കോള്‍ എടുത്തു.”- ബവേജ എഴുതുന്നു.
”അന്താരാഷ്ട്ര മാധ്യമങ്ങളുമായി സംസാരിക്കാനുള്ള ഉത്തരവാദിത്തം മുന്തസിറിനായിരുന്നു. ഞാന്‍ ചെല്ലുന്നതിന് തൊട്ടുമുമ്പ് ഒരു സംഘം വിദേശ മാധ്യമപ്രവര്‍ത്തകരെ അയാള്‍ ലഷ്കര്‍ ആസ്ഥാനത്ത് കൊണ്ടുപോവുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു കേന്ദ്രം മാത്രമാണ് മര്‍കസു ത്വയ്യിബ എന്നു വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഞാന്‍ വിളിച്ചപ്പോള്‍ അയാള്‍ ഒട്ടും താല്‍പ്പര്യം കാണിച്ചില്ല. ഞാന്‍ സ്വയം പരിചയപ്പെടുത്തിയതു മുതല്‍ തുടങ്ങി, പ്രശ്നം. ഹരിന്ദര് എന്ന പേര് പാക്കിസ്താനികള്‍ സ്ഥിരം തെറ്റിച്ചു വിളിക്കുന്നതിനാല്‍, എന്റെ ഇ മെയിലിലും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലും ഉപയോഗിച്ചുവരുന്ന ഷമ്മി ബവേജ എന്ന എന്ന വിളിപ്പേരിലാണ് ഞാന്‍ സ്വയം പരിചയപ്പെടുത്തിയത്. അതു കേട്ട് നിമിഷങ്ങള്‍ക്കകം അയാള്‍ പറഞ്ഞു, ‘ഗൂഗിള്‍ ചെയ്തു. അങ്ങനെയൊരു ബൈലൈന്‍ കാണുന്നില്ല…’
ഞാനപ്പോള്‍ ഹരിന്ദര് ബവേജ എന്ന എന്റെ ബൈലൈന്‍ സ്പെല്ലിംഗ് സഹിതം പറഞ്ഞു കൊടുത്തു. ”ഇപ്പോള്‍ തന്നെ നിങ്ങളെന്നോട് കള്ളം പറഞ്ഞു. ഞാനെങ്ങനെ നിങ്ങളെ വിശ്വസിക്കണം? പോരാത്തതിന് ഒരു ഇന്ത്യക്കാരിയും. എന്തായാലും, ഒരു ഇന്ത്യക്കാരിയെ മുരിദ്കെയില്‍ കൊണ്ടുപോവാമോ എന്ന് ഞാനൊന്ന് അന്വേഷിക്കട്ടെ…’ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് പുള്ളി ഫോണ്‍വെച്ചു.”
ഹരിന്ദര് ബവേജ അവിടെ നിര്‍ത്തിയില്ല. അവര്‍ മറ്റൊരു വഴി നോക്കി. നവാസ് ഷെരീഫ് മന്ത്രിസഭയിലെ അതിശക്തനായിരുന്ന ഒരു മുന്‍ മന്ത്രി.
”വര്‍ഷങ്ങളായി പാക്കിസ്താന് രാഷ്ട്രീയം കവര്‍ ചെയ്യുന്നതിനാല്‍ ഞാന്‍ അദ്ദേഹത്തെ പല വട്ടം കണ്ടിട്ടുണ്ടായിരുന്നു. ലാഹോറില്‍ വെച്ച് ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ, എനിക്ക് മുരിദ്കെയില്‍ പോവണമെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. ‘ഞാന്‍ ശ്രമിക്കാം. അവരുടെ ആളുകളെ പൊലീസ് പിടിക്കുമ്പോഴൊക്കെ ഞാനവരെ സഹായിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞാല്‍ അവര്‍ സഹായിക്കും.’ എന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് ഫോണില്‍ ആരെയോ വിളിച്ചു. ഭക്ഷണം കഴിച്ചു തീരുമ്പോഴേക്കും ഒരു സംഘമാളുകള്‍ അപ്പുറത്തെ വെയിറ്റിംഗ് റൂമില്‍ എത്തിയിട്ടുണ്ടായിരുന്നു. ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്ന അബ്ദുല്ല മുന്തസിറും മുംബൈ ഭീകരാക്രമണ സൂത്രധാരനായ കൊടുംഭീകരന് ഹാഫിസ് സഈദിന്റെ മകളുടെ ഭര്‍ത്താവ് ഖാലിദ് വലീദും അതിലുണ്ടായിരുന്നു. മുന്തസിറിന് എന്നെ കൊണ്ടുപോവാന്‍ ഒട്ടും താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ മുന്‍മന്ത്രിയോട് മറുത്തുപറയാനുള്ള മടി കാരണം അയാള്‍ സമ്മതിച്ചു.”
ഹാഫിസ് സഈദ്
ഭീകരതയുടെ പാഠശാല
പിറ്റേന്ന് രാവിലെയായിരുന്നു ബവേജയുടെ യാത്ര. ഹോട്ടലിനു മുന്നില്‍ നിന്നും കാറില്‍ കയറി. മുന്നിലും പിന്നിലും അവരുടെ കാറുകള്‍. ലാഹോര്‍ നഗരത്തില്‍നിന്നും 29 കിലോ മീറ്റര്‍ യാത്ര.
ചെന്നെത്തിയത് വലിയൊരു കെട്ടിട സമുച്ചയത്തിലേക്കായിരുന്നു. ജീവകാരുണ്യ സ്ഥാപനം എന്നാണ് സ്വയം വിളിക്കുന്നതെങ്കിലും അതിന് കലഷ്നിക്കോവ് തോക്കുകള്‍ ഏന്തിയ ഭീകരര്‍ കാവല്‍ നിന്നിരുന്നു.
ലഷ്കര്‍ ആസ്ഥാനത്തേക്ക് സ്വാഗതം, ഇതൊരു വിദ്യാഭ്യാസ സമുച്ചയമാണ്. ജമാഅത്തുദ്ദഅ്വ ഒരു ജീവകാരുണ്യ പ്രസ്ഥാനമാണ്. ഇന്ത്യക്കാരിയായതിനാല്‍ ഇതൊക്കെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് സമയമെടുക്കും.’-മുന്തസിര് മര്‍ക്കസു ത്വയ്യിബയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു.
60 ബെഡുകളുള്ള ഒരാശുപത്രി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള സ്കൂളുകള്‍. മദ്രസ, പള്ളി, ഗസ്റ്റ് ഹൗസ് ഇവയെല്ലാം ഉള്‍പ്പെട്ട സമുച്ചയം. തീര്‍ന്നില്ല, അവിടെ വലിയൊരു നീന്തല്‍ക്കുളവും ഉള്ളതായി ഹരിന്ദര് ബവേജ എഴുതുന്നു.
‘ആശുപത്രിയുടെ കെട്ടിടം വലുതായിരുന്നു. എന്നാല്‍, ബെഡുകളില്‍ ഒരൊറ്റ രോഗിയെയും കണ്ടില്ല. അതുപോലെ ഡോക്ടര്‍മാരെയോ നഴ്സുമാരെയോ ഒന്നും അവിടെങ്ങും കാണാനുണ്ടായിരുന്നില്ല. ബെഡ് ഷീറ്റുകള്‍ ഉപയോഗിക്കാതെ ഇട്ടതു കണ്ടു. സ്കൂളിനടുത്ത് മുഖം വെള്ള സ്കാര്‍ഫിട്ട് മറച്ച കുറച്ച് പെണ്‍കുട്ടികളെ മാത്രം കണ്ടു. അവിടെയുള്ള ചെടികളൊക്കെ വൃത്തിയായി സൂക്ഷിച്ചിരുന്നു.’
”2010-ല്‍ രണ്ടാമത്തെ തവണ അവിടെ ചെല്ലുന്നതിനു തൊട്ടുമുമ്പാണ് പാക് സൈന്യം മര്‍ക്കസു ത്വയ്യിബയുടെ നിയന്ത്രം ഏറ്റെടുത്തതായി വാര്‍ത്തകള്‍ വന്നത്. എന്നാല്‍, അപ്പോഴും പട്ടാളക്കാരല്ല, തോക്കേന്തിയ ലഷ്കര്‍ ഭീകരരുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു ആ സ്ഥാപനം’-ബവേജ കുറിപ്പില്‍ പറയുന്നു.
‘ഈ രാത്രി ഇവിടെ തങ്ങാന്‍ താല്‍പ്പര്യമുണ്ടോ’
അജ്മല്‍ കസബുമായി ബന്ധപ്പെട്ടാണ് മുരിദ്കെയിലെ മര്‍ക്കസു ത്വയ്യിബ ചര്‍ച്ചാ കേന്ദ്രമായത്. തനിക്ക് പരിശീലനം കിട്ടിയത് അവിടെയാണെന്നാണ് കസബ് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചത്.
അവിടെ എത്തിയപ്പോള്‍ സ്വഭാവികമായും ഹരിന്ദര് ബവേജ ആ ചോദ്യം ചോദിച്ചു.
‘അജ്മല്‍ കസബ് പഠിച്ചത് ഇവിടെയാണോ?’
‘അയാള്‍ പഠിച്ചിട്ടുണ്ടെങ്കില്‍ പോലും, പഠിത്തം കഴിഞ്ഞശേഷം കുട്ടികള്‍ എന്ത് ചെയ്യുന്നു എന്നതിന് ഉത്തരവാദിത്തം ഞങ്ങള്‍ക്കല്ല’ എന്നായിരുന്നു മുന്തസിറും ഖാലിദ് വലീദും നല്കിയ ഉത്തരം.
ഹരിന്ദര് ബവേജ ചോദ്യം നിര്‍ത്തിയില്ല. ഉത്തരങ്ങള്‍ അവരും.
”നിങ്ങള്‍ ലഷ്കറെ ത്വയ്യിബയെ പിന്തുണക്കുന്നുണ്ടോ” അതായിരുന്നു ഒരു ചോദ്യം.
”ഉണ്ട്’ എന്നായിരുന്നു അതിന് മുന്തസിര് നല്കിയ മറുപടി. ‘ഞങ്ങള്‍ ഒരേ മനസ്സുള്ളവരാണ്. അവര്‍ക്ക് ഞങ്ങള്‍ സഹായം നല്‍കുന്നുണ്ട്. അവര്‍ക്കായി ഫണ്ട് പിരിക്കുന്നുമുണ്ട്, അവരുടെ പബ്ലിസിറ്റി കാര്യങ്ങളും ഞങ്ങളാണ് ചെയ്തു കൊടുക്കുന്നത്”
”നിങ്ങള്‍ അവര്‍ക്ക് ആയുധങ്ങള്‍ കൊടുക്കുന്നുണ്ടോ?” ഈ ചോദ്യത്തിനുത്തരം ഇതായിരുന്നു:
”ഞങ്ങള്‍ നല്കുന്ന പണം കൊണ്ട് അവര്‍ ആയുധങ്ങളും വാങ്ങുന്നുണ്ടാവാം. എന്തായാലും ഇന്ത്യന്‍ സൈന്യത്തിന് പൂക്കള്‍ വാങ്ങാന്‍ അവരത് ഉപയോഗിക്കുന്നുണ്ടാവില്ല.”
ഹാഫിസ് സഈദിനെക്കുറിച്ചായിരുന്നു അടുത്ത ചോദ്യം. ”നിങ്ങളുടെ അമീര്‍ ഹാഫിസ് സഈദ് ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ടല്ലോ”
അതിന്, ഹാഫിസ് സഈദ് കശ്മീരിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയാണ് പിന്തുണയ്ക്കുന്നത് എന്നായിരുന്നു ലഷ്കര്‍ നേതാവു കൂടിയായ മുന്തസിര് നല്കിയ മറുപടി. ഹാഫിസിനെ ഭീകരവാദിയെന്ന് വിളിക്കുന്നത് ശരിയല്ലെന്നും ചോദ്യത്തിനുത്തരമായി അയാള്‍ പറഞ്ഞു.
”കശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ് മുഷര്‍റഫ് ഇന്ത്യയുമായി ചര്‍ച്ച നടത്തിയെന്ന് കേട്ടല്ലോ” എന്ന ചോദ്യത്തിന് ”കശ്മീരിനെ കുറിച്ച് പറയാന്‍ മുഷര്‍റഫ് ആരാണ്?” എന്നായിരുന്നു ഉത്തരം.
പാക് ചാരസംഘടനയായ ഐ എസ് ഐയെക്കുറിച്ചുള്ള ചോദ്യത്തോടെ ആ അഭിമുഖം അവസാനിച്ചതായി ബവേജ എഴുതുന്നു.
”ഐ എസ് ഐ നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ?”- ഇതായിരുന്നു ബവേജയുടെ ചോദ്യം.
”ആ ചോദ്യം കേട്ടതും മുന്തസിര് ചിരിച്ചു. എന്നിട്ട് ഒരു മറുചോദ്യം ചോദിച്ചു. ‘ഈ രാത്രി ഇവിടെ തങ്ങാന്‍ താല്‍പ്പര്യമുണ്ടോ?’
”ഇല്ല, എനിക്ക് മറ്റ് ജോലിയുണ്ട്”
അതായിരുന്നു ഹരിന്ദര് ബവേജയുടെ മറുപടി.
‘അയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ്!
ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം ഇല്ലാതാക്കിയത് ഭീകരതയുടെ പാഠശാല തന്നെയാണ്. മുദ്രികെയിലെ ലഷ്കര്‍ ആസ്ഥാനം. ഭീകരര്‍ക്ക് പരിശീലനം നല്‍കാനും ആക്രമണങ്ങള്‍ക്ക് സഹായം നല്കാനുമായി സ്ഥാപിച്ച കേന്ദ്രം. ഇന്ത്യയ്ക്ക് നിരന്തരം തലവേദന സൃഷ്ടിക്കാനായി പ്രവര്‍ത്തിക്കുന്ന ഒരിടം.
ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഭീകരകേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ ടിവി സ്ക്രീനുകളില്‍ നിറയുന്നതിനിടെ, താന്‍ വീണ്ടും മുന്‍തസിറിനെ വിളിച്ചുനോക്കിയെന്ന് പറഞ്ഞാണ് ബവേജ ലേഖനം അവസാനിപ്പിച്ചത്. ”അയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നായിരുന്നു വിളിക്കുമ്പോള്‍ ലഭിക്കുന്ന റെക്കോര്‍ഡഡ് സന്ദേശം.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
”ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഭീകരതയുടെ കേന്ദ്രങ്ങളും സ്വിച്ച്ഡ് ഓഫ് ആയിട്ടുണ്ടാവുമോ? കാത്തിരുന്ന് കാണാം.” എന്ന് എഴുതിയാണ് ബവേജ ലേഖനം അവസാനിപ്പിക്കുന്നത്.
ഹരിന്ദര് ബവേജയുടെ കുറിപ്പിന് കടപ്പാട്: