
ദില്ലി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ (ജിസിഎ) ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. ‘പാകിസ്ഥാൻ’ എന്ന പേരിലാണ് ഇ-മെയിൽ അയച്ചിരിക്കുന്നത്. ‘നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും’ എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഭീഷണിയെ തുടർന്ന് സുരക്ഷാ ഏജൻസികൾ ജാഗ്രത പാലിക്കുകയും വിഷയത്തിൽ ഗൗരവമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുപിന്നാലെയാണ് ഭീഷണി വന്നിരിക്കുന്നത്.
അടുത്ത ആഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രണ്ട് പ്രധാന ഐപിഎൽ മത്സരങ്ങൾ നടക്കാനിരിക്കെയാണ് ഭീഷണി വന്നിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് പൊലീസും സൈബർ ക്രൈം ടീമും ഉടനടി നടപടികൾ ആരംഭിക്കുകയും ഇ-മെയിലിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആരാണ്, എവിടെ നിന്നാണ് ഇത് അയച്ചതെന്ന് കണ്ടെത്താൻ ഊർജ്ജിതമായ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പൊലീസുമായും സുരക്ഷാ ഏജൻസികളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും സ്റ്റേഡിയത്തിലെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുന്നുണ്ടെന്നും ജിസിഎയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനുപുറമെ, ബിസിസിഐയെയും ഐപിഎൽ സംഘാടക സമിതിയെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഭീഷണിയുടെ സത്യാവസ്ഥ വിശദമായി അന്വേഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സാധ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മെയ് 14, 18 തീയതികളിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ മത്സരങ്ങൾ നടക്കാനിരിക്കെയാണ് ബോംബ് ഭീഷണി ലഭിച്ചിരിക്കുന്നത്. മെയ് 14ന് ഗുജറാത്ത് ടൈറ്റൻസ് ലക്നൗ സൂപ്പർ ജയന്റ്സിനെയും മെയ് 18 ന് ചെന്നൈ സൂപ്പർ കിംഗ്സിനെയുമാണ് നേരിടുക. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 1,32,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]