
ദില്ലി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചിയുടെ ഇന്ത്യ സന്ദർശനം ഇന്നാരംഭിക്കും. ഇന്ന് അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും ഇന്ത്യയും ഇറാനും തമ്മിലുള്ള 20-ാമത് ജോയിന്റ് കമ്മീഷൻ യോഗത്തിന് സഹ-അധ്യക്ഷത വഹിക്കും. ഇന്ത്യ-ഇറാൻ സൗഹൃദ ഉടമ്പടി ഒപ്പുവച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന സമയത്താണ് ഈ വർഷത്തെ യോഗം.
ഉഭയകക്ഷി യോഗത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യും. നിലവിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും പുതിയ സാധ്യതകൾ പര്യവേക്ഷണം ചെയ്യുുകയും ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക കരാറുകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഇറാൻ എംബസി X-ൽ പോസ്റ്റ് ചെയ്തു. ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇറാൻ വിദേശകാര്യ മന്ത്രി രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിനെ സന്ദർശിക്കും.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അരാഗ്ചിയുടെ സന്ദർശനം. പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകളിൽ കൃത്യമായ മിസൈൽ ആക്രമണങ്ങൾ നടത്തി ഇന്ത്യ പ്രതികരിച്ചു.
പാക് ബന്ധമുള്ള ഭീകരർ കശ്മീരിൽ നടത്തിയ മതപ്രേരിത ഭീകരാക്രമണത്തെ ഇറാൻ ശക്തമായി അപലപിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളിൽ ഇറാൻ ആശങ്ക പ്രകടിപ്പിച്ചു. ഇരുവിഭാഗവും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനുമായും ദീർഘകാല ബന്ധമുണ്ടെന്നും നിലവിലെ സാഹചര്യത്തെ ഗൗരവമായി കാണുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് പറഞ്ഞു. സ്ഥിതി കൂടുതൽ വഷളാകുന്നത് തടയാൻ ഇരു രാജ്യങ്ങളും നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ ആഴ്ചയുടെ തുടക്കത്തിൽ, അരാഗ്ചി പാകിസ്ഥാൻ സന്ദർശിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]