
ദില്ലി: നേപ്പാൾ – പാകിസ്ഥാൻ അതിർത്തിയിലുള്ള സംസ്ഥാനങ്ങൾ അവശ്യ വസ്തുക്കൾ ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ദുരന്ത നിവാരണ സേന, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ, എൻസിസി എന്നിവർ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാകണം. മാധ്യമങ്ങൾക്കും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. രാജ്യവിരുദ്ധ വിവരങ്ങൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ ശക്തമായ നടപടി ഉടനെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
അതേസമയം, അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുടെ നേതൃത്വത്തിൽ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയാണ്. നിയന്ത്രണ രേഖയിലെ സാധാരണക്കാർക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കിയിട്ടുമുണ്ട്. സായുധ സേനയെക്കുറിച്ച് അഭിമാനിക്കുന്നുവെന്നാണ് ഓപ്പറേഷൻ സിന്ദൂറിന് ശേഷം അമിത് ഷാ പ്രതികരിച്ചത്.
പഹൽഗാമിൽ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള ഭാരതത്തിന്റെ പ്രതികരണമാണ് ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യക്കും ഇവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നൽകാൻ മോദി സർക്കാർ നിശ്ചയിച്ചിരിക്കുന്നു. തീവ്രവാദത്തെ അതിന്റെ വേരുകളിൽ നിന്ന് ഉന്മൂലനം ചെയ്യാൻ ഭാരതം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]