
ദില്ലി: കോൺഗ്രസ് നേതാവ് സാം പ്രിതോദയുടെ പ്രസ്താവന വീണ്ടും വിവാദത്തിൽ. വടക്കുകിഴക്കൻ മേഖലയിലുള്ളവർ ചൈനക്കാരെ പോലെയാണെന്നും തെക്കേയിന്ത്യയിലുള്ളവര് ആഫ്രിക്കക്കാരെ പോലെയുമാണ് സാം പിത്രോദയുടെ പ്രസ്താവനയാണ് വിവാദമായത്. പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെപോലെ ആണെന്നും പിത്രോദ പറഞ്ഞിരുന്നു. പ്രസ്താവനയെ കോൺഗ്രസ് നേതാക്കൾ തള്ളിക്കളഞ്ഞപ്പോഴും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ പരിഹാസത്തിനും വിമർശനത്തിനും കാരണമായി.
ഇന്ത്യയുടെ വൈവിധ്യത്തിന് ഉദാഹരണമെന്ന് സൂചിപ്പിച്ചാണ് പ്രസ്താവന സാം പിത്രോദ നടത്തിയത്. വ്യത്യസ്തതകളുണ്ടെങ്കിലും അതൊന്നും പ്രശ്നമല്ലെന്നും എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നവരാണെന്നും പിത്രോദ പറഞ്ഞിരുന്നു. എന്നാൽ, ഇതിനെതിരെ കേസ് എടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശർമ്മയും മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങും പ്രതികരിച്ചു. പിത്രോദയുടെ പ്രസ്താവന കോൺഗ്രസ് തള്ളി. പരാമർശം നിർഭാഗ്യകരമാണെന്നും കോൺഗ്രസിന്റെ നിലപാട് അല്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടം സാം പിത്രോദയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.
പിത്രോദ തെക്കേ ഇന്ത്യക്കാരെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചുവെന്നും ചർമ്മത്തിന്റെ നിറമാണോ പൗരത്വം നിർണ്ണയിക്കുന്നതെന്നും മോദി ചോദിച്ചു. കറുത്ത നിറമുള്ള കൃഷ്ണനെ ആദരിക്കുന്നവരാണ് തങ്ങളെന്നും പിത്രോദയുടെ പ്രസ്താവനയില് രാഹുൽ മറുപടി പറയണമെന്നും മോദി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി കൂടിയായ നടി കങ്കണയും സാം പിത്രോദയുടെ വാക്കുകൾക്കെതിരെ രംഗത്തെത്തി. ഭിന്നിപ്പിക്കുണ്ടാക്കുന്നതും വംശീയ വിദ്വേഷമുണ്ടാക്കുന്നതുമായ പ്രസ്താവനയാണ് ഇതെന്ന് കങ്കണ പറഞ്ഞു. ഭിന്നിപ്പിച്ച് ഭരിക്കുക എന്നുള്ളതാണ് കോൺഗ്രസിന്റെ ആശയമെന്നും ആദ്യം മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ വിഭജിച്ചവർ ഇപ്പോൾ ഇന്ത്യക്കാരെ പരസ്പരം വിഭജിക്കുയാണെന്നും കങ്കണ പറഞ്ഞു.
സാം പിത്രോദയുടെ പ്രസ്താവന കോൺഗ്രസിന്റെ മനോനിലയാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് അണ്ണാമലൈ പറഞ്ഞു. ഇതു കാരണമായാണ് പ്രധാനമന്ത്രി കോൺഗ്രസ് മുക്ത ഭാരതത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സോഷ്യൽ മീഡിയയിലും സാം പിത്രോദയുടെ പ്രസ്താവന ചൂടേറിയ ചർച്ചകൾക്കും പരിഹാരങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ്.
Last Updated May 8, 2024, 7:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]