
ദില്ലി : ഹരിയാന നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമായിട്ടില്ലെന്ന അവകാശവാദവുമായി ബിജെപി. 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് മുഖ്യമന്ത്രി നയാബ് സൈനിയുടെ ഓഫീസിന്റെ അവകാശവാദം. ജെജെപി വിമതരുടെ പിന്തുണ തുടരുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മൂന്ന് സ്വതന്ത്ര എംഎല്‍എമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഹരിയാനയില്‍ ബിജെപി സർക്കാർ പ്രതിസന്ധിയിലായത്.
ഈ മാസം 25ന് ആറാംഘട്ടത്തില്‍ ഹരിയാനയില്‍ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഷ്ട്രീയ അട്ടിമറി. സർക്കാരിനെ പിന്തുണച്ചിരുന്ന സോംഭിർ സാങ്വാൻ, രണ്‍ദീർ ഗോല്ലെൻ, ധരംപാല്‍ ഗോണ്ടർ എന്നീ സ്വതന്ത്രർ പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിന് ഒപ്പം പോവുകയായിരുന്നു. ഒരു സ്വതന്ത്ര എംഎല്‍എ കൂടി ഒപ്പം വരുമെന്നാണ് കോണ്‍ഗ്രസിനെ പിന്തുണക്കാൻ തീരുമാനിച്ചവരുടെ അവകാശവാദം. അപ്രതീക്ഷിതമായ നീക്കം ബിജെപിക്ക് കനത്ത തിരിച്ചടിയായി.
നിലവില്‍ രണ്ട് ഒഴിവുകള്‍ ഉള്ള നിയമസഭയില്‍ 88 എംഎല്‍എമാരാണുളളത്. ഭൂരിപക്ഷത്തിന് 45 എംഎല്‍എമാരുടെ പിന്തുണ വേണമെന്നിരിക്കെ ബിജെപിക്കുള്ളത് 40 പേര് മാത്രമാണ്. ഹരിയാന ലോക്ഹിത് പാര്‍ട്ടിയുടെ ഏക എംഎല്‍എയുടെയും സ്വതന്ത്രരില്‍ രണ്ട് പേരുടെയും പിന്തുണ അടക്കം 43 പേരാണ് ബിജെപിക്ക് ഒപ്പമുള്ളത്. കോണ്‍ഗ്രസിന് സ്വതന്ത്രരുടെ അടക്കം 34 പേരുടെ പിന്തുണയുണ്ട്. മാർച്ചില്‍ സഖ്യകക്ഷിയായ ജെജെപി-എൻഡിഎ സഖ്യം വിട്ടിരുന്നു. എന്നാല്‍ വിമതരായ ജെജെപി എംഎല്‍എമാർ സഭയില്‍ ബിജെപിയും പിന്തുണച്ചു. അവരുടെ പിന്തുണ ഇനിയും ഉറപ്പിക്കാൻ ബിജെപിക്ക് ആയാല്‍ ഭൂരിപക്ഷം ലഭിക്കും. സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന കോണ്‍ഗ്രസ് വാദത്തെ തള്ളിയ ബിജെപി 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടു. എന്നാല്‍ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ലോക്സഭയ്ക്കൊപ്പം തന്നെ ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പും നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Last Updated May 7, 2024, 9:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]