
തിരുവനന്തപുരം: തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
”നിയമനിർമ്മാണ സഭയുടെ അധികാരങ്ങൾ ഗവർണർമാർ കയ്യടക്കുന്ന പ്രവണതയ്ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധി. അത് ജനാധിപത്യപത്യത്തിന്റെ വിജയമാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയർത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നത്” എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവർണർമാർക്ക് സംസ്ഥാന സർക്കാർ പാസാക്കുന്ന ബില്ലുകൾ അനിശ്ചിതകാലം പിടിച്ചു വയ്ക്കാനാവില്ലെന്നും 3 മാസം സമയ പരിധി നിശ്ചയിച്ചുകൊണ്ടുള്ളതുമായിരുന്നു സുപ്രീം കോടതി വിധി. ഇത് കേന്ദ്രസർക്കാരിന് കൂടി പ്രഹരമായി. ഗവർണർമാരെ ഉപയോഗിച്ച് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒതുക്കുന്ന കേന്ദ്രസർക്കാരിനു താക്കീതായി സുപ്രീംകോടതി വിധി വിലയിരുത്തപ്പെടുകയാണ്. ബില്ലുകൾ അനിശ്ചിതകാലം പിടിച്ചുവയ്ക്കുന്ന ഗവർണ്ണർമാരുടെ നീക്കം ചെറുക്കാൻ ബി ജെ പി ഇതര സംസ്ഥാന സർക്കാരുകൾക്ക് വിധി കരുത്താകും. വീറ്റോ അധികാരം ഗവർണ്ണർമാർക്കില്ല എന്ന കോടതി നിരീക്ഷണവും ഫെഡറൽ മൂല്യങ്ങൾ നിലനിറുത്തുന്നതിൽ നിർണ്ണായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net