
പൊലീസ് റിപ്പോർട്ട് തള്ളി, സർക്കാർ വാദം മതിയായ കാരണമല്ലെന്ന് കോടതി; ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് പരോൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് പരോൾ. 15 ദിവസത്തെ പരോളാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുവദിച്ചത്. പരോൾ അനുവദിക്കരുതെന്ന സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ ബിധി.
ഭർത്താവിന് 30 ദിവസത്തെ പരോൾ ആവശ്യപ്പെട്ട് നിഷാമിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സിംഗിൾ ബെഞ്ച് ഈ ആവശ്യം തള്ളിക്കളഞ്ഞു. നിഷാമും സഹോദരങ്ങളുമായി സ്വത്തു തർക്കം നിലനിൽക്കുന്നതിനാൽ തടവുപുള്ളിയെ പുറത്തു വിട്ടാൽ സാഹചര്യം മോശമാകാൻ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചായിരുന്നു പരോൾ നിഷേധിച്ചത്. മാത്രമല്ല, ജയിൽ അധികൃതരുമായുണ്ടായ മോശം സാഹചര്യങ്ങളെ തുടർന്നാണ് നിഷാമിനെ വിയ്യൂര് ജയിലിലേക്ക് സ്ഥലം മാറ്റിയതെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി.
സർക്കാർ വാദം പരോൾ അനുവദിക്കാതിരിക്കാൻ മതിയായ കാരണമല്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊലീസ് റിപ്പോർട്ട് എതിരാണ് എന്നത് ഇവിടെ പരോൾ നിഷേധിക്കാൻ പര്യാപ്തമല്ല. തടവുകാരൻ പുറത്തു പോയാൽ അവിടെ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പറയുന്നതിനു പകരം അതുണ്ടാകാതെ നോക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, പ്രൊബേഷൻ ഓഫിസർ പരോൾ അനുവദിക്കുന്നതിന് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. വിയ്യൂർ ജയിലിലേക്ക് മാറ്റിയതിന്റെ പേരിൽ നിഷാമിനെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2015 മുതൽ തുടർച്ചയായി ജയിലിൽ ആണെന്നും ഇതിനിടയിൽ ഏതാനും തവണ ഇടക്കാല ജാമ്യം ലഭിച്ചത് ഒഴിച്ചാൽ പരോൾ ലഭിച്ചിട്ടില്ലെന്നും നിഷാം ചൂണ്ടിക്കാട്ടിയിരുന്നു. തടവുകാരന് വർഷം 60 ദിവസം പുറത്തു നിൽക്കാൻ വ്യവസ്ഥയുണ്ട്. അതുകൊണ്ട് നിഷാമിന് നിയമപരമായി പരോൾ ലഭിക്കാൻ അർഹതയുണ്ടെന്നുമുള്ള വാദം അംഗീകരിച്ചുകൊണ്ടാണ് 15 ദിവസത്തെ പരോൾ അനുവദിച്ചത്. 2015ൽ തൃശൂരിലെ താമസ സ്ഥലത്ത് സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് വീഴ്ത്തി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നിഷാം ഇപ്പോൾ.