
ഔദ്യോഗിക പാനലിനെതിരെ മത്സരം വേണ്ട, മത്സരം നടന്നാൽ സമ്മേളനം റദ്ദാക്കും; കടുപ്പിച്ച് സിപിഐ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സമ്മേളനകാലത്തേക്കു കടന്നതോടെ ഭാരവാഹിത്വത്തിലേക്കു പരമാവധി മത്സരം ഒഴിവാക്കാനുള്ള നീക്കവുമായി സംസ്ഥാന നേതൃത്വം. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്ന നിര്‍ദേശമാണ് താഴേത്തട്ടിലേക്കു നല്‍കിയിരിക്കുന്നത്. ജില്ലാ നേതാക്കള്‍ക്കാണ് ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഏതെങ്കിലും തരത്തിലുള്ള മത്സരം നടക്കുകയാണെങ്കില്‍ ആ സമ്മേളനം തന്നെ റദ്ദാക്കാനാണ് തീരുമാനം. വീണ്ടും സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ സമ്മേളനം നടത്തി സമവായത്തിലൂടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശമാണ് നേതാക്കള്‍ക്കു നല്‍കിയിരിക്കുന്നത്. അടുത്തിടെ മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയിലിനെയും മുന്‍ എംപി ചെങ്ങറ സുരേന്ദ്രനേയും സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സമ്മേളനങ്ങളില്‍ വിഭാഗീയതയ്ക്കു തടയിടാനുള്ള നീക്കം സംസ്ഥാന നേതൃത്വം ശക്തമാക്കിയിരിക്കുന്നത്.
പാര്‍ട്ടിയുടെ ലോക്കല്‍ സമ്മേളനങ്ങളാണ് നടന്നുവരുന്നത്. അതു കഴിഞ്ഞ് ജില്ലാ സമ്മേളനങ്ങളിലേക്കു കടക്കും. സെപ്റ്റംബറിലാണ് സംസ്ഥാന സമ്മേളനം നടക്കുക. ഈ ഘട്ടത്തിലേക്ക് എത്തുമ്പോള്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയത ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് താഴേത്തട്ടിലുള്ള സമ്മേളനങ്ങില്‍ പോലും മത്സരങ്ങള്‍ പാടില്ല എന്ന നിലപാട് സ്വീകരിക്കുന്നത്.
പൂരം കലക്കല്‍, ബ്രൂവറി വിഷയങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള നേതാക്കള്‍ ഉന്നയിക്കുന്നത്. പല വിഷയങ്ങളിലും ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ കഴിയാതെ സമൂഹത്തില്‍ അവഹേളിക്കപ്പെടുന്ന നിലയിലാണ് പാര്‍ട്ടിയെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് എതിര്‍ശബ്ദങ്ങള്‍ പരമാവധി ഒഴിവാക്കാനുള്ള ശ്രമം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. അതേസമയം ചര്‍ച്ചകളിലൂടെയാണ് പാര്‍ട്ടിയില്‍ ശക്തമായ നിലപാടുകള്‍ രൂപീകരിക്കപ്പെടുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെ ഉള്‍പാര്‍ട്ടി ജനാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മയില്‍ പ്രതികരിച്ചു.