
ന്യൂയോർക്ക്: അമേരിക്കൻ ദമ്പതികളായ റിച്ചാർഡ് പെട്രോൺ ജൂനിയറിന്റെയും കാമുകി ഡാനിയേൽ ഇംബോയുടെയും തിരോധാനത്തിലെ ദുരൂഹത 20 വർഷങ്ങൾക്ക് ശേഷവും തുടരുന്നു. 20 വർഷങ്ങൾക്ക് മുമ്പ്, ഒരു ശനിയാഴ്ച രാത്രിയിൽ, റിച്ചാർഡ് പെട്രോൺ ജൂനിയറും കാമുകി ഡാനിയേൽ ഇംബോയും സുഹൃത്തുക്കളോടൊപ്പം ഫിലാഡൽഫിയയിലെ ബാറിൽ പോയി. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെയാണ് ബാറിൽ കയറിയത്. ഇംബോയെ ന്യൂജേഴ്സിയിലെ അവരുടെ വീട്ടിൽ ഇറക്കി ഫിലാഡൽഫിയയിലെ തന്റെ അപ്പാർട്ട്മെന്റിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. ബാറിൽ നിന്ന് പുറത്തുപോയതിനുശേഷം സുഹൃത്തുക്കളോ കുടുംബക്കാരോ പരിചയക്കാരോ തുടങ്ങി ആരും ഇവരെ കണ്ടിട്ടില്ല.
ദമ്പതികളെ അവസാനമായി ബാറിൽ കണ്ടതിനുശേഷം അവർ എവിടെയാണെന്ന് ഫോറൻസിക് തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചില്ലെന്ന് കേസിന്റെ മുഖ്യ അന്വേഷകനായിരുന്ന വിരമിച്ച എഫ്ബിഐ സ്പെഷ്യൽ ഏജന്റ് വിറ്റോ റോസെല്ലി പറഞ്ഞു. പ്രദേശത്തെ ടോൾ ബ്രിഡ്ജ് ക്യാമറകളിലൊന്നും അവരുടെ ട്രക്ക് പതിഞ്ഞിട്ടില്ലെന്നും ദമ്പതികളുടെ ക്രെഡിറ്റ് കാർഡുകളിലോ ബാങ്ക് അക്കൗണ്ടുകളിലോ യാതൊരു ഇടപാടും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെട്രോൺ ജൂനിയറിന്റെ കറുത്ത ഡോഡ്ജ് ഡക്കോട്ട പിക്ക്-അപ്പ് ട്രക്കും അന്ന് കാണാതായി. ഒരിക്കലും ഫോൺ ഓഫാക്കാത്ത സ്വഭാവമായിരുന്നു റിച്ചാർഡ്സിനെന്ന് അമ്മ മാർഗ് പെട്രോൺ പറയുന്നു. തുടർച്ചയായി വിളിച്ചിട്ടും ഫോണെടുക്കാതിരുന്നപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായെന്നും അവർ പറഞ്ഞു. ഇന്നുവരെ കേസിൽ ഒരു തുമ്പും ലഭിച്ചിട്ടില്ല. ദമ്പതികൾ തങ്ങളുടെ തിരോധാനം ആസൂത്രണം ചെയ്ത് മറ്റൊരു പ്രദേശത്തേക്ക് താമസം മാറി പുതിയൊരു ജീവിതം ആരംഭിച്ചതായി കുടുംബത്തിലെ ആരും കരുതുന്നില്ല.
ഒരു കൗമാരക്കാരന്റെയും ഒരു കുഞ്ഞിന്റെയും മാതാപിതാക്കളായിരുന്നു ഇരുവരും. മക്കളെ ഉപേക്ഷിച്ച് നാടുവിടാൻ യാതൊരു സാധ്യതയുമില്ലെന്ന് കുടുംബം പറയുന്നു. ദമ്പതികളുടെ തിരോധാനത്തെത്തുടർന്ന്, ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവാനിയ എന്നിവിടങ്ങളിലെ പൊലീസുമായി സഹകരിച്ച് അന്വേഷിച്ചു. ഡെലവെയർ നദിയെയും ഫിലാഡൽഫിയയ്ക്കും മൗണ്ട് ലോറലിനും ഇടയിലുള്ള മറ്റ് ജലാശയങ്ങളിൽ തിരയാൻ മുങ്ങൽ വിദഗ്ധരെ അയച്ചു. എങ്കിലും ഫലമൊന്നുമുണ്ടായില്ല.
2000 കളുടെ തുടക്കത്തിൽ സാങ്കേതികവിദ്യ ഇപ്പോഴുള്ളതിനേക്കാൾ വികസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അന്വേഷണം പരിമിതപ്പെട്ടു. നിലവിൽ ഫോറൻസിക് ശാസ്ത്രം വളരെയധികം പുരോഗമിച്ചിട്ടുണ്ടെങ്കിലും ഭൗതിക തെളിവുകളില്ലാത്തതിനാൽ അന്വേഷണത്തിന് ഗുണകരമായില്ല. കേസിൽ വിവരങ്ങൾ നൽകുന്നവർക്ക് എഫ്ബിഐ 15,000 ഡോളർ വരെ പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]