
വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലി തർക്കം: മുഖത്ത് തിളച്ച ചായ ഒഴിച്ചു, കത്തിക്കുത്ത്, കുരുമുളക് സ്പ്രേ; കാസർകോട്ട് തല്ലുമാല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെർക്കള ∙ വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ പിതാവിനും മകനും ഉൾപ്പെടെ നാലു പേർക്കു . ചെങ്കള സിറ്റിസൻ നഗർ ഫയാസ് വില്ലയിലെ ഇബ്രാഹിം സൈനുദ്ദീൻ (62), മകൻ ഫയാസ് വില്ലയിലെ ഫവാസ്(20), ആലംപാടി മടവൂർ റോഡ് തൈവളപ്പിലെ റസാഖ് മുഹമ്മദ് (50), സിറ്റിസൻ നഗർ തൈവളപ്പ് ഫയാസ് വില്ലയിലെ ടി.എം.മുൻഷീദ് (28) എന്നിവർക്കാണ് വെട്ടേറ്റത്. സാരമായ പരുക്കേറ്റ ഫവാസ് മംഗളൂരുവിലും മറ്റുള്ളവർ നാലാം മൈൽ സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്.
സംഭവത്തിൽ കണ്ടാലറിയാവുന്ന 5 പേർ ഉൾപ്പെടെ 10 പേർക്കെതിരെ വിദ്യാനഗർ പൊലീസ് വധശ്രമത്തിനു കേസെടുത്തു. എറമാളത്തെ അബ്ദുൽ ഖാദർ(24), മുഹമ്മദ് അസറുദ്ദീൻ(29), മൊയ്തു(68) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള നാലാം മൈലിൽ സഹകരണ ആശുപത്രിക്കു സമീപത്ത് കഴിഞ്ഞ ദിവസം രാത്രി 11.15ന് ആയിരുന്നു അക്രമം. നാലാം മൈലിലെ മുൻ പ്രവാസി കൂടിയായ കെ.സി.മുസ്തഫയുടെ വീടിനു മുന്നിൽ തൈവളപ്പ് എരുമാളത്തുള്ള യുവാക്കളെത്തി പടക്കം പൊട്ടിക്കുന്നത് വീട്ടുടമസ്ഥൻ ഉൾപ്പെടെയുള്ളവർ പാടില്ലെന്നു പറഞ്ഞിരുന്നു. ഇതിനെ സമീപത്തുണ്ടായിരുന്നവർ ചോദ്യം ചെയ്തപ്പോൾ തട്ടുകടയിൽനിന്ന് ചായകുടിക്കുകയായിരുന്ന പടക്കം പൊട്ടിച്ചവരിലൊരാൾ മുഹമ്മദ് ഫവാസിന്റെ മുഖത്തേക്ക് തിളച്ച ചായ ഒഴിക്കുകയായിരുന്നു. ഈ പ്രശ്നം പറഞ്ഞു തീർക്കുകയും പടക്കം പൊട്ടിച്ചവരെ പറഞ്ഞുവിടുകയും ചെയ്തു.
സംഭവം ഫോണിലൂടെ പറഞ്ഞറിഞ്ഞ് സ്ഥലത്തെത്തിയ ഇബ്രാഹിം സൈനുദ്ദീനും ബന്ധുക്കളും മുഹമ്മദ് ഫവാസിനെയും കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഘം അക്രമിച്ചതെന്നു പറയുന്നു. ഇവർക്കു പിന്നാലെ എറമാളത്തുനിന്ന് വടിവാളുകളും കത്തികളുമായെത്തിയ പത്തോളം പേർ മുഹമ്മദ് ഫവാസിന്റെ മുഖത്ത് കുരുമുളക് സ്പ്രേയടിച്ച് അക്രമിക്കുകയായിരുന്നുവെന്നാണ് ചികിത്സയിലുള്ളവർ പറയുന്നത്.
പ്രതികൾ പടക്കം പൊട്ടിച്ചത് തന്റെ മകനും സുഹൃത്തുക്കളും ചോദ്യം ചെയ്ത വിരോധമാണ് അക്രമത്തിനു കാരണമെന്നു ഇബ്രാഹിം സൈനുദ്ദീൻ മൊഴി നൽകി. ഇബ്രാഹിം സൈനുദ്ദീന്റെ തലയിൽ കത്തികൊണ്ട് മൂന്നു തവണ കുത്തുന്നത് ഉൾപ്പെടെയുള്ള അക്രമദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്നു പൊലീസ് അറിയിച്ചു.