
ഇടുക്കി: വിവാദ സിനിമയായ ‘ദ കേരള സ്റ്റോറി’ കൗമാരക്കാര്‍ക്കായി വിവിധ പള്ളികളില്‍ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. പത്തു മുതല്‍ പ്ലസ് ടു വരെയുള്ള വിശ്വാസികള്‍ക്കായി സഭ പളളികളില്‍ സംഘടിപ്പിച്ച വിശ്വാസോല്സവം എന്ന വേദ പാഠ പരിപാടിയുടെ ഭാഗമായാണ് ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നും എന്നാല്‍ കേരളത്തിലിപ്പോഴും ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നാണ് സഭ നിലപാടെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷന് ഫാ. ജിൻസ് കാരക്കാട്ട് വ്യക്തമാക്കി.
ദൂരദര്ശന് കഴിഞ്ഞ ദിവസം കേരള സ്റ്റോറി സംപ്രക്ഷേണം ചെയ്യുന്നതിനു തൊട്ടുതലേന്നായിരുന്നു ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ പത്തു മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്റെ ഭാഗമായായിരുന്നു പ്രദര്‍ശനാണ് വിശദീകരണം.
ദൂരദര്ശന് കേരള സ്റ്റോറി പ്രദര്ശിപ്പിച്ടപ്പോഴും എല്ലാവരും സിനിമ കാണണമെന്നാവശ്യപ്പെട്ട് വിവിധ പള്ളികളില്‍ നിന്നും കൂടുംബ കൂട്ടായ്മ ഗ്രൂപ്പുകളില്‍ സന്ദേശമയച്ചിരുന്നു. ടിടി പ്ലാറ്റ് ഫോമുകളിലടക്കം ലഭ്യമായ നിരോധിക്കാത്ത സിനിമ കാണിക്കുന്നതില്‍ എന്ത് തെറ്റെന്നാണ് ഇടുക്കി രൂപതയുടെ ചോദ്യം. ലൗജിഹാദ് സംബന്ധിച്ച് സഭയുടെ വിവിധ രൂപതകള്‍ക്ക് വ്യത്യസ്ത അഭിപ്രയാമാണെന്ന് വ്യക്തമാക്കുന്നതാണ് ഇടുക്കി രൂപതയുടെ നിലപാട്.
സംസ്ഥാനത്ത് ലൗജിഹാദില്ലെന്നാണ് കണ്ണൂര്‍ രൂപതയുടെ പരസ്യ നിലപാട്. ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ദൂരദര്ശന് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിനെ തള്ളിപ്പറഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ എന്ത് നിലപാട് എടുക്കും എന്നതും പ്രധാനം. സംസ്ഥാനത്തെ അപമാനിക്കുന്ന സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപയുടെ നിലപാട് തെറ്റായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു.
Last Updated Apr 8, 2024, 3:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]