
ദില്ലി: താജ്മഹലിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥനും വിനോദസഞ്ചാരിയും തമ്മിൽ കയ്യാങ്കളി. സിഐഎസ്എഫ് സബ് ഇൻസ്പെക്ടറും ആഗ്രയിലെ താജ്മഹലിലെത്തിയ ഒരു വിനോദസഞ്ചാരിയും തമ്മിലാണ് തർക്കമുണ്ടായത്. ഇതിൻ്റെ വീഡിയോ പുറത്തുവരികയായിരുന്നു. നിരോധനം വകവയ്ക്കാതെ സ്മാരകത്തിൻ്റെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചതാണ് തർക്കത്തിനും കയ്യാങ്കളിക്കും കാരണമായത്.
വിനോദസഞ്ചാരിയും ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥൻ രമേഷ് ചന്ദും തമ്മിലാണ് രൂക്ഷമായ വാക്കേറ്റമുണ്ടായതെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സന്ദർശകർ താജ്മഹലിലെ വീഡിയോ നിരോധിച്ച സ്ഥലത്ത് വീഡിയോ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചത്. വീഡിയോ റെക്കോർഡ് ചെയ്യുന്നതിൽ നിന്ന് തടഞ്ഞപ്പോൾ യുവാവ് ഉദ്യോഗസ്ഥനുമായി വാക്ക് തർക്കമുണ്ടാവുകയായിരുന്നു. എന്നാൽ മുന്നറിയിപ്പ് നൽകിയിട്ടും അവർ റെക്കോർഡിംഗ് തുടരുകയായിരുന്നു. ഇതോടെ വിനോദസഞ്ചാരികളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ശ്രമിച്ചത് സംഘർഷമുണ്ടാക്കി.
യുവാവ് പൊലീസുകാരനെ തള്ളിയിടുന്നതും നിലത്തു വീഴുന്നതുമെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വീണ്ടും അടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഉദ്യോഗസ്ഥൻ സ്വയം പ്രതിരോധിക്കുകയായിരുന്നു. എന്നാൽ സംഘർഷം തുടർന്നതോടെ കൂട്ടത്തിലുള്ള പെൺകുട്ടി സംഭവം അധികൃതരെ വിളിച്ച് അറിയിക്കുകയായിരുന്നു. വീഡിയോ റെക്കോർഡ് ചെയ്യാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് വിനോദസഞ്ചാരികൾ പ്രകോപിതരാവുകയും ശാരീരികമായ ആക്രമിക്കുകയുമായിരുന്നെന്ന് ഓഫീസർ രമേഷ് ചന്ദ് പറഞ്ഞു.
ഇരുഭാഗത്തുനിന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൻ്റെ യഥാർത്ഥ വസ്തുത കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾക്കൊപ്പം വൈറലായ വീഡിയോയും പൊലീസ് പരിശോധിച്ചുവരികയാണെന്നും സിഐഎസ്എഫ് കമാൻഡൻ്റ് രാഹുൽ യാദവ് പറഞ്ഞു. വിഷയം അന്വേഷിച്ച് വരികയാണ്. അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും യാദവ് പറഞ്ഞു.
താജ്മഹൽ ലോക പ്രശ്സതമായത് കൊണ്ട് തന്നെ സന്ദർശകരോട് മാർഗ്ഗനിർദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കാൻ അധികാരികൾ അഭ്യർത്ഥിച്ചു.
Last Updated Apr 8, 2024, 12:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]