
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 235 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ രോഹിത് ശര്‍മയുടെയും ഇഷാന് കിഷന്റെയും ടിം ഡേവിഡിന്റെയും റൊമാരിയോ ഷെപ്പേര്‍ഡിന്റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. അവസാന നാലോവറിൽ 84 റണ്‍സാണ് മുംബൈ അടിച്ചത്. ഇതില്‍ 51 റണ്‍സും അവസാന രണ്ടോവറിലായിരുന്നു. 27 പന്തില്‍ 49 റണ്‍സടിച്ച രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു.
രോഹിത് വെടിക്കെട്ട്, ഷെപ്പേര്‍ഡിന്റെ അടിപൂരം
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ മുംബൈക്ക് രോഹിത്തും ഇഷാന് കിഷനും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കാമാണ് നല്‍കിയത്.ഇഷാന്ത് ശര്‍മയെറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സടിച്ച് വെടിക്കെട്ട് തുടങ്ങിയ രോഹിത് ജെയ് റിച്ചാര്ഡ്സണ് എറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായി സിക്സുകള്‍ പറത്തി ടോപ് ഗിയറിലായി. അക്സര്‍ പട്ടേലിനെയും സിക്സിന് പറത്തിയ രോഹിത് പവര്‍ പ്ലേയില്‍ മുംബൈയെ 75 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ ഏഴാം ഓവറിലെ അവസാന പന്തില്‍ അക്സര്‍ രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കി. 23 പന്തില്‍ 49ല്‍ എത്തിയ രോഹിത് പിന്നീട് മൂന്ന് പന്തുകള്‍ തട്ടിയിട്ടശേഷം നാലാം പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. മാസങ്ങളുടെ ഇടവേളക്കുശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് രണ്ട് പന്തുകളുടെ ആയുസെ ഉണ്ടായിരുന്നുള്ളു. യോര്ക്കറോടെ സൂര്യയെ വരവേറ്റ ആന്റിച്ച് നോര്‍ക്യ അടുത്ത പന്തില്‍ സൂര്യയെ മിഡോണില്‍ ഫ്രേസര്‍ മക്ഗുര്‍ക്കിന്റെ കൈകളിലെത്തിച്ചു.
നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ട ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. അതുവരെ പതുങ്ങി നിന്ന കിഷനും തകര്‍ത്തടിച്ചതോടെ മുംബൈ പടുകൂറ്റന്‍ സ്കോറിലെത്തുമെന്ന് കരുതി. എന്നാല്‍ ഇഷാന് കിഷനെ(23 പന്തില്‍ 42) സ്വന്തം ബൗളിംഗില്‍ ഒറ്റക്കൈയില്‍ പറന്നു പിടിച്ച അക്സര്‍ പിന്നീടെത്തിയ തിലക് വര്‍മയെയും(6) ഖലീല്‍ അഹമ്മദിന്റെ പന്തില്‍ മനോഹരമായി കൈയിലൊതുക്കിയതോടെ മുംബൈ 120-4ലേക്ക് വീണു. ഇതോടെ പ്രതിരോധത്തിലേക്ക് നീങ്ങിയ മുംബൈയെ പിന്നീട് എത്തിയ ടിം ഡേവിഡും റൊമാരിയോ ഷെപ്പേര്‍ഡും ചേര്‍ന്നാണ് 23ല്‍ എത്തിച്ചത്.
It stays hit when the 𝙃𝙄𝙏𝙈𝘼𝙉 hits it 🚀
— JioCinema (@JioCinema)
ഖലീല്‍ അഹമ്മദിനെ തുടര്‍ച്ചയായി സിക്സിന് പറത്തിയ ഡേവിഡ് നോര്ക്യയെയയും ഇഷാന്ത് ശര്‍മയെയും സിക്സിന് പറത്തി. പതിനെട്ടാം ഓവറില്‍ ഹാര്‍ദ്ദിക്കിനെ(33 പന്തില്‍ 39) നോര്‍ക്യ മടക്കിയെങ്കിലും ഇഷാന്ത് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 19 റണ്‍സടിച്ച മുംബൈ നോര്‍ക്യ എറിഞ്ഞ അവസാന ഓവറില്‍ 32 റണ്‍സ് കൂടി നേടിയാണ് 234ല്‍ എത്തിയത്. 21 പന്തില്‍ 45 റണ്‍സുമായി ടിം ഡേവിഡും 10 പന്തില്‍ മൂന്ന് ഫോറും നാലു സിക്സും പറത്തി 39 റണ്‍സുമായി ഷെപ്പേര്‍ഡും പുറത്താകാതെ നിന്നു.
ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍ 35 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആന്റിച്ച് നോര്‍ക്യ 65 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
Last Updated Apr 7, 2024, 5:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]