
പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ വീട്ടുജോലിക്കാരിയുമായി പ്രണയം നടിച്ച ഭർത്താവിന് ഒടുവില്‍ ദാരുണാന്ത്യം. ചൈനയിൽ ഒരു ഫുഡ് കമ്പനി നടത്തിയിരുന്ന ഷീ എന്ന വ്യക്തിയാണ് വീട്ടു ജോലിക്കാരിയുടെ കുത്തേറ്റ് മരിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. സ്കൂൾ പഠന കാലത്താണ് തന്റെ സഹപാഠിയായ പെൺകുട്ടിയുമായി ഷി അടുപ്പത്തിലാകുന്നതും പിന്നീട് ഇരുവരും വിവാഹം കഴിക്കുന്നതും. സന്തോഷകരമായ ആ ദാമ്പത്യ ജീവിതത്തിൽ ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ടായി.
എന്നാല്‍ പിന്നീട് ഇരുവരും തമ്മിൽ അകൽച്ചയിൽ ആവുകയും ഭാര്യ, ഷീയെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി പോവുകയും ചെയ്തു. അതേസമയം മക്കളുടെ സംരക്ഷണ അവകാശം ഷീയ്ക്കായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ മക്കളെ നോക്കുന്നതിനായി ലീ എന്ന് പേരുള്ള ഒരു യുവതിയെ അദ്ദേഹം തന്റെ വീട്ടുജോലിക്കായി കണ്ടത്തി.അതേസമയം പിണങ്ങിപ്പോയ ഭാര്യയുമായി വീണ്ടും ഒരുമിച്ച് ജീവിക്കണമെന്ന് ഷീയ്ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഭാര്യയെ തിരികെ വിളിക്കാൻ അയാള്‍ തയ്യാറായില്ല.
തുടർന്ന് ഭാര്യ സ്വന്തം ഇഷ്ടപ്രകാരം വീട്ടിലേക്ക് തിരിച്ചു വരുന്നതിനായി അയാൾ ഒരു പദ്ധതി ആവിഷ്കരിച്ചു. വീട്ടുജോലിക്കാരിയുമായി പ്രണയം നടിച്ച് ഭാര്യയെ പ്രകോപിപ്പിച്ച് വീട്ടിലെത്തിക്കുക എന്നായിരുന്നു ഷീയുടെ തന്ത്രം. അങ്ങനെ വീട്ടുജോലിക്കാരിയുമായി ഷീ, പ്രണയം നടിച്ചു. തങ്ങൾ തമ്മിലുള്ള ബന്ധം സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും നാട്ടുകാരെയും വീട്ടുകാരെയും അറിയിക്കുകയും ചെയ്തു. അയാളുടെ തന്ത്രം വിജയിച്ചു. പിണങ്ങിപ്പോയ ഭാര്യ തിരികെ വീട്ടിലെത്തി. അതോടെ ഷീ താൻ അഭിനയിക്കുകയായിരുന്നുവെന്നും ലീയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പരസ്യമാക്കി. മാത്രമല്ല ലീയുമായുള്ള സകല ബന്ധവും അവസാനിപ്പിക്കുകയും അവളെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു.
താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ലീ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. ക്രിമിനൽ സ്വഭാവമുള്ള തന്റെ മറ്റൊരു ബന്ധുവിന്റെ സഹായത്തോടെ അവൾ ഷീയെ ആക്രമിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. പോലീസ് പിടിയിലായ ലീ തനിക്ക് ഷീയെ ഒരു പാഠം പഠിപ്പിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കൊലപ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും പറഞ്ഞു. ലീയുടെ അവകാശവാദങ്ങൾ നിഷേധിച്ച കോടതി അവളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും സഹായിയായി കൂടെ നിന്ന വ്യക്തിക്ക് 11 വർഷത്തെ തടവ് വിധിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
Watch Video: സുരക്ഷിതമായി താഴെയെത്തും; അഞ്ചാം നിലയില്‍ നിന്നും വസ്ത്രങ്ങൾ നിറച്ച വാഷിംഗ് മെഷ്യൻ തള്ളിയിട്ടു; വീഡിയോ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]