
‘നിങ്ങളുടെ ഗ്രന്ഥാലയങ്ങള്‍ താഴിട്ട് പൂട്ടുക, അതാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍… പക്ഷേ, നിങ്ങള്‍ക്ക് എന്റെ ചേതനയുടെ സ്വാതന്ത്ര്യത്തിന് മേല്‍ വാതിലുകളോ താഴുകളോ, പൂട്ടുകളോ സ്ഥാപിക്കാനാവില്ല തന്നെ…’
-വെര്‍ജീനിയാ വൂള്‍ഫ്
വേഗതകൂട്ടാം, കൃത്യതയോടെ പ്രവര്‍ത്തിക്കാം ലിംഗ സമത്വത്തിനായി രാജ്യാന്തര വനിതാ ദിനത്തിന്റെ ഇത്തവണത്തെ സന്ദേശം ഇതാണ്. സമത്വം തൊഴിലിടമുള്പ്പെടെ എല്ലായിടത്തു വേണം. കേരളത്തില്‍ ഇത്തവണ വനിതാ ദിനത്തില്‍ ചെയ്യേണ്ട പ്രഥമകാര്യം ആശാ വര്‍ക്കര്‍മാരുടെ സമരം ഒത്തു തീര്‍ക്കുക എന്നതാണ്.
വാശിയും വൈരാഗ്യവും ഉപേക്ഷിച്ച് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണം, മുഖ്യമന്ത്രി തന്നെ നേരിട്ട് ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധികളെ കണ്ടു സംസാരിക്കണം. കഴിയുന്നത്ര ആനുകൂല്യങ്ങളും വേതന വര്‍ധനയും നല്‍കുകയാണ് വേണ്ടത്. അവര്‍ ആവശ്യപ്പെടുന്നത് ന്യായമായ കാര്യങ്ങളാണ്, അതു കേള്‍ക്കുക, ഇനിയും വെച്ചു വൈകിപ്പിക്കാതെ തീരുമാനമെടുക്കുക. ഇതിത്ര പ്രയാസമുള്ള കാര്യമായി മാറ്റേണ്ടതില്ല. മറ്റുള്ള കാര്യങ്ങള്‍ ഇതിന് ശേഷം മതി. കേരളത്തിലെ ഓരോ വ്യക്തിയെയും കുടുംബത്തെയും നല്ല പ്രവര്‍ത്തനത്തിലൂടെ ചേര്‍ത്തു പിടിച്ച ഒരു തൊഴില്‍ മേഖലയെ, അവിടെ അഹോരാത്രം പണിയെടുക്കുന്ന അമ്മമാരെയും സഹോദരിമാരെയും വെയിലത്തും മഴയത്തും നിര്‍ത്തിയിട്ട് എന്തു വനിതാ ദിനം?
തൊഴില്‍മേഖയില്‍ കേരളത്തില്‍ കാണുന്ന ഒരു ട്രെന്‍ഡ് കൂടി കണ്ടുപോകാം. സമസ്ത തൊഴില്‍ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം കുറഞ്ഞു വരുന്നുവെന്നത് ശ്രദ്ധിക്കപ്പെടണം. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചു വരുന്ന അസ്വസ്ഥപ്പെടുത്തുന്ന കണ്ടെത്തലാണിത്. സമൂഹവും സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും അതീവ ഗൗരവമായി കാണേണ്ട ഒന്നായി ഇത് മാറിയിട്ടുണ്ട്. ജനസംഖ്യയില്‍ പുരുഷന്മാരെക്കാള് വനിതകളുള്ള സംസ്ഥാനം, സ്കൂള്‍ പഠനത്തിലും സാക്ഷരതയിലും രാജ്യത്ത് മുന്നില്‍. ഉന്നതപഠനത്തില്‍ ഏറെ മുന്നേറ്റമുണ്ടാക്കി. ഇതാണ് മലയാളി സ്ത്രീയുടെ പ്രധാനനേട്ടം. ആരോഗ്യ സര്‍വകലാശാല നടത്തുന്ന എം.ബി.ബി.എസ് മുതല്‍ പാരാമെഡിക്കല്‍ കോഴ്സുകള്‍ വരെയുള്ള വൈദ്യശാസ്ത്ര പഠന കോഴ്സുകളുടെ നിലകൂടി സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ കാണാനിടയായി. ആകെ വിദ്യാര്‍ഥികളില്‍ മൂന്നില്‍ രണ്ടും പെണ്‍കുട്ടികള്‍! എന്തൊരു അഭിമാനകരമായ നേട്ടമാണിത്. ബിരുദാനന്തര ബിരുദ കോഴ്സുകളിലും ഗവേഷണ രംഗത്തും സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്.
ഇങ്ങനെയൊക്കെയായിട്ടും തൊഴില്‍രംഗത്ത് സ്ത്രീ പ്രാതിനിധ്യം കുറയുന്നെങ്കില്‍ അത് സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടണം. അത് സാമൂഹികവും സാമ്പത്തികവുമായി വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. തൊഴിലെടുക്കുന്നില്ലെങ്കില് വരുമാനമില്ല, വീടിന് പുറത്തെ ലോകവുമായി ബന്ധമില്ല, സ്വാതന്ത്ര്യം കുറയും, സമൂഹത്തിന്റെ സൃഷ്ടിയില്‍ പങ്കാളികളാകാതെ ഒറ്റപ്പെട്ടുപോകും, സാമ്പത്തിക മുന്നേറ്റത്തില്‍ ഒരു പങ്കുമില്ലാതെ നില്ക്കും. ഇങ്ങനെ ഇതുണ്ടാക്കുന്ന ആഘാതങ്ങളുടെ പട്ടിക നീണ്ടതാണ്. അത് വ്യക്തിപരമായ തിരിച്ചടിയും സമൂഹത്തിന്റെ പിറകോട്ടുള്ള പോക്കുമായി കാണാവുന്നതാണ്.
പരമ്പരാഗത മേഖലകളായ അധ്യാപനം നഴ്സിങ് തുടങ്ങിയവയ്ക്ക് പുറത്ത് എന്തെല്ലാം പഠിക്കാനും പ്രവര്‍ത്തിക്കാനും സ്ത്രീക്ക് കഴിയുന്നു? എന്താണ് തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് വനിതളെ പിന്നോട്ടടിക്കുന്നത്? കൂട്ടുകുടുംബ വ്യവസ്ഥ ഇല്ലാതെയായതോടെ സാമൂഹികമായ പിന്തുണക്കുള്ള സംവിധാനങ്ങളുടെ അഭാവം കൂടി ആയപ്പോള്‍ ഉയര്‍ന്ന യോഗ്യതയുണ്ടെങ്കില്‍ പോലും കുടുംബം നോക്കിയാല്‍ മതി തൊഴിലിന് പോകാനാവില്ലെന്ന സ്ഥിതിയുണ്ടോ?
ഇതിന് പരിഹാരമായി കുട്ടികള്‍ക്കുള്ള ഡേ കെയര്‍, ആഫ്റ്റര്‍ സ്കൂള്‍ കെയര്‍ തുടങ്ങിയ സംവിധാനങ്ങള്‍ എന്നിവ വലിയ രീതിയില്‍ വരേണ്ടതില്ലേ? കയറും കശുവണ്ടിയും കൃഷിയും പോലുള്ള തൊഴില്‍ മേഖലകള്‍ ചുരുങ്ങുന്നതും തകരുന്നതും സ്ത്രീയുടെ തൊഴില്‍ സാധ്യതകളെ പ്രതികൂലമായി ബാധിച്ചോ? കൂടാതെ അസംഘടിത മേഖലയിലെ വനിതകള്‍ക്ക് പിടിച്ചു നില്‍ക്കാനും സൗകര്യപ്രദമായും സുരക്ഷിതമായും ജോലി ചെയ്യാനുമുള്ള അവസ്ഥ ഒരുക്കേണ്ടേ?
അതോടൊപ്പം വേതനം കൂടി നോക്കുക. അതിലെ തുല്യത ഏറ്റവും പ്രധാനമാണ്. കെട്ടിടത്തൊഴിലാളി രംഗത്ത് സ്ത്രീക്കും പുരുഷനും രണ്ടു കൂലി. പുരുഷന് ആയിരം രൂപയെങ്കില്‍ അതേ ജോലിയെടുക്കുന്ന വനിതയ്ക്ക് 700 രൂപ. വലിയൊരു ഐ.ടി സ്ഥപനത്തിലെ ടീം ലീഡര്‍മാരായ സ്ത്രീക്കും പുരുഷനും രണ്ട് ശമ്പളം. ഇത് കേരളത്തിലും നമ്മുടെ രാജ്യത്തും മാത്രമല്ല, ലോകത്തെമ്പാടുമുള്ള അവസ്ഥയാണ്. ഇത് മാറണ്ടെ? വേണമെന്ന് പറഞ്ഞൊഴിയും മുന്‍പ്, നമ്മള് പൊതു പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ട്രേഡ് യൂണിയനുകള്‍ ഇതിനായി കൃത്യമായി ഇടപെടുകയും പോരാടുകയും വേണം. കണ്ടില്ല, കേട്ടില്ല എന്നു നടിച്ച് ഉപേക്ഷിക്കേണ്ട കാര്യമല്ലിത്.
സ്ത്രീകള്‍ക്ക് ലഭിക്കുന്ന വേതനം വീട്ടിലെത്തും, അത് കുട്ടികള്‍ക്കും കുടുംബത്തിനും അവള്‍ക്കുമായി തന്നെ ചെലവഴിക്കപ്പെടും. കുറച്ചെങ്കിലും കരുതല്‍ ധനമായി സ്വരുക്കൂട്ടും. അത് കുടുംബത്തിന്റെ, സമൂഹത്തിന്റെ നന്മയ്ക്കും വികസനത്തിനും വഴിവെക്കുമെന്ന് ചുരുക്കം.
ഇനി തൊഴിലിടത്തിലെ സമത്വം, അവസരങ്ങള്‍- ഡോക്ടറേറ്റുള്ള ഉന്നത യോഗ്യതയുള്ളവരോ സെയില്‍സ് രംഗത്തെ തൊഴിലാളിയോ അധ്യാപികയോ നഴ്സോ ആരുമാകട്ടെ, അവരെ തുല്യരായി കാണാന്‍ പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ക്ക് പ്രത്യേകിച്ച് തൊഴിലുടമകള്‍ക്കും മാനേജ്മെന്റുകള്‍ക്കും പുരുഷ സഹപ്രവര്‍ത്തകര്‍ക്കും അത്ര എളുപ്പമല്ല. കഴിയുമെങ്കില്‍ പദവി കുറയ്ക്കും, വേതനം കുറക്കും അവസരങ്ങള്‍ നിഷേധിക്കും നയതീരുമാനങ്ങള്‍ എടുക്കുന്ന എല്ലാ വേദികളില്‍ നിന്നും ഒഴിവാക്കും. ഹേയ് സ്ത്രീയല്ലേ, വിവരം കാണില്ല, പണിയെടുക്കില്ല, ടീം പ്ലേയറാവില്ല, ലോക വീക്ഷണം പോര എന്നൊക്കെ പറഞ്ഞാവും ഈ തിരസ്ക്കരണം.
യഥാര്‍ഥത്തിലോ അവര്‍ നമ്മെക്കാള്‍ എത്ര മികച്ച വ്യക്തിയും പ്രൊഫഷണലുമാമെന്ന തിരിച്ചറിവ് സൃഷ്ടിക്കുന്ന ഭയവും അപകര്‍ഷതാബോധവുമാണ് ഇതിന് പിന്നില്‍. മാനസികരോഗ ചികിത്സ കൊണ്ടൊന്നും മാറുന്ന രോഗമല്ലിത്. കര്‍ക്കശമായ തൊഴില്‍നിയമങ്ങളും ഇടപെടലുകളും ആവശ്യമാണ്. സംഘടിത ശക്തിയായി സ്ത്രീ തൊഴിലാളികള്‍ മാറുകയും വേണം.
തൊഴിലിടത്തെയും പൊതുവിടങ്ങളിലെയും വീടകങ്ങളിലെയും സുരക്ഷയോ? ഇക്കാര്യം അതീവ സങ്കീര്‍ണമാണ്. വീടകങ്ങളിലാണ്, പലപ്പോഴും ഏറ്റവും അടുത്ത മനുഷ്യരില്‍ നിന്നാണ് സ്ത്രീ ഏറ്റവും വലിയ സുരക്ഷാ ഭീഷണി നേരിടുന്നത്. ഡൊമസ്റ്റിക്ക് വയലന്‍സ്, അടുത്ത ബന്ധങ്ങളിലെ ടോക്സിസിറ്റി, ബന്ധങ്ങളുടെ തകര്‍ച്ച, ലഹരി വ്യാപനം തുടങ്ങി സാമ്പത്തിക പ്രശ്നങ്ങള്‍ വരെ ഇതിന് വഴിവയ്ക്കും.
പൊതുവിടങ്ങളിലെ അരക്ഷിതാവസ്ഥയും വയലന്‍സും വേറൊരു തലത്തിലെത്തിക്കഴിഞ്ഞു. തൊഴിലിടങ്ങളും പലപ്പോഴും ഉപദ്രവകാരികളുടെ വിഹാര കേന്ദ്രങ്ങളാകുന്നു. സൈബറിടത്തെ ചൂഷണവും ഷെയിമിങ്ങും കടന്നുകയറ്റവും പറയാവുന്നതിലും അപ്പുറമാണ്. കൃത്യമായ റിപ്പോര്‍ട്ടിങ്, പൊലീസിന്റെയും നിയമ സംവിധാനത്തിന്റെയും ഇടപെടല്‍ എന്നിവ ഉറപ്പാക്കുകയും അതോടൊപ്പം പരാതിക്കാരിയായ വനിതക്ക് പരാതി നല്കല് മുതല്‍ നിയമ പോരാട്ടം വരെയുള്ളവ മുന്നോട്ട് കൊണ്ടു പോകാനുള്ള സഹായം ഉറപ്പാക്കുകയും വേണം. ഈ രംഗത്ത് വനിതാ കമ്മിഷന് മുതല്‍ സാമൂഹിക സുരക്ഷാ വകുപ്പു വരെ അവരവരുടെ പ്രവര്‍ത്തനങ്ങളിലും സമീപനത്തിലും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.
വിട്ടുനില്‍ക്കരുത് നിങ്ങള്‍, സജീവമാകുക – നന്നായി പ്രതികരിക്കുന്നവരും ആഴത്തില്‍ രാഷ്ട്രീയമുള്ളവരുമാകുക എന്നത് പ്രധാനമാണ്. സാമൂഹിക – ഭരണ- സാമ്പത്തിക- രാഷ്ട്രീയ- പാരിസ്ഥിതിക- സാംസ്ക്കാരിക മേഖലകളിലെ സ്ത്രീ ഇടപെടലുകള്‍, ശക്തമായ നിലപാടുകള്‍, ഊര്‍ജസ്വലമായ മുന്നേറ്റങ്ങള്‍ ഈ നാടിന് ആവശ്യമാണ്. കൂടുതല്‍ ഇന്‍ക്ലൂസീവായ (സര്‍വാശ്ലേഷിയായ) നീതിപൂര്‍വ്വമായ, കൃത്യതയുള്ള സമൂഹിക ജീവിതത്തിന് അത് വഴിതെളിക്കും. കസ്തൂര്‍ബയും വിജയലക്ഷ്മി പണ്ഡിറ്റും തുടങ്ങി ഇന്ദിരാ ഗാന്ധിയിലൂടെയുള്ള രാഷ്ട്രീയ ഇടം, മേധാ പട്കറും സുഗതകുമാരിയും പോലുള്ളവരുടെ പാരിസ്ഥിതി ബോധം, ആശാപൂര്ണദേവിയും മഹാശ്വേതാ ദേവിയും മുതല്‍ അരുന്ധതി റോയിയും ജുംപാലാഹ്രിയും സാറാ ജോസഫും എഴുയിട്ട അക്ഷരങ്ങളുടെ ശക്തി – ഇങ്ങനെ തുടങ്ങി സിനിമയില്‍, രംഗകലകളില്‍, സാമൂഹിക പ്രവര്‍ത്തനത്തില്‍, വിദ്യാഭ്യാസത്തില്‍, സംഗീതത്തില്‍ എല്ലാം അതിമഹത്തായ സ്ത്രീ സാന്നിധ്യവും സ്വത്വവുമുണ്ട്.
വാക്കുകള്‍ക്ക് അതീതമാണ് ഇന്ത്യന്‍ സ്ത്രീയുടെ സമസ്ത മേഖലകളിലെയും നിര്‍മ്മിതികള്‍. ആ വഴിയിലെ വെളിച്ചവും ഊര്‍ജവും അര്‍ഥവും സൗന്ദര്യവും ഉയരങ്ങളിലേക്ക് എത്തിക്കുക. നിങ്ങള്‍ കക്ഷി രാഷ്ട്രീയത്തിലേക്കും കടന്നു വരണം, കൂടുതല്‍ കൂടുതല്‍. നയ രൂപീകരണം മുതല്‍ ഭരണനിര്‍വഹണം വരെ മികവുറ്റതാക്കാന്‍ സ്ത്രീകളുടെ കടന്നുവരവ് വഴിയൊരുക്കും.
ആരോഗ്യം – സ്ത്രീയുടെ മാനസിക ശാരീരിക ആരോഗ്യത്തിന് പ്രത്യേക ഊന്നലും പരിരക്ഷയും ആവശ്യമാണ്. എത്രയും പഠിത്തവും സാമ്പത്തിക നിലയുമുള്ളവര്‍ മുതല്‍ ദിവസക്കൂലിക്കാരായി കഷ്ടപ്പെടുന്നവര്‍ വരെയുള്ള വനിതകളില്‍ പൊതുവായി കാണുന്ന ഒരു കാര്യമുണ്ട്, സ്വന്തം ആരോഗ്യത്തിനും മനസമാധാനത്തിനും അവര്‍ ഒരു പ്രാധാന്യവും കല്പ്പിക്കില്ല, അത് അവസാന കാര്യമായി, അപ്രധാനമായി കരുതും. വീടും വീട്ടുകാരും ജോലിയും ഓട്ടവും പെടാപ്പാടും കഴിയട്ടെ എന്നാണ് അമ്മപെങ്ങന്മാരുടെ വിചാരം.
ആര്‍ത്തവാരംഭം, മാസമുറയുടെ അസ്വസ്ഥതകള്‍, പ്രസവം, പെരിമെനോപൊസ്- ആര്‍ത്തവവിരാമം ഇങ്ങനെ ഹോര്‍മോണുകളും ശാരീരിക മാറ്റങ്ങളും മാനസിക – മസ്തിഷ്ക്ക മാറ്റങ്ങളുമൊക്കെയായി നിങ്ങള്‍ എത്രയെത്ര കഠിന വഴികളിലൂടെയാണ് നടക്കുന്നത്. ഏറ്റവും കുറച്ച്, ഒഴിവാക്കാന്‍ കഴിയാത്ത സ്ഥിതിയിലെ മെഡിക്കല്‍ സഹായത്തിനപ്പുറം നിങ്ങളുടെ ഡോക്ടറോ കുടുംബമോ പോലും പ്രശ്നങ്ങളുടെയും മാറ്റങ്ങളുടെയും വലിപ്പവും ആഴവും ആഘാതവും തിരിച്ചറിയാറില്ല.
വ്യക്തിയുടെ മസ്തിഷ്ക്ക പ്രവര്‍ത്തനം പോലും വലിയ രീതിയില്‍ മാറ്റപ്പെടുന്ന വ്യതിയാനങ്ങളുടെ നീണ്ട നിരയാണ് സ്ത്രീ ജീവിതത്തിലുടനീളെ അനുഭവിക്കുന്നത്. നിങ്ങള്‍ പ്രത്യേക പരിഗണനയും പരിചരണവും വേണ്ടവരാണ്, മികച്ച മെഡിക്കല്‍ പിന്തുണയും. ത്യാഗം ഇക്കാര്യത്തില്‍ വേണ്ടെന്ന് സഹോദരിമാരെ പറഞ്ഞു പഠിപ്പിച്ചേ മതിയാകൂ. ആരോഗ്യ വകുപ്പു മുതല്‍ സര്‍ക്കാരിതര സംഘടനകളും ത്രിതല പഞ്ചായത്തുകളും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം.
ഒടുവിലായി നമുക്ക് ഹാപ്പിനസ് അഥവാ സന്തോഷം എന്നതിനെ കുറിച്ചുകൂടി ഒന്നാലോചിക്കാം. വ്യക്തിയെന്ന നിലയില്‍ സ്വന്തമായി ഇത്തിരി സമയം, സ്വസ്ഥമായി ഇരിക്കാനും ഉറങ്ങാനും ഒരിടം, ഒരു പുസതകമോ പത്രമോ വായിക്കാനുള്ള നേരം, പാട്ടുകേള്‍ക്കാനോ വെറുതെ ഇരിക്കാനോ ആയി ഒരിടവേള, ഒന്നു പുറത്തു പോകുക, ഇഷ്ടമുള്ള ഒരുടുപ്പോ പുസ്തമോ എന്തെങ്കിലുമൊന്ന് വാങ്ങുക, ഇടക്ക് പുറത്തു നിന്നൊരു ഭക്ഷണം, വല്ലപ്പോഴും ഒരു സനിമ, കൂട്ടുകാരുമൊത്തൊരു സമയം. ഇതും നിങ്ങളുടെ അവകാശമാണ്. നിങ്ങള്‍ നിങ്ങളെ കൂടി പ്രയോറിറ്റിയായി കാണുക. നിങ്ങളുടെ ജീവിതം പ്രധാനപ്പെട്ട ഒന്നായി കരുതിത്തുടങ്ങുക. ഒപ്പം നില്‍ക്കാനും ആദരവോടെ പിന്തുണക്കാനും ബാധ്യസ്ഥരാണ് പങ്കാളികളും കുട്ടികളും മാതാപിതാക്കളും കൂട്ടുകാരും സഹപ്രവര്‍ത്തകരും തുടങ്ങി സമൂഹമാകെ.
എന്തെന്നാല്‍ നിങ്ങളാണ് ഈ ഭൂമിയുടെയും ജീവന്റെയും നിലനില്‍പ്പിനാധാരം. നിങ്ങളാണ് സഹിച്ചും ക്ഷമിച്ചും തിരുത്തിയും വഴിതെളിച്ചും മനസിലാക്കിയും പിണങ്ങിയും വിമര്‍ശിച്ചും ഉപാധികളില്ലാതെ സ്നേഹിച്ചും സംരക്ഷിച്ചും ഞങ്ങളെ നിലനിര്‍ത്തുന്നവര്‍.
‘ഒരു പെണ്‍കുട്ടി/സ്ത്രീ ആരാകണം? എന്താകണം, ആരാകണം എന്ന് അവള് ആഗ്രഹിക്കുന്നുവോ അത്.’ ആ തിരഞ്ഞെടുപ്പിന്റെ ശരിക്കും ആഹ്ളാദത്തിനും സ്വാതന്ത്ര്യത്തിനുമൊപ്പം നില്ക്കാം. അതാകട്ടെ ഈ വനിതാ ദിനം കുറിച്ചിടുന്ന സന്ദേശം.
വനിതാദിനം പ്രത്യേക ആര്‍ട്ടിക്കിളുകള്‍ ഇവിടെ വായിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]