
എന്റെ ജീവിതത്തിലെ സ്ത്രീ അത് അമ്മയാവാം, സഹോദരിയാവാം, കൂട്ടുകാരിയാവാം, സഹപ്രവര്‍ത്തകയാവാം, അപരിചിതരുമാവാം…ആരുമാകാം. ആ അനുഭവം എഴുതി അയക്കൂ. ഒപ്പം, ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സബ്ജക്ട് ലൈനില്‍ Woman in My Life എന്നെഴുതാന്‍ മറക്കരുത്. വിലാസം: [email protected]
വനജ എന്റെ പ്രൈമറിസ്കൂള്‍ കാലത്തെ പ്രിയ കൂട്ടുകാരിയായിരുന്നു. ഒരിക്കല്‍ അവളുടെ കൂടെ കായലു കാണാന്‍ പോയ കാര്യം ഓര്‍ക്കുമ്പോള്‍ ഇന്നും ചിരിവരും. കായല്ക്കരയിലാണ് അവളുടെ വീട്.
വനജ അവളുടെ അച്ഛന് മീന്‍ പിടിക്കാന്‍ പോകുന്ന കാര്യമൊക്കെ പറയും. മണ്ണെണ്ണ വിളക്കുമായി വലക്കു പോകുന്ന വീശേഷങ്ങള്‍, മീന്‍ പിടിച്ചുവരുന്ന അച്ഛനെ കാത്ത് കരയില്‍ അവര്‍ നില്‍ക്കുന്നത്. ഞാന്‍ ആരാധനയോടെ ഈ കഥകളെല്ലാം കേട്ടിരിക്കും.
കായല്‍ കരയിലുള്ള അവളുടെ വീടുകാണുവാന്‍ എനിക്ക് കൊതിയായി. പക്ഷേ എങ്ങനെ പോകും. വീട്ടില്‍ പറഞ്ഞാല്‍ സമ്മതിക്കില്ല എന്നുറപ്പാണ്. പക്ഷേ എനിക്ക് പോയേ പറ്റൂ. അവളുതന്നെ അതിനുള്ള പ്രതിവിധിയും പറഞ്ഞു തന്നു. ഓണപ്പരീക്ഷ അടുത്ത സമയം. ഉച്ച കഴിഞ്ഞാണ് ഞങ്ങള്‍ക്കു പരീക്ഷ. പരീക്ഷ വേഗം എഴുതിയിട്ട് കായലു കാണാന്‍ പോകാം
വനജയുടെ വീട്ടിലേക്കുള്ള വഴി എന്റെ വീടിന്റെ ഒരു വശത്തുള്ള ഒരു ഊടുവഴിയിലൂടെ പടിഞ്ഞാറന്‍ ദിശയില്‍ അര മണിക്കൂര്‍ നടക്കണം. വീടിന്റെ വശത്ത് മതിലുണ്ട്. പക്ഷേ പൊക്കമില്ല. അവിടെക്കൂടെ പോകുമ്പോള്‍ ഞാന്‍ പിടിക്കപ്പെടുവാന്‍ സാധ്യതയുമുണ്ട്.
അങ്ങനെ പരീക്ഷയെല്ലാം കഴിഞ്ഞ് ഞാനും വനജയും കൂട്ടുകാരികളും കൂടി പതുങ്ങിപ്പതുങ്ങി എന്റെ വീടും കടന്ന് വനജയുടെ വീട്ടിലേക്ക് യാത്രയായി. വനജ മാത്രമല്ല വേറെയും കുട്ടികളുണ്ട്. കായലിനടുത്തു താമസിക്കുന്നവര്‍. കുറെ നടന്നപ്പോള്‍ കായലു കാണാറായി. വിസ്തൃതമായ കായല്‍. അങ്ങു ദൂരെ തെങ്ങിന് കാടുകള്‍ തിങ്ങി നില്ക്കുന്ന മറുകര. കായലില്‍ അങ്ങിങ്ങായി ചീനവലകള്‍. കായല്‍ക്കരയില്‍ കൊച്ചു കൊച്ച് വീടുകള്‍. കരയില്‍ കയറ്റി വച്ചിരിക്കുന്ന വള്ളങ്ങള്‍. ഞാന്‍ ആ അത്ഭുതലോകം കണ്ടു. അവിടെയുള്ള വീടുകളിലേക്കു ചൂണ്ടി വനജ പറഞ്ഞു
‘ഈ കാണുന്നത് എന്റെ വീട്, അതു കുമാരിയുടേത്, അതിനപ്പുറത്ത് വത്സയുടേത്’
അപ്പോഴാണ് അവളുടെ അമ്മ അങ്ങോട്ട് വരുന്നത്. എന്നെ അവിടെ കണ്ട അവര്‍ അന്തം വിട്ടു.
”ഈ കൊച്ച് എങ്ങനെ ഇവിടെ വന്നടീ വനജേ…”
”എന്റെ കൂടെ വന്നതാമ്മേ കായലു കാണാന്‍”
”മോളു വീട്ടില്‍ പറഞ്ഞിട്ടാണോ വന്നത്” -അവരെന്നോടു ചോദിച്ചു
”അ….ല്ല…” ഞാന്‍ വിക്കിവിക്കി പറഞ്ഞു
”വേഗം ഇതിനെ വീട്ടില്‍ കൊണ്ടുവിടടീ. ഇത്രയും ദൂരെ വീട്ടില്‍ പറയാതെ കൊണ്ടുവന്നിരിക്കുന്നോ. ഇതിന്റെ വീട്ടുകാരറിഞ്ഞാല്‍ ഞാന്‍ പഴി കേള്‍ക്കേണ്ടിവരും.”
”വേഗം പൊക്കോ മോളേ.”
അവര്‍ എന്നെ നോക്കി പറഞ്ഞു. അങ്ങനെ ഞങ്ങള്‍ പരിഭ്രമിച്ചു തിരികെ പോകുവാന്‍ തുടങ്ങി. പോരാന്‍ നേരം ഞാന്‍ വനജയോടു പറഞ്ഞു ”അമ്മയോടു ഒന്നു പറ വനജേ, വീട്ടില്‍ മീനുമായി വരുമ്പോള്‍ ഇക്കാര്യം പറയരുതെന്ന്”
അതെല്ലാം ഞാന്‍ ശരിയാക്കിക്കൊള്ളാം നീ പേടിക്കേണ്ട എന്ന് വനജ.
പക്ഷേ തിരിച്ചു പോരുമ്പോള്‍ ഒരു അത്യാഹിതം സംഭവിച്ചു. ഞാന്‍ വനജയുടെ കൂടെ പടിഞ്ഞാറുനിന്ന് വരുന്നത് എന്റെ ചേച്ചി കണ്ടു പിടിച്ചു
”എവിടെപ്പോയതാടി അവള്ടെ കൂടെ?” ചേച്ചിയുടെ ചോദ്യം..
ഇതു കേട്ടതോടെ വനജ പേടിച്ച് വന്ന വഴിയെ തിരികെ ഒറ്റയോട്ടം. ഞാന്‍ പതുക്കെ പറഞ്ഞു
”വനജയുടെ വീട്ടില്‍”
”ആ..ഹാ..അത്രക്കയോ ആരോടുചോദിച്ചിട്ടാ നീപോയത്?”
ഞാനുടനെ എന്റെ സാധാരണ അടവെടുത്തു…ഒറ്റക്കരച്ചില്.
ചേച്ചി അലിഞ്ഞു. അങ്ങനെ ആ സംഭവത്തിന് പരിസമാപ്തിയായി
നാലാം ക്ലാസ്സു കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ഹൈസ്കൂളിലേക്കു മാറി. വനജയും ഞാനും വേറെ, േവറെ ക്ലാസ്സുകളിലായി. എങ്കിലും ഞങ്ങള്‍ ഇന്റര്‍വെല്‍ നേരങ്ങളില്‍ ഒരുമിച്ചു കല്ലു കളിച്ചു, ‘പൂ പറിക്കാന്‍ പോരുന്നോ..’ എന്ന് ചോദിക്കുന്ന, തോളില്‍ കയ്യിട്ടു കളിക്കുന്ന സംഘങ്ങളായി.
ഞങ്ങള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആ സംഭവം കുട്ടികള്‍ പറഞ്ഞ് അറിഞ്ഞത്. വനജ അടുത്ത വീട്ടിലെ പയ്യനുമായി ഒളിച്ചോടിപ്പോയി. സാമാന്യം പഠിക്കുമായിരുന്ന വനജയുടെ പഠിത്തം അതോടെ തീര്‍ന്നു. പിന്നെ ഞാന്‍ കുറച്ചു നാളുകളോളം അവളെ കണ്ടതേയില്ലാ.
ഞാന്‍ പ്രീ-ഡിഗ്രിക്കു മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയം. ഒരുച്ചകഴിഞ്ഞ് രണ്ടര മണി ആയിക്കാണും. ഞാന്‍ ഉച്ച ഭക്ഷണമൊന്നും കഴിക്കാതെ വെയിലത്ത് ദാഹിച്ച്, വിശന്ന് ബസ്സിറങ്ങി വീട്ടിലേക്കു വരികയാണ്. വീടിന്റെ ഉമ്മറത്ത് അമ്മ ഏതോ മീന്‍കാരിയോട് മീന്‍ വാങ്ങി പൈസ കൊടുക്കുന്നു. ഞാന്‍ ഗേറ്റ് കടന്ന് വീടിന്റെ നടയില്‍ എത്തി. മീന്‍കാരി തിരിഞ്ഞപ്പോഴാണ് ഞാന്‍ ആ മുഖം കണ്ടത്.
വനജ!
”വനജേ…നീ..”
അവള് എന്നെ ദയനീയമായി നോക്കി.
ഞാന്‍ അവളെ അടിമുടി നോക്കി ഒരു പട്ടിണിക്കോലം. മുണ്ടും ബ്ലൗസുമാണ് വേഷം. ആ ഭംഗിയുള്ള വലിയ രണ്ടു കണ്ണുകള്‍ തളര്‍ന്ന് തൂങ്ങിയിരിക്കുന്നു.
”ജീവിക്കണ്ടേ റോസിലി …രണ്ടു വയസ്സുള്ള ഒരു മകനുണ്ടെനിക്ക്.”
അവള് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു
എന്റെ വിശപ്പും ദാഹവും ഞാന്‍ മറന്നു..എനിക്ക് എന്തു പറയണം എന്നറിഞ്ഞു കൂടാ…
ഒരു നിമിഷം ഞാന്‍ അങ്ങനെ നിന്നു. പെട്ടെന്ന് ബാഗ് നിലത്തു വെച്ചിട്ട് ഞാന്‍ പറഞ്ഞു.
”വനജേ നീ നില്ക്ക്. നിനക്കു ഞാന്‍ കുടിക്കാനെന്തെങ്കിലും എടുക്കാം.”
”വേണ്ടാ റോസിലി ഇനിയും കുറച്ചു കൂടി മീന്‍ ബാക്കിയുണ്ട് സമയം വൈകിയാല്‍ അത് മോശമാകും.”
അവള് തിളക്കുന്ന വെയിലേക്ക് ഇറങ്ങി. പോകുമ്പോള്‍ അവള് ചോദിച്ചു.
”റോസിലി ഇപ്പോള്‍ എവിടെയാ പഠിക്കുന്നത്”
”മഹാരാജാസില്‍”
ഞാന്‍ മറുപടി പറഞ്ഞു. അവള് അത് ശ്രദ്ധിച്ചില്ലെന്നു തോന്നി
എന്റെ ഭാവഭേദം മനസ്സിലാക്കാതെ അമ്മ പറഞ്ഞു. അവളാ ഇപ്പോള്‍ എന്നും ഇവിടെ മീന്‍ കൊണ്ടു വരുന്നത്. നീ കോളേജില്‍ പോകുന്ന സമയത്തു വരുന്നതുകൊണ്ടല്ലേ കാണാത്തേ..”
വനജ ഗേറ്റു കടന്നു പോയപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കി. ഞാന്‍ നടയില്‍ തന്നെ നില്‍ക്കുകയാണ്.
പിന്നെ ഞാന്‍ അവളെ കാണുന്നത് ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്. പ്രവാസ ജീവിതത്തിനിടയില്‍ ഇടക്കെപ്പോഴോ നാട്ടില്‍ വന്നപ്പോള്‍, ഒരിക്കല്‍ ഞാന്‍ എന്റെ മക്കളുമായി എറണാകുളത്ത് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ പിന്നില്‍ കലപില സംസാരിക്കുന്ന കുറേ സ്ത്രീകളുടെ കൂട്ടത്തില്‍ ഒരു പരിചയമുള്ള ശബ്ദം. ഞാന്‍ പെട്ടെന്നു തിരിഞ്ഞു നോക്കി..അത് അവളുതന്നെ…വനജ!.
പണ്ടു കണ്ട ദയനീയ ഭാവമൊന്നും ഇല്ല. സാരിയുടുത്ത് മിടുക്കിയായി കുറെ മല്‍സ്യ തൊഴിലാളി സ്ത്രീകളുടെ കൂടെ സംസാരിച്ചു നില്ക്കുന്നു.
ഞാന്‍ പതുക്കെ അവളുടെ തോളില്‍ പിടിച്ചിട്ട് വിളിച്ചു.
”വനജേ….”
ആദ്യം അവള്‍ക്കെന്നെ മനസ്സിലായില്ല. ഒരു നിമിഷത്തിന് ശേഷം,
”അയ്യോ…റോസിലിയോ…” എന്ന് അതിശയത്തോടെ ചോദിച്ചു
ഞാന്‍ അവളോട് വിശേഷങ്ങളാരാഞ്ഞു
”നിന്റെ മോന് എന്തു ചെയ്യുന്നു?”
”ഡിഗ്രിക്ക് മഹാരാജാസില്‍ പഠിക്കുന്നു..”
അവള് അഭിമാനത്തോടെ പറഞ്ഞു.
”ഡിഗ്രിക്കോ….?”
ഞാന്‍ അതിശയിച്ചു. എന്റെ മക്കള്‍ അപ്പോള്‍ പ്രൈമറി ക്ലാസ്സുകളിലാണ്. പിന്നെയാണ് ഓര്‍ത്തത് അവള് പതിനഞ്ചു വയസ്സില്‍ അമ്മയായതാണല്ലോ എന്ന്.
”എന്താ മെയിന്‍?”
”ഫിസിക്സ്.”
ഞാനും വനജയും തമ്മിലുള്ള സംസാരം ശ്രദ്ധിച്ചിരുന്ന എന്റെ മോന് എന്നോട് ചോദിച്ചു
”ആരാ, അമ്മേ ഇത്?”
”ഇത് എന്റെ കൂട്ടുകാരി”
”അമ്മയുടെ ഫ്രെണ്ടോ..?” അവന് അതിശയം
അതു കേട്ട് വനജ ചിരിച്ചു കൊണ്ടു പറഞ്ഞു
”കണ്ടോ റോസിലി.. നമ്മള് കൂട്ടുകാരായിരുന്നെന്ന് മോനു വിശ്വസിക്കാന്‍ പറ്റുന്നില്ല”
അവള് മീന്‍ ഹോള്‍ സെയിലുകാരുടെ കയ്യില്‍ നിന്നും വാങ്ങി എറണാകുളത്ത് വില്ക്കാന് പോകുകയാണ്. ബസ്സ് കലൂര്‍ എത്തിയപ്പോള്‍, ”എനിക്കിറങ്ങാറായി റോസിലീ….” എന്നു പറഞ്ഞ്, എന്റെ മകന്റെ കവിളില്‍ തോണ്ടിയിട്ട്, വനജ ധൃതിയില്‍ നഗരത്തിന്റെ തിരക്കിലേക്കിറങ്ങി.
‘
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]