
തിരുവനന്തപുരം: കാലിക്കറ്റ്, സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസലര്മാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്കൃത വിസി ഡോ. എം വി നാരായണനെയുമാണ് പുറത്താക്കിയത്. യുജിസി യോഗ്യത ഇല്ലാത്തത്തിന്റെ പേരിലാണ് ഗവർണറുടെ നടപടി. ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരെ പുറത്താക്കുന്നതിൽ യുജിസിയുടെ അഭിപ്രായവും രാജ്ഭവൻ തേടിയിട്ടുണ്ട്.
രാജ്ഭവനിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ചായകുടിച്ച് കുശലാന്വേഷണം നടത്തിയത് മഞ്ഞുരുകലായി ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ പോരിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയാണ് ചാൻസലർ രണ്ട് വിസിമാരെ പുറത്താക്കിയത്. കെടിയു വിസിയായിരുന്ന ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിൻ്റെ പേരിൽ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ വിധി അടിസ്ഥാനമാക്കി 11 വിസിമാരെയും പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങിയിരുന്നു. കോടതി പുറത്താക്കിയും കാലാവധി കഴിഞ്ഞവർക്കും ശേഷം ബാക്കിയുണ്ടായ നാല് പേരിൽ രണ്ട് പേർ കൂടി ഇപ്പോൾ പുറത്താണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ഹിയറിങ് നടത്തിയാമണ് നടപടി. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിന് വിനയായത് സർച്ച് കമ്മിറ്റിയിൽ സർക്കാർ പ്രതിനിധിയായി ചീഫ് സെക്രട്ടരി ഉണ്ടായത്. ഒറ്റപ്പേര് മാത്രം നിർദ്ദേശിച്ചതാണ് സംസ്കൃത വിസി ഡോ എംവി നാരായണനെ കുരുക്കിയത്.
ഡിജിറ്റിൽ വി സി സജി ഗോപിനാഥിൻ്റെയും ഓപ്പൺ വിസി മുബാറക് പാഷയുടേയും കാര്യത്തിൽ യുജിസിയുടെ അഭിപ്രായം തേടി രാജ്ഭവൻ. ഹിയറങ്ങിന് മുമ്പ് മുബാറക് പാഷ രാജിവെച്ചെങ്കിലും ഗവർണർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ചാൻസിലറെ മാറ്റാനുള്ള ബിൽ രാഷ്ട്രപതി തള്ളിയതോടെ പൂർവ്വാധികം ശക്തിയിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. ഒഴിവുള്ള സർവകലാശാലകളിൽ സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റിയെ വെച്ച് വിസി നിയമനവുമായും ഇനി ചാൻസലർ മുന്നോട്ട് പോകും.
Last Updated Mar 7, 2024, 7:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]