
ദില്ലി: ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരത്തിനിടെ കര്ഷകൻ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഉത്തരവിട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഒരു റിട്ടയേഡ് ജഡ്ജ് ആയിരിക്കും അന്വേഷണ സമിതി അധ്യക്ഷൻ. രണ്ട് എഡിജിപിമാരും സമിതിയില്‍ ഉള്‍പ്പെട്ടിരിക്കും.
ഫെബ്രുവരി 21നാണ് ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകസമരത്തിനിടെ ഇരുപത്തിയൊന്നുകാരനായ ശുഭ്കരണ്‍ സിംഗ് മരിച്ചത്. കര്‍ഷകന്റെ മരണത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നതില്‍ പഞ്ചാബിനെ കോടതി വിമര്‍ശിച്ചു. എന്തുകരം ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് അന്ന് ഉപയോഗിച്ചത് എന്ന് ഹരിയാന സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.
സമരം ചെയ്ത കര്‍ഷകരെയും കോടതി വിമര്‍ശിച്ചിട്ടുണ്ട്. എന്തിനാണ് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചതെന്നും സ്ത്രീകളെയും കുട്ടികളെയും എന്തിനാണ് സമരത്തില്‍ മുന്നില്‍ നിര്‍ത്തിയതെന്നും കോടതി ചോദിച്ചു.
പല കാരണങ്ങള്‍ കൊണ്ടും കര്‍ഷകന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം പഞ്ചാബിനെയോ ഹരിയാനയെയോ ഏല്‍പിക്കാനാകില്ലെന്നും അതിനാലാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുന്നതെന്നും കോടതി വ്യക്തമാക്കി.
കര്‍ഷകന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുമ്പിലെത്തിയ പരാതികള്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Mar 7, 2024, 3:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]