
കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ജന്മദിനത്തിൽ വാച്ച് സമ്മാനമായി അയക്കുമ്പോൾ അദ്ദേഹത്തെ നേരിട്ട് കാണാനാകുമെന്ന് പോലും തിരുവനന്തപുരം സ്വദേശി മിഥുൻ ജെ ആർ കരുതിക്കാണില്ല. എന്നാൽ മിഥുനെയും സുഹൃത്ത് ഹരികൃഷ്ണനെയും ഞെട്ടിച്ച് യു എ ഇയിൽ നിന്ന് കഴിഞ്ഞദിവസം ആ ഫോൺകോൾ എത്തി. ‘എം എ യൂസഫലിയുടെ ഓഫീസിൽ നിന്നാണ്, ഗിഫ്റ്റ് കിട്ടി, വളരെയധികം സന്തോഷം അറിയിക്കുന്നു… നിങ്ങൾക്ക് തിരികെ നൽകാൻ ചെയർമാൻ ഒരു സമ്മാനം അയക്കുന്നുണ്ട്…’ – ഇതായിരുന്നു ഫോണിലൂടെ എത്തിയ സന്ദേശം.
ബർത്തഡേ ഗിഫ്റ്റിന് എം എ യൂസഫലിയുടെ സ്നേഹസമ്മാനം എന്ന് മാത്രമേ കൊച്ചിയിലെത്തുമ്പോൾ ഇവർ കരുതിയിരുന്നുള്ളൂ. സമ്മാനം വാങ്ങി തിരികെ മടങ്ങാം എന്ന് കരുതി കൊച്ചിയിലെത്തിയ ഇരുവരും ഞെട്ടി. മിഥുനും ഹരികൃഷ്ണനും ലുലു ഗ്രൂപ്പ് ചെയർമാന്റെ ഓഫീസ് ലോഞ്ചിലേക്ക് ക്ഷണം. ഇരുവരെയും കാത്തിരുക്കുകയായിരുന്നു എം എ യൂസഫലി. ജന്മദിന സമ്മാനം അയച്ചുനൽകിയ മിഥുനെ യൂസഫലി അടുത്ത് വിളിച്ചു. വിശേഷങ്ങൾ തിരക്കി. ജന്മദിന സമ്മാനമായി ലഭിച്ച വാച്ച് കൈയ്യിൽ പിടിച്ചായിരുന്നു സംസാരം.
ജന്മദിനം ഓർത്തുവച്ച് സമ്മാനം അയച്ചുനൽകിയത് എന്തിനെന്നായിരുന്നു ആദ്യ ചോദ്യം. തീർത്തും സ്നേഹം കൊണ്ടുള്ള പ്രവർത്തി എന്നായിരുന്നു മിഥുന്റെ മറുപടി. തന്റെ ജന്മദിനം ഓർത്ത് ഗിഫ്റ്റ് അയക്കാൻ കാണിച്ച സമീപനത്തെ താൻ വിലമതിക്കുന്നുവെന്ന് പറഞ്ഞ യൂസഫലി, മിഥുന്റെ കൈയ്യിൽ സ്നേഹസമ്മാനമായി പുതിയ റാഡോ വാച്ച് കെട്ടി നൽകി. ഏറെ സന്തോഷത്തോടെയാണ് യുവാക്കളെ യൂസഫലി യാത്രയാക്കിയത്.
നാട്ടികയിലെ എം എ യൂസഫലിയുടെ വീട്ടുവിലാസത്തിലേക്കാണ് തിരുവനന്തപുരം മലയിൻകീഴ് സ്വദേശി മിഥുൻ ജെ ആർ ബർത്തഡേ ഗിഫ്റ്റായി വാച്ച് അയച്ചുനൽകിയത്. സൂഹൃത്ത് ഹരികൃഷ്ണന്റെ സഹായത്തോടെയാണ് ബർത്തഡേ ഗിഫ്റ്റ് അയച്ചത്. നാട്ടികയിലെ ലുലു സ്റ്റാഫ്, ഈ ഗിഫ്റ്റ് ബോക്സ് അബുദാബിയിലെ എം എ യൂസഫലിയുടെ വിലാസത്തിലേക്ക് അയച്ചു നൽകുകയായിരുന്നു.
നവംബർ പതിനഞ്ചിനായിരുന്നു എം എ യൂസഫലിയുടെ ജന്മദിനം. മൂന്ന് മാസങ്ങൾക്കകം എം എ യൂസഫലി തന്നെ നേരിട്ട് സ്നേഹസമ്മാനവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ത്രില്ലിലാണ് ഇവർ. ആറാം ക്ലാസ് മുതൽ സഹപാഠികളാണ് മിഥുനും ഹരികൃഷ്ണനും. കഴിഞ്ഞ അഞ്ച് വർഷമായി കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഇരുവരും.
Last Updated Mar 7, 2024, 6:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]