![](https://newskerala.net/wp-content/uploads/2025/02/ananthu-krishnan_1200x630xt-1024x538.jpg)
ഇടുക്കി: പകുതി വിലയ്ക്ക് സാധനങ്ങൾ വാങ്ങി നൽകുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഈരാറ്റുപേട്ട, പ്രതിയുടെ സ്വന്തം നാടായ കുടയത്തൂര്‍, കോളപ്ര, ഏഴാംമൈലിലെ വീടിന് സമീപം, കോളപ്രയിലെ ഓഫീസ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. തൊടുപുഴ – പുളിയന്മല സംസ്ഥാന പാതയോരത്ത് ശങ്കരപ്പിള്ളിയില്‍ ഉള്‍പ്പെടെ വാങ്ങിയതും വാങ്ങാന്‍ അഡ്വാന്‍സ് നല്കിയതുമായ സ്ഥലങ്ങള്‍ അനന്തു പൊലീസിന് കാണിച്ച് കൊടുത്തു. മലങ്കര ജലാശയത്തോട് ചേര്‍ന്ന് സിനിമാ ഷൂട്ടിംഗ് ലൊക്കേഷനായി ഉപയോഗിക്കുന്ന സ്ഥലത്തും തെളിവെടുപ്പ് നടത്തി.
കോട്ടയം, ഇടുക്കി ജില്ലകളിലായി അഞ്ചിടത്ത് ഭൂമി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അനന്തുവുമായി തെളിവെടുപ്പിന് എത്തിയത്. സെന്റിന് ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെ വില വരുന്ന ഭൂമിയാണ് അനന്തു വാങ്ങിയത്. ബിനാമി പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂവാറ്റുപുഴ പൊലീസാണ് അനന്തുവിനെ തെളിവെടുപ്പിനെത്തിച്ചത്. രാവിലെ ഈരാറ്റുപേട്ടയില്‍ തെളിവെടുപ്പ് നടത്തിയ ശേഷമാണ് കുടയത്തൂരിലുള്‍പ്പെടെ അനന്തുവിനെ എത്തിച്ചത്.
അര മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. ശങ്കരപ്പിള്ളിയില്‍ ഒഴികെ മറ്റൊരിടത്തും പൊലീസ് ജീപ്പില്‍ നിന്നും അനന്തുവിനെ ഇറക്കിയില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ അനന്തു തയാറായില്ല. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം അനന്തുവിനെയും കൊണ്ട് പൊലീസ് മൂവാറ്റുപുഴയിലേക്ക് മടങ്ങി. അനന്തുവിനെ ഞായറാഴ്ച എറണാകുളത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]