![](https://newskerala.net/wp-content/uploads/2025/02/fotojet-2025-02-08t182043.372_1200x630xt-1024x538.jpg)
കല്‍പ്പറ്റ: കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും എംഡിഎംഎ അടക്കമുള്ള രാസലഹരികൾ വൻതോതിൽ വിറ്റഴിക്കുന്ന സംഘത്തിലെ ഇടനിലക്കാരിലെ പ്രധാനിയായ മുൻ എഞ്ചിനീയറെ പിടികൂടി വയനാട് പൊലീസ്. ആലപ്പുഴ ഹരിപ്പാട് നങ്യാർകുളങ്ങര ലക്ഷ്മി നിവാസിൽ ആർ. രവീഷ് കുമാർ (27) നെയാണ് മാനന്തവാടിയിൽ വെച്ച് തിരുനെല്ലി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
2024 ജൂലൈ മാസം 265.55 ഗ്രാം മെത്തഫിറ്റമിനുമായി കാസർകോട് പുല്ലൂർ പാറപ്പള്ളി വീട്ടിൽ കെ. മുഹമ്മദ് സാബിർ (31)നെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും തിരുനെല്ലി പൊലീസും ചേർന്ന് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് കർണാടകയിൽ വെച്ച് സാബിറിന് മെത്തഫിറ്റാമിൻ കൈമാറിയത് ഇടനിലക്കാരനായ രവീഷ് ആണെന്ന് വ്യക്തമായത്. തുടര്‍ന്ന് രവീഷിന്റെ നീക്കങ്ങൾ നിരീക്ഷിച്ച പൊലീസ് സംഘം അതിവിദഗ്ദമായി പ്രതിയെ പിടികൂടുകയായിരുന്നു.
ബെംഗളൂരുവിൽ മള്‍ട്ടി നാഷണൽ കമ്പനിയിൽ ജോലിയുണ്ടായിരുന്ന ഇയാള്‍ ആ ജോലി ഉപേക്ഷിച്ച് സുഹൃത്തുക്കളുമായി ചേർന്ന് വളരെ വേഗത്തിൽ പണമുണ്ടാക്കുന്നതിനായി ലഹരിക്കടത്ത് തുടങ്ങുകയായിരുന്നു. കർണാടകയിലും കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാപകമായി ലഹരിക്കടത്തിലേർപ്പെട്ടിരുന്ന ഇയാൾക്ക് ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്,മലയാളം എന്നീ ഭാഷകളിലുള്ള പ്രാവീണ്യം ലഹരിക്കടത്തിലെ ഇടനിലക്കാരിൽ പ്രധാനിയാക്കി മാറ്റിയെന്നും പൊലീസ് പറഞ്ഞു. ലഹരി സംഘങ്ങൾക്കിടയിൽ ഡ്രോപ്പേഷ് , ഒറ്റൻ എന്നീ പേരുകളിലാണ് രവീഷ് അറിയപ്പെട്ടിരുന്നത്. ഇയാളുമായി ബന്ധപ്പെട്ട് നിൽക്കുന്നവരും പൊലീസ് നിരീക്ഷണത്തിലാണ്.
തന്റെ കൈവശമുള്ള മയക്കുമരുന്നുകൾ സൂക്ഷിക്കാനും കൈമാറ്റം ചെയ്യുന്നതിനും നൂതന മാർഗങ്ങളാണ് ഇയാൾ സ്വീകരിച്ചിരുന്നത്. ഇതിനുമുമ്പ് എം.ഡി.എം.എ കേസിൽ മടിക്കേരി ജയിലിൽ കഴിഞ്ഞ ഇയാൾ ജാമ്യത്തിൽ ഇറങ്ങി ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് കൊണ്ടാണ് വീണ്ടും ലഹരിക്കടത്തിലേക്ക് ഇറങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]