
കോയമ്പത്തൂർ: പീഡനശ്രമത്തിനിടെ യുവാവ് ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഗർഭസ്ഥ ശിശുവിന് ഹൃദയ സ്തംഭനം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. അതിജീവിത നാല് മാസം ഗർഭിണിയായിരുന്നു. യുവതി വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
തമിഴ്നാട്ടിലെ വെല്ലൂരിൽ വ്യാഴാഴ്ചയായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. കേസിൽ ഇരുപത്തിയേഴുകാരനായ ഹേമരാജിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. കോയമ്പത്തൂർ-തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിൽ തിരുപ്പൂരിൽ നിന്ന് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് യാത്ര ചെയ്ത 36കാരിയാണ് ആക്രമണത്തിനിരയായത്.
രാവിലെ 6.40ന് ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെന്റിലാണ് യുവതി കയറിയത്. ആ സമയത്ത് വേറെ ഏഴ് സ്ത്രീകളും ആ ബോഗിയിലുണ്ടായിരുന്നു. ജോലർപേട്ടൈ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അവരെല്ലാവരും ഇറങ്ങി. ഇതോടെ യുവതി തനിച്ചായി. ഈ സമയത്താണ് ഹേമരാജ് ബോഗിയിലേക്ക് ചാടിക്കയറിയത്. യുവാവ് അബദ്ധത്തിൽ ബോഗിയിൽ കയറിയതാണെന്നായിരുന്നു അതിജീവിത ആദ്യം കരുതിയത്.
യുവതി ഒറ്റയ്ക്കാണെന്ന് മനസിലായതോടെ ഹേമരാജ് ആക്രമിക്കുകയായിരുന്നു. യുവതി പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടെ ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ യുവാവ് ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. ഇതുകണ്ട നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഹേമരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കെ വി കുപ്പം സ്വദേശിയായ ഹേമരാജിനെതിരെ നിരവധി കേസുകളുണ്ടെന്നും മുമ്പും ഇയാൾ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സ്ഥിരം കുറ്റവാളിയായ ഇയാൾ അടുത്തിടെയാണ് കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയത്. അതിജീവിതയ്ക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.