![](https://newskerala.net/wp-content/uploads/2025/02/delhi-polls.1.3129491.jpg)
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ മാറിമറിഞ്ഞ് ഫലങ്ങൾ. ഭരണത്തിലിരിക്കുന്ന ആം ആദ്മി പാർട്ടിക്ക് കടുത്ത പ്രഹരം നൽകി ബിജെപി മുന്നേറുകയാണ്. 48 സീറ്റിൽ മുന്നിലാണ് ബിജെപി. 21 സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്ത് മത്സരരംഗത്ത് നിലയുറപ്പിക്കുന്നു.
ആം ആദ്മി പാർട്ടി മുന്നിലും പിന്നിലുമായി അഞ്ചിലേറെ തവണയാണ് ഫലങ്ങൾ മാറിമറിഞ്ഞത്. 28 വർഷത്തിനുശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് ഫലങ്ങളിലേറെയും പ്രവചിച്ചത്. അഴിമതി കേസുകൾ തളർത്തിയെങ്കിലും നാലാം ടേമിലേക്കുള്ള പോരാട്ടത്തിലാണ് എഎപി. അതേസമയം, എഎപിയുടെ പ്രധാന നേതാക്കളെല്ലാം പിന്നിലാണ്. ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും നിലവിലെ മുഖ്യമന്ത്രി അതിഷി മർലേനയും ആം ആദ്മി നേതാവ് മനീഷ് സിസോദിയയും പിന്നിലാണ്. എന്നാൽ ആം ആദ്മി പാർട്ടിയിൽ നിന്ന് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിലാണ്.
70 മണ്ഡലങ്ങളിലായി ഇക്കുറി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 60.54 ശതമാനം ആണ് പോളിംഗ് രേഖപ്പെടുത്തിയത്. 70 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ മാന്ത്രിക സംഖ്യ 36 ആണ്. 19 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും രണ്ട് കമ്പനി കേന്ദ്രസേനയും, ഡൽഹി പൊലീസിന്റെ സംഘവും.വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വിലക്കി. സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]