
കാർ മോഷ്ടാക്കളെന്ന് പൊലീസ് മുദ്രകുത്തിയ കുടുംബത്തിന് കോടതിയിൽ നീതി. പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളടക്കമുള്ള കുടുംബത്തിന് ചരിത്രത്തിലെ വലിയ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചത്. അമേരിക്കൻ പൊലീസിന് വലിയ നാണക്കേടായ സംഭവത്തിൽ 1.9 മില്യൺ ( ഇന്ത്യൻ കറൻസിയിൽ 15 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചത്. കാർ മോഷ്ടാക്കളെന്ന് മുദ്രകുത്തി പൊലീസ് 18 വയസ്സിൽ താഴെ മാത്രം പ്രായമുള്ള 4 പെൺകുട്ടികളേയും ഒരു സ്ത്രീയെയും തോക്കിൻ മുനയിൽ ബന്ദികളാക്കിയ സംഭവത്തിലാണ് 1.9 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ വിധിയുണ്ടായത്.
2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കറുത്ത വർഗക്കാരായ ഇവരെ തോക്കിൻ മുനയിൽ ബന്ദികളാക്കിയ ശേഷം വിലങ്ങിട്ട് നിലത്ത് കിടത്തുകയും ചെയ്തിരുന്നു. അന്ന് വലിയ വിവാദമായി മാറിയ സംഭവം ലോകമാകെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വലിയ വിമർശനമാണ് അന്ന് അമേരിക്കൻ പൊലീസിനെതിരെ ഉയർന്നത്. കാർ മോഷണം നടത്തിയത് ഇവരല്ലെന്ന് വ്യക്തമായതോടെ പൊലീസ് പിന്നീട് ഈ കുടുംബത്തെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് 15 കോടിയിലേറെ രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്.
സംഭവം ഇങ്ങനെ
2020 ൽ കാർ മോഷണവുമായി ബന്ധപ്പെട്ടാണ് അമേരിക്കൻ പൊലീസ് കൊളറാഡോയിൽ നിന്നുള്ള കറുത്തവർഗക്കാരായ ഈ കുടുംബത്തെ പിടികൂടിയത്. ബ്രിട്ട്നി ഗില്ല്യവും കുടുംബവുമാണ് പൊലീസിന്റെ ക്രൂര പീഡനം ഏറ്റുവാങ്ങിയത്. ബ്രിട്ട്നി ഗില്ല്യത്തിന് പുറമെ ആറു വയസുകാരിയായ മകൾ, 12 വയസ്സുള്ള സഹോദരി, 14, 17 വയസ്സുള്ള രണ്ട് ബന്ധുക്കൾ എന്നിവരെയാണ് പൊലീസ് തോക്കിൻ മുനയിൽ പിടികൂടി വിലങ്ങിട്ട് നിലത്ത് കിടത്തിയത്. സംഭവത്തിന്റെ വീഡിയോ അന്ന് തന്നെ വലിയ ചർച്ചയായിരുന്നു. മോഷ്ടാക്കളാണെന്ന് മുദ്രകുത്തി പിടികൂടിയ ഇവർ കുറ്റക്കാരല്ലെന്ന് പിന്നീട് വ്യക്തമായി. ഇതോടെ പൊലീസ് ഇവരെ വിട്ടയച്ചു. ഇതിന് പിന്നാലെയാണ് കുടുംബം നിയമ പോരാട്ടം തുടങ്ങിയത്. ഇവരുടെ കാർ നമ്പറും മോഷ്ടിക്കപ്പെട്ട കാറിന്റെ നമ്പറും ഒന്നായിരുന്നു എന്നതാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാൻ കാരണമായത്. എന്നാൽ ഇവരുടെ കാറിന്റെ നമ്പർ യഥാർത്ഥമാണെന്നാണ് പിന്നീട് തെളിഞ്ഞത്. ഇതാണ് കേസിൽ വഴിത്തിരിവായത്.
Last Updated Feb 7, 2024, 10:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]