
ദില്ലി: ഇന്ത്യന്‍ കായികരംഗത്തെ സ്റ്റാര്‍ ബ്രാന്‍ഡായ വിരാട് കോലി പ്രശസ്ത കായിക വസ്ത്ര നിര്‍മാതാക്കളായ പ്യൂമയുമായുള്ള എട്ട് വര്‍ഷത്തെ കരാര്‍ അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2017 മുതല്‍ 110 കോടി രൂപയുടെ കരാറാണ് കോലിയും പ്യൂമ ഇന്ത്യയും തമ്മിലുണ്ടായിരുന്നത്. ഇത് ഇന്ത്യന്‍ കായികരംഗത്തെ ഏറ്റവും വലിയ പരസ്യ കരാറുകളിലൊന്നായിരുന്നു. കോലി അംബാസിഡറായതോടെ രാജ്യത്തെ ഏറ്റവും വലിയ കായിക വസ്ത്ര നിര്‍മാതാക്കളായി പ്യൂമ ഇന്ത്യ മാറിയിരുന്നു. പ്യൂമ ഇന്ത്യയെ കൈവിടുന്ന കോലി അജിലിറ്റാസ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാന്‍ഡ് അംബാസിഡറാവുമെന്നും സിഎന്‍ബിസി ടിവി18ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്യൂമ ഇന്ത്യയുടെ മുന്‍ മാനേജിംഗ് ഡയറക്ടറായ അഭിഷേക് ഗാംഗുലിയാണ് അജിലിറ്റാസ് സ്പോര്‍ട്സിന്റെ സ്ഥാപകന്‍. 2023 മെയ് മാസത്തിലാണ് ഈ കമ്പനി സ്ഥാപിച്ചത്. അടുത്തിടെ 100 കോടിയുടെ നിക്ഷേപം അജിലിറ്റാസ് സ്പോര്‍ട്സിന് ലഭിച്ചിരുന്നു. കായിക വസ്ത്ര നിര്‍മാണരംഗത്താണ് അജിലിറ്റാസ് സ്പോര്‍ട്സ് ശ്രദ്ധ കേന്ദ്രീകരിക്കുക. ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ പരസ്യ കരാറിനൊപ്പം അജിലിറ്റാസ് സ്പോര്‍ട്സില്‍ വിരാട് കോലിക്ക് ഓഹരിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. അഭിഷേക് ഗാംഗുലി പ്യൂമ ഇന്ത്യയുടെ എംഡിയായിരുന്ന കാലയളവിലാണ് വിരാട് കോലി ബ്രാന്‍ഡിന്റെ അംബാസിഡറായത്. കോലിയുമായുള്ള കരാറിനെ കുറിച്ച് എന്നാല്‍ പ്യൂമയോ അജിലിറ്റാസ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വിരാട് കോലിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇംഗ്ലണ്ടിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ കോലി കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ കോലി മത്സരങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളില്‍ വിരാട് കോലി കളിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇംഗ്ലണ്ടിനെതിരെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ ബിസിസിഐയുടെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നതേയുള്ളൂ. കോലിയുടെ കാര്യത്തില്‍ തീരുമാനം അറിയാന്‍ വേണ്ടിയാണോ സ്ക്വാഡ് പ്രഖ്യാപനം വൈകുന്നത് എന്ന് വ്യക്തമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]